യാത്ര
യാത്ര ട്രെയിൻ പുറപ്പെടാൻ സമയമായി. അറ്റ വേനലാണെങ്കിലും, പതിവില്ലാതെ കാർമേഘങ്ങൾ മൂടിക്കെട്ടിയ ആകാശത്ത് സൂര്യൻ എങ്ങോ മറഞ്ഞിരുന്നു. ...
https://nilgirifoundation.blogspot.com/2018/05/blog-post.html
യാത്ര
ട്രെയിൻ പുറപ്പെടാൻ സമയമായി. അറ്റ വേനലാണെങ്കിലും, പതിവില്ലാതെ കാർമേഘങ്ങൾ മൂടിക്കെട്ടിയ ആകാശത്ത് സൂര്യൻ എങ്ങോ മറഞ്ഞിരുന്നു.
കൂടെക്കൂടെ ഇതുപോലെ ട്രെയിനിൽ യാത്ര ചെയ്യുന്നതല്ലേ...., പതിവിനു വിപരീതമായി ഈ യാത്ര വല്ലാതെ അസ്വസ്ഥനാക്കുന്നത് എന്ത് കൊണ്ടാണ്..?
ഈ ചോദ്യം അവന്റെ മനസ്സിനെ അലട്ടിക്കൊണ്ടേയിരുന്നു.
അവനോർത്തൂ....സന്ധ്യ മയങ്ങിയാൽ വീട്ടിനുള്ളിൽ അനുഭവപ്പെടുന്ന വീർപ്പുമുട്ടലും നാടിനോട് തോന്നിയ വികർഷണവും ദൂരെയൊരു യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ ലഭിച്ച അവസരത്തിന് മാറ്റുകൂട്ടി. അത് ശരിക്കും ഒരു നാടുവിടലായിരുന്നു. നാടും വീടും വിട്ട് ഒളിച്ചോടിപ്പോവുന്ന ഒരുവന്റെ ആശ്വാസമായിരുന്നു അവന്റെ യൂണിവേഴ്സിറ്റിയിലേക്കുള്ള ആദ്യ യാത്രയ്ക്ക്.
ആ യാത്രയ്ക്കിടയിൽ അവൻ ഡയറിയിൽ ഇങ്ങനെ കുറിച്ചു.
" എന്റെ ഹൃദയത്തിൽ വലിഞ്ഞു മുറുകിയ
മുള്ളു വേലിയൊന്നയച്ചാലും
എന്റെ സ്വപ്നങ്ങളെ കാറ്റിനെപ്പോലെ
സ്വതന്ത്ര്യനാക്കിയാലും "
അവന്റെ മോഹം സഫലമായി.
മാറി മാറി വരുന്ന പുലരികളിൽ പക്ഷികളെയും മദ്ധ്യാഹ്നത്തിൽ പൂമ്പാറ്റകളെയും പിന്നെ പൂനിലാവിലും കൂരിരുട്ടിലും ഇഴജന്തുക്കളെയും തേടി അവനിറങ്ങി. പിന്നെ അതെല്ലാം ഒരു ഹരമായി. ആ ഹരം തന്ന ഊർജ്ജം അവന്റെ ചേതനകളെ ഉണർത്തി. തന്റെ ഒഴുക്കിനെ തടഞ്ഞു നിർത്തിയ വേദനിപ്പിക്കുന്ന ഓർമ്മകളെ തകർത്ത് എറിഞ്ഞു കൊണ്ട് അവൻ വീണ്ടും ഒഴുകിത്തുടങ്ങി. ആ ഒഴുക്കിനെ വേഗം കുറഞ്ഞപ്പോഴെല്ലാം അവൻ ഓരോരോ യാത്രക്കൊരുങ്ങി . ഈ ചുരുങ്ങിയ കാലം കൊണ്ട് പരമാവധി കഴിയുന്നിടത്തെല്ലാം അവൻ കറങ്ങി.
വെള്ളച്ചാട്ടത്തിനു കീഴിലെ തണുത്ത് പതയുന്ന വെള്ളത്തിൽ കുളിച്ചുകഴിഞ്ഞാൽ കിട്ടുന്ന ഉന്മേഷം ഓരോ യാത്രയും അവന് സമ്മാനിച്ചു.
ട്രെയിൻ ചലിച്ചു തുടങ്ങിയിരുന്നു. മെല്ലെ മെല്ലെ അത് പോണ്ടിച്ചേരി പിന്നിട്ടു. ഇപ്പോൾ കുതിച്ചു പായാൻ തുടങ്ങിയിരിക്കുന്നു. വയലുകൾ താണ്ടി അങ്ങിങ്ങായി കുറ്റിച്ചെടികളുള്ള തരിശുഭൂമിയിലൂടെ അത് അതിവേഗം പാഞ്ഞു.
സന്ധ്യയായതിന്റെ അടയാളങ്ങൾ ആകാശത്തും ഭൂമിയിലും നിഴലിച്ചു കണ്ടു. സന്ധ്യ..., വികാരങ്ങളെ അതിന്റെ പരിപൂർണ്ണ മൂർച്ചയിലെത്തിക്കും. ഈ സന്ധ്യ അവനെ ഏറെയേറെ അസ്വസ്ഥനാക്കി.
ആ ക്യാമ്പസും , ക്യാമ്പസിലുള്ളിലെ കാടും പുലർകാല വേളയിലെ നടത്തവും മാർച്ച് മാസാരംഭത്തിൽ വാകപ്പൂക്കൾ തീർക്കുന്ന വിസമയവും.., അത് മഞ്ഞപ്പട്ടു വിരിച്ച വഴിയോരങ്ങളും നഷ്ടമാവുമല്ലോ എന്നോർത്ത് അവൻ വേദനിച്ചു തുടങ്ങിയിരുന്നു. ആ പൂമരം ഓരോ പൂവും പൊഴിക്കവേ പതിയെ പതിയെ തന്റെ സ്വപ്നങ്ങളുടെ അവസാനത്തെ പീലിയും കൊഴിഞ്ഞു പോയേക്കുമോ എന്ന ഭയവും അവന്റെ ഉള്ളിൽ ഉടലെടുത്തു കഴിഞ്ഞിരുന്നു.
പക്ഷേ അതിനേക്കാളുപരി ഓർമ്മകളുടെ മുള്ളുവേലിയണിഞ്ഞ് സ്വീകരിക്കാൻ കാത്തു നിൽക്കുന്ന തന്റെ നാട് അവനെ ഏറെ അസ്വസ്ഥനാക്കുന്നു. തന്നെ മുറുക്കാൻ കാത്തു നിൽക്കുന്ന കണ്ണികളെ മറികടന്ന് അവന്റെ സ്വപ്ന വിഹായസ്സിലേക്ക് പറക്കാൻ അവൻ മോഹിച്ചു.
എമർജൻസി വിന്റോയിലൂടെ അവൻ പുറത്തേക്ക് ദൃഷ്ടി പായിച്ചു.
സൂര്യന്റെ തിരി താഴുന്നു. മരങ്ങളെല്ലാം നിഴലായ് മാറുന്നു. കൂകി പായുന്ന തീവണ്ടിയുടെ ഒച്ചയുടെ താളത്തിൽ അവന്റെ ചിന്തകളും ചലിച്ചു കൊണ്ടേയിരുന്നു.

Ithil njan ningalethanneyanu kandath.
ReplyDelete