ഏറെ വൈകി മാത്രം പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് ഉറക്കം വിട്ടുണരുന്ന ഒരു ജനതയാണ് കേരള സമൂഹം | അഷിൻ വനമുഖി എഴുതുന്നു

ഏറെ വൈകി മാത്രം പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് ഉറക്കം വിട്ടുണരുന്ന ഒരു ജനതയാണ് കേരള സമൂഹം. കേവലം വന സംരക്ഷണമെന്ന ആശയത്തിൽ മാത്രം ഒതുങ്ങി നിൽക...

ഏറെ വൈകി മാത്രം പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് ഉറക്കം വിട്ടുണരുന്ന ഒരു ജനതയാണ് കേരള സമൂഹം. കേവലം വന സംരക്ഷണമെന്ന ആശയത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ല നമ്മുടെ പാരിസ്ഥിതിക വീക്ഷണം. ഓർക്കണം. 20-ാം നൂറ്റാണ്ടിന്റെ അവസാന വേളകളിൽ അരങ്ങേറി വിജയം കണ്ട സൈലന്റ് വാലി സമരത്തെ. നമ്മൾ കേരളീയർ നടത്തിയ നിർണ്ണായകവും വിജയകരവും ചരിത്രപരവുമായ ഏക സമരം. ഐതിഹാസികമായ ഈ സമരത്തിനു ശേഷം പാലക്കാട് ജില്ലയിൽ തന്നെ നടന്ന കുടിവെള്ളമൂറ്റിന്റെ കഥ പറഞ്ഞ പ്ലാച്ചിമട ജനശ്രദ്ധയാകർഷിച്ച മറ്റൊരു സമരാങ്കണം. കൊക്കകോളയെന്ന ബഹുരാഷ്ട്ര കുത്തകയെ കെട്ടുകെട്ടിച്ച ആ ഗ്രാമീണ പോരാട്ടം പ്രതീകാത്മകമായി വൻ വിജയമവകാശപ്പെട്ടെങ്കിലും നമ്മുടെ പാരിസ്ഥിതിക മേഖലയ്ക്കോ ആ ഗ്രാമവാസികളുടെ സമഗ്ര ജീവിതാവസ്ഥയ്ക്കോ വലുതായ സംഭാവനയൊന്നും നൽകിയതായി പറയാനാവില്ല. പ്ലാച്ചിമട സമരത്തിൽ കേരളത്തിലെ പ്രമുഖ വ്യവസ്ഥാപിത പരിസ്ഥിതി പ്രവർത്തകരുടെ അഭാവവും ശ്രദ്ധേയമായിരുന്നു. 



സൈലന്റ് വാലി സമരം തോൽപ്പിച്ച അന്ധകാര ശക്തികൾ വെളിച്ചത്തിന്റെ വാഗ്ദാന പെരുമ പറഞ്ഞ് വീണ്ടും മുന്നോട്ട് വന്നു തുടങ്ങിയതിന്റെ പ്രതൃക്ഷലക്ഷണമാണ് അതിരപ്പിള്ളി ജലവൈദ്യുതിയുമായി ബന്ധപ്പെട്ട വിഷയം ഇപ്പോൾ സജീവ ചർച്ചാ വിഷയമായിരിക്കുന്നതിന്റെ പിന്നിൽ. അവർക്കിപ്പോഴും കാടും ജലവുമായി ബന്ധപ്പെട്ട ഊർജ്ജ വികസനത്തെ കുറിച്ച് മാത്രമെ ചിന്തയുള്ളു. ഇത്തരത്തിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാകൃത പദ്ധതികളുടെ പേരുമായി ഇടയ്ക്കിടെ രംഗത്ത് വരുന്നവർക്ക് ഒരേയൊരു ഗൂഢലക്ഷ്യമേയുള്ളു ഈ നിഷിപ്ത താൽപര്യക്കാർ ആദ്യമേ ചെയ്യുന്നതെന്തന്നാൽ വികസന പദ്ധതിയെന്ന വിഷവൃക്ഷത്തിന്റെ വിത്ത് എറിഞ്ഞു പോവുകയെന്നാണ്. ക്രമേണ അത് കിളിർത്ത് കുരുത്ത്. നിവർന്ന് വളരുമെന്നവർക്കറിയാം. ഗുജറാത്തിലെ സർക്കാർ സരോവർ എന്ന നർമ്മദ പദ്ധതി അൻപത് കൊല്ലമെടുത്താണ് രാഷ്ട്രീയ നിർമ്മാണ വനം ലോബി യാഥാർത്ഥ്യമാക്കിയതെന്നോർക്കണം. പദ്ധതിക്കെതിരെ വൻ പ്രക്ഷോഭം നടത്തിയ മേധാ പട്ക്കറിന് ഒടുവിൽ നിറകണ്ണുകളോടെ പിൻ മടങ്ങേണ്ടിവന്നുവെന്നത് ചരിത്രം. അതിരപ്പിള്ളി പദ്ധതിക്കായി സംസ്ഥാനത്തെ സർക്കാറുകൾ ഇടത് വലത് ഭേദമില്ലാതെ വാദിച്ചു. പദ്ധതിയെ കുറിച്ചു പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നിയുക്തമായ ഗാഡ്ഗിൽ കമ്മറ്റി പ്രതികൂലറിപ്പോർട്ട് ആണ് നൽകിയത്. കാരണം ഇത് സഹ്യന്റെ ഹൃദയമാണ്. ലോകത്തെ പന്ത്രണ്ടു ജൈവ വൈവിധ്യ മേഖലകളിൽ ഒന്നായ സഹ്യനിരയുടെ ഈ നീണ്ട ഭാഗം ഷോലക്കാടുകളുടെ സമൃദ്ധിപൂണ്ട ഭൂവിഭാഗമാണ്. അതിരപ്പിള്ളി ആ പൂങ്കാവനത്തിലേക്കുള്ള പ്രവേശനകവാടവും. വാഴച്ചാലിൽ നിന്നും മൂന്നാർ മേഖലയിലേക്കും, പറമ്പിക്കുളം ഭാഗത്തേക്കും നീളുന്ന നിബിഡ വനമേഖലയാണവിടം. അതിരപ്പിള്ളിയിൽ ഒരു അണക്കെട്ട് നിർമ്മിച്ചാൽ അതിന്റെ പ്രത്യാഘാതം അവിടെ മാത്രമൊതുങ്ങുമെന്ന പ്രചാരണം യുക്തിരഹിതമാണ്. ഏഷ്യയിലെ തന്നെ വിരളമായ ഘടനയുള്ള ചാലക്കുടി പുഴ ഇപ്പോഴത്തെ പോലെ ശാന്തമായൊഴുകുമെന്നതിനും തീർച്ചയില്ല ഗാഡ്ഗിൽ തന്റെ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വസ്തുനിഷ്ഠമായി എടുത്തു പറയുന്നുണ്ട്. ചാലക്കുടി പുഴയോരനിവാസികളെയും, കാടിന്റെ മക്കളായ ആദിവാസി സമൂഹത്തെയും ഈ പദ്ധതിയുടെ പേരിൽ ഏറെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇവർക്കാർക്കും ഈ പദ്ധതി സാക്ഷാൽക്കരിക്കപ്പെട്ടാലുള്ള പാരിസ്ഥിതിക വിപത്തിനെ പറ്റി ഒന്നും തന്നെ അറിഞ്ഞുകൂടാ. ഒരു തരത്തിലുള്ള പഠന റിപ്പോർട്ടും അവരിലെത്തിയിട്ടുമില്ല. ഡാം വന്നാൽ വിനോദ സഞ്ചാരം അഭിവൃദ്ധി പെടുമെന്നും അതുവഴി തങ്ങളുടെ തൊഴിൽ ക്ഷാമത്തിനും ജീവിത പുരോഗതിക്കും ഇടയാകുമെന്നുമാണ് ആദിവാസികളെയും, വനവാസികളെയും പറഞ്ഞു പ്രലോഭിപ്പിച്ച് പദ്ധതിക്കനുകൂലരാക്കി വച്ചിരിക്കുന്നത്. കാടർ വിഭാഗത്തിൽ പെട്ട 3600 ഓളം ആദിവാസികളാണ് ഈ വനവുമായി ബന്ധപ്പെട്ട് ജീവിതം നയിക്കുന്നത്. ഇവരൊക്കെ പലപ്പോഴായി പല കാരണങ്ങളുടെ പേരിൽ പലയിടത്തു നിന്നായി കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. ഇങ്ങനെ പശ്ചിമഘട്ട താഴ് വരകളിൽ നിന്നും കുടിയിറക്കപ്പെട്ടവരുടെ ബാഹുല്യമാണ് യഥാർത്ഥത്തിൽ ആദിവാസി ഭൂമി പ്രശ്നങ്ങളുടെ തായ് വേര്

(🌿 അഷിൻ വനമുഖി🌿)

Related

Protect Nature 5690733468865696556

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -