ഭൂഗുരുത്വബലം കൂടിയ കേരളം | അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി എഴുതുന്നു
ഭൂഗുരുത്വബലം കൂടിയ കേരളം. Quarrying and Environment Management പഠിക്കാൻ മലേഷ്യയിൽ പോയപ്പോഴാണ് fly rock എന്ന പ്രതിഭാസത്തിന്റെ അപകടം നേരിൽ...
https://nilgirifoundation.blogspot.com/2020/08/blog-post_46.html
ഭൂഗുരുത്വബലം കൂടിയ കേരളം.
Quarrying and Environment Management പഠിക്കാൻ മലേഷ്യയിൽ പോയപ്പോഴാണ് fly rock എന്ന പ്രതിഭാസത്തിന്റെ അപകടം നേരിൽ കണ്ടത്. ബ്ലാസ്റ്റിംഗ് നടത്തുമ്പോൾ തെറിക്കുന്ന കല്ല് 600 മീറ്റർ ദൂരെ വരെ പോയി വീഴാം. ഒരു വീട് അപ്പാടെ നാമാവശേഷമായത് കാണിച്ച് പ്രൊഫസർ പറഞ്ഞു, ഫ്ലൈറോക്ക് സാധ്യതയാണ് ഖനനത്തിലെ ഏറ്റവും അപകടമുള്ള കാര്യം. അതിനാൽ അതീവ വിദഗ്ധരായ ആളുകൾ മാത്രമേ അത് ചെയ്യാവൂ എന്നുമാത്രമല്ല, വീടുകളിൽ നിന്ന് 500 മീറ്റർ ദൂരം പാലിക്കുന്നതാണ് സുരക്ഷയ്ക്ക് നല്ലത്.
കേരളത്തിലന്ന് ക്വാറികളുടെ സുരക്ഷാ ദൂരപരിധി 100 മീറ്ററാണ്. ഗുജറാത്ത്, കർണ്ണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഇത് 200 മീറ്ററാണ്. ആസാമിൽ 250 മീറ്റർ. Danger Zone ആയി കേന്ദ്രസർക്കാർ പറയുന്നത് 500 മീറ്ററാണ്. ഈ സർക്കാർ വന്നശേഷം അത് 50 മീറ്ററാക്കി. എന്താണ് അതിനുള്ള മാനദണ്ഡം? വല്ല പഠനവും നടന്നോ? ഇല്ല. പിന്നെങ്ങനെ 100 മീറ്റർ 50 ആയി?
കർണാടകയിൽ 200 മീറ്റർ തെറിക്കുന്ന കരിങ്കല്ല് കേരളാ അതിർത്തി കടന്നാൽ 50 മീറ്ററിൽ താഴെ വീഴുമോ? ഭൂഗുരുത്വ ആകർഷണം കേരളത്തിൽ 4 ഇരട്ടിയായാലേ അങ്ങനെ സംഭവിക്കൂ. സുരക്ഷാ നിയമങ്ങൾ ഉണ്ടാക്കുന്നതിൽ ശാസ്‌ത്രത്തിന് ഒരു പങ്കുമില്ല എന്നാണ് ഇടതുപക്ഷ സർക്കാരിന്റെ നിലപാടെങ്കിൽ ഗംഭീരമായി. ഇതിനിടയിലാണ് ദേശീയ ഹരിത ട്രിബ്യുണൽ 200 മീറ്റർ മിനിമം പരിധിയായി നിശ്ചയിച്ച വിധി പറഞ്ഞത്.
അതിനെ ചോദ്യം ചെയ്ത് കേരളാ സർക്കാർ അടുത്തയാഴ്ച റിട്ട് ഹരജി നൽകുന്നു എന്നാണ് ഇന്ന് കോടതിയെ അറിയിച്ചത്.
100 മീറ്റർ 50 ആക്കിയതിന്റെ ശാസ്ത്രീയ മാനദണ്ഡമെന്ത് എന്ന് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുമല്ലോ. അത് കാണാനാണ് ഞാൻ ആകാംഷയോടെ കാത്തിരിക്കുന്നത്.
ഭൂഗുരുത്വആകർഷണം 4 ഇരട്ടി കൂടിയ കേരളത്തെപ്പറ്റി ചില പഠനങ്ങൾ കണ്ടേക്കും. 
