കരച്ചിൽ സമരം
കരച്ചിൽ സമരം വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ തീരെ തല്ലാത്ത അവരുടെ പ്രിയപ്പെട്ട അധ്യാപകൻ പെട്ടെന്നൊരു ദിവസം തല്ലുമ്പോൾ വിദ്യാർത...
https://nilgirifoundation.blogspot.com/2018/07/blog-post.html
കരച്ചിൽ സമരം
വിദ്യാർത്ഥികളുടെ കണ്ണിലുണ്ണിയായ തീരെ തല്ലാത്ത അവരുടെ പ്രിയപ്പെട്ട അധ്യാപകൻ പെട്ടെന്നൊരു ദിവസം തല്ലുമ്പോൾ വിദ്യാർത്ഥികളുടെ പ്രതികരണം എങ്ങനെയായിരിക്കും...? അതും മൂപ്പെത്താത്ത ഒരു അധ്യാപകൻ തീരെ മൂപ്പെത്താത്ത നാലാം ക്ലാസ്സിലെ കൊച്ചു പിള്ളേരെയാണെങ്കിലോ..?
മിഡ് ടേം എക്സാം നടന്നു കൊണ്ടിരിക്കുന്നതിനിടയിലൊരു ദിവസമാണ് സംഭവം അരങ്ങേറുന്നത്. രണ്ട് വിഷയങ്ങളുടെ പരീക്ഷ ഉള്ള ദിവസമായതിനാൽ ക്ലാസ്സ് ടീച്ചറിന് അതായത് എനിക്ക് കുട്ടികളോട് അൽപം അനുകമ്പ തോന്നി പരീക്ഷക്ക് പഠിക്കാൻ ആ പിരിയഡ് ഞാൻ വിട്ട് കൊടുത്തു. ഞാൻ പുസ്കതം കറക്ട് ചെയ്യുന്ന തിരക്കിലും മുഴുകി.പിള്ളേരുണ്ടോ മിണ്ടാതെ ഒതുങ്ങിയിരിക്കുന്നു.?വീണു കിട്ടിയ സമയം മുതലെടുത്ത് അവർ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് സംസാരിക്കാൻ തുടങ്ങി.
തൊട്ട് അപ്പുറത്തും ഇപ്പുറത്തുമുള്ള ക്ലാസ്സുകളിൽ നല്ല തകൃതിയായി പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്.പരീക്ഷ എഴുതുന്ന മറ്റു കുട്ടികൾക്ക് ശല്യമാവരുതല്ലോ എന്ന് കരുതി ലീഡറോട് പഠിക്കുന്നതിനോടൊപ്പം സംസാരിക്കുന്നവരുടെ പേര് എഴുതാൻ നിർദേശം കൊടുത്ത് ഞാൻ സ്റ്റാഫ് റൂമിൽ പോയി.
അൽപ നേരം കഴിഞ്ഞപ്പോ ലീഡർ രണ്ടാളുടെ പേരെഴുതി എനിക്ക് കൊണ്ട് തന്നു. അതിൽ ഒരു ആൺകുട്ടിയുടെ പേരും ഒരു പെൺകുട്ടിയുടെ പേരുമായിരുന്നു. ആദ്യം ആൺകുട്ടിയുടെ കയ്യിൽ ഒരു സമ്മാനം കൊടുത്തു. ഒരസ്സൽ ചൂരൽ കഷായം. പെൺകുട്ടിക്കും കൊടുത്തു ഒന്ന്.പെൺകുട്ടിയായതിനാൽ ഒരൽപം ഊക്കു കുറച്ചാണ് കൊടുത്തത്. അത് ആദ്യം ചൂരൽ കഷായം ലഭിച്ച മഹാന്റെ ശ്രദ്ധയിൽ പെട്ടു.
" മാഷെ മാഷ് ന്നെ നല്ല ഊക്കോടെ തല്യേ ലോ..?അവൾടെ കയ്യിൽ മെല്ലെ
തൊട്ടേളളൂ .., "
പരാതിയിൽ കഴമ്പുണ്ട്.ഉത്തരം മുട്ടിയ ഞാൻ ,ഇത്തവണ ഇങ്ങനെ പോട്ടെ, ഇനി സംസാരിച്ചാൽ എല്ലാർക്കും നല്ല ഊക്കോടെ കിട്ടുമെന്ന് മുന്നറിയിപ്പു നൽകി.
കുറച്ച് നേരത്തേക്ക് പിന്നെ ആരും സംസാരിച്ചില്ല. ആ "കുറച്ച് " നേരം കഴിഞ്ഞപ്പോൾ പിന്നെയും തുടങ്ങി പിള്ളേർ. ക്ലാസ് റൂമിൽ നല്ല ചൂടുള്ള സംസാരം,ചർച്ച,എന്നു വേണ്ട സകല കലാപരിപാടികളും നടന്നുകൊണ്ടിരുന്നു. ഒരു ഇരുപത് മിനുട്ട് കഴിഞ്ഞു കാണും, ഇത്തവണ സംസാരിച്ചവരുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്.എന്റെ മുന്നറിയിപ്പിനെ നിസ്സാരമാക്കി തള്ളിയ ദേശ്യത്തിൽ ലിസ്റ്റിലെ ആദ്യത്തെ ആൾക്ക് നല്ല ഊക്കോടെ തന്നെ കൊടുത്തു.അതൊരു പെൺകുട്ടിയായിരുന്നു.അവൾക്ക് നന്നായി വേദനിച്ചെന്നു തോന്നുന്നു.അവൾ കരഞ്ഞുകൊണ്ട് ഡെസ്കിൽ തല വെച്ചു കിടന്നു. അതു കണ്ടപ്പോൾ ന്റെ മനസലിഞ്ഞു. ഞാനവളെ സമാധാനിപ്പിച്ച് കരച്ചിൽ എങ്ങനെയൊക്കെയോ നിർത്തി.
ലിസ്റ്റിലുള്ള ഒരാൾക്ക് കൊടുത്തതു കൊണ്ട് പക്ഷഭേദമില്ലാതെ എല്ലാവർക്കും കൊടുക്കണമല്ലോ..,? അതു കൊണ്ട് ഊക്കു കുറച്ച് പതുക്കെ എല്ലാവർക്കും കൊടുത്തു സമ്മാനം. ആൺ കുട്ടികളൊക്കെ ഹാപ്പിയായി. ചിലർ പറഞ്ഞു.
" അയ്യേ..., തീരെ വേദനയില്ല."
മനസംതൃപ്തിയോടെ ഞാൻ തിരികെ സീറ്റിൽ പോയി ഇരുന്നു.
നോക്കുമ്പോഴതാ അടി കൊണ്ട പെൺകുട്ടികളെല്ലാം ഡെസ്കിൽ തല വെച്ച് കിടക്കുന്നു. മുൻ ബെഞ്ചിലിരിക്കുന്ന ഒരു പെൺകുട്ടി പറഞ്ഞു.
" മാഷെ.., മാഷെ..., മാഷ് തല്ലിയിട്ടാ അവരൊക്കെ കരയുന്നത്."
ഇതെങ്ങനെ സംഭവിച്ചു..? ചൂരൽ ചെറുതായൊന്ന് കയ്യിൽ വെച്ചു കൊടുത്തല്ലേ ഉള്ളൂ.., അതിത്രയും വേദനിക്കുമോ.? ഞാനെന്റെ കൈവളളയിൽ തല്ലി പരീക്ഷണം നടത്തി നോക്കി.
'' ഏയ്.., അത്ര വേദനിക്കാൻ മാത്രം ഒന്നുമല്ലല്ലോ...? "
എന്നിട്ടും എനിക്ക് സമാധാനമില്ല . ഞാനവരുടെ അടുത്ത് പോയി എഴുന്നേൽക്കാൻ പറഞ്ഞു. ആരും എഴുന്നേൽക്കുന്നില്ല. അവസാനം കഷ്ടപ്പെട്ട് ഒരാളുടെ തല പൊക്കി നോക്കി. ശരിയാണ്. കണ്ണിലൂടെ കുടാകുടാന്ന് വെള്ളം ഒലിച്ചിട്ടുണ്ട്. എനിക്ക് വീണ്ടും സങ്കടമായി. ഞാൻ അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴതാ ബെല്ലടിച്ചു.
ടിൻ ടിൻ ടിം.......,
നിരാശയോടെ ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി.
സംഭവങ്ങൾ ഇവിടം കൊണ്ട് തീർന്നില്ല.
ഇന്റർവെല്ലിനും ലഞ്ച് ബ്രേക്കിനുമൊക്കെ ഞാൻ തല്ലിയ പെൺകുട്ടികൾ എന്റെ മുന്നിലൂടെ നടന്നു പോയി.ഒരാൾ പോലും എന്നെ നോക്കുന്നില്ല.മനപ്പൂർവ്വം എതിർ ദിശയിലേക്ക് മുഖം തിരിച്ച് കൊണ്ട് നടന്നു പോകുന്നു.കാര്യമെന്തെന്നറിയാൻ അതിലൊരാളെ ഞാൻ പേരെടുത്ത് വിളിച്ചു.അവളെന്നെ നോക്കി ചെറുവിരൽ എന്റെ നേരെ ഉയർത്തി കൊണ്ട് പറഞ്ഞു.
" കായ"
എനിക്കൊന്നും മനസിലായില്ല.സമയം പിന്നെയും കടന്നു പോയി. ഉച്ചയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഇന്റർവെൽ ആയി.എന്റെ ക്ലാസിലെ പഠിക്കാൻ മിടുക്കിയ ഒരു പെൺകുട്ടി അപ്പോൾ എന്റെ അടുത്തു വന്നു പറഞ്ഞു.
" മാഷേ ...,അവരുണ്ടല്ലോ...., കള്ളക്കരച്ചിലാ...,വാട്ടർ ബോട്ടിലിൽ നിന്ന് കണ്ണിലു വെള്ളാക്കീരിക്ക്യാ...,അവരി നാ മാഷിനോട് മിണ്ടൂലാ ന്നാ പറയുന്നത്."
ആഹാ...,അത്രക്കായോ..,എന്റെ ലോലമനസിനെ അവർ ചൂഷണം ചെയ്യുകയാണെന്നെനിക്ക് മനസിലായി. ഞാനവളോട് കരയുന്നവരുടെ ആരുടെയെങ്കിലും വാട്ടർബോട്ടിലെടുത്ത് കൊണ്ട് വരാൻ ആവശ്യപ്പെട്ടു.അവൾ എനിക്ക് കൂട്ടത്തിൽ മൂത്ത കരച്ചിലുകാരിയുടെ തന്നെ ബോട്ടിൽ കൊണ്ടുവന്നു തന്നു.അവളെ ക്ലാസിലേക്ക് പറഞ്ഞയച്ച് വാട്ടർബോട്ടിലുമായി ഞാനും പിന്നാലെ പോയി.
ക്ലാസ്സിൽ കയറുന്നതിനു മുൻപ് കണ്ണിൽ അൽപം വെള്ളമൊഴിച്ചു. എന്നിട്ട് ആരെയും നോക്കാതെ നേരെ പോയി വാട്ടർ ബോട്ടിൽ മേശയിൽ വെച്ചു. എന്നിട്ട് മേശമേൽ തല വെച്ച് കിടന്നു.
" മാഷ് കരയാലോ....,"
കൂട്ടത്തിൽ നിന്ന് ആൺകുട്ടികളാരോ വിളിച്ചു പറയുന്നത് ഞാൻ കേട്ടു. പക്ഷേ ഞാൻ തലയുയർത്തിയില്ല. അങ്ങനെ തന്നെ കിടന്നു. കുറച്ച് നേരം അവിടം നിശബ്ദമായി. എന്നെ പറ്റിച്ച പെൺകുട്ടികളെല്ലാം എന്റെ അടുത്ത് വന്നു നിന്നു. അതിലൊരാൾ പണിപ്പെട്ട് എന്റെ തല പിടിച്ച് പൊന്തിച്ചു നോക്കി. എന്റെ കണ്ണിലൂടെ കുടെ കുടാ ന് വെള്ളമൊഴുകുന്നത് കണ്ട് അവരെല്ലാവരും പൊട്ടിച്ചിരിച്ചു.
"അല്ല പിന്നെ ..., മാഷിനോടാ പിള്ളാരുടെ കളി. "
" മാഷ് കരയാലോ....,"
കൂട്ടത്തിൽ നിന്ന് ആൺകുട്ടികളാരോ വിളിച്ചു പറയുന്നത് ഞാൻ കേട്ടു. പക്ഷേ ഞാൻ തലയുയർത്തിയില്ല. അങ്ങനെ തന്നെ കിടന്നു. കുറച്ച് നേരം അവിടം നിശബ്ദമായി. എന്നെ പറ്റിച്ച പെൺകുട്ടികളെല്ലാം എന്റെ അടുത്ത് വന്നു നിന്നു. അതിലൊരാൾ പണിപ്പെട്ട് എന്റെ തല പിടിച്ച് പൊന്തിച്ചു നോക്കി. എന്റെ കണ്ണിലൂടെ കുടെ കുടാ ന് വെള്ളമൊഴുകുന്നത് കണ്ട് അവരെല്ലാവരും പൊട്ടിച്ചിരിച്ചു.
"അല്ല പിന്നെ ..., മാഷിനോടാ പിള്ളാരുടെ കളി. "

Jabikkaa great story
ReplyDelete