മനുഷ്യന്റെ ഭൂമുഖത്തെ ഭാവിയെ സംബന്ധിച്ച് അത്ര സുഖകരമായ മുന്നറിയിപ്പുകളല്ല I കെ സഹദേവൻ എഴുതുന്നു
👆ഐപിസിസി ആറാമത് അസ്സസ്മെന്റ് റിപ്പോർട്ട് പുറത്തുവിട്ടു ---------------- ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) ആറാമത് അസസ്സ്മ...
👆ഐപിസിസി ആറാമത് അസ്സസ്മെന്റ് റിപ്പോർട്ട് പുറത്തുവിട്ടു
----------------
ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) ആറാമത് അസസ്സ്മെന്റ് റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടു. 14,000ത്തിലധികം പഠനങ്ങളെ അടിസ്ഥാനമാക്കി 195 രാജ്യങ്ങളുടെ അനുമതിയോടെ തയ്യാറാക്കപ്പെട്ട ഏതാണ്ട് 4000ത്തോളം പേജുകൾ വരുന്ന AR6 റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം മനുഷ്യന്റെ ഭൂമുഖത്തെ ഭാവിയെ സംബന്ധിച്ച് അത്ര സുഖകരമായ മുന്നറിയിപ്പുകളല്ല നൽകുന്നത്. ഫോസിൽ ഇന്ധന ഉപയോഗത്തിൽ ആവശ്യമായ വെട്ടിക്കുറവുകൾ വരുത്താൻ ആഗോള ഭരണകൂടങ്ങൾ നാളിതുവരെ തയ്യാറാകാഞ്ഞതിന്റെ കെടുതികൾ മനുഷ്യവംശം അനുഭവിച്ചേ മതിയാകൂ. കഴിഞ്ഞ ഒരു ലക്ഷം വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയിലേക്ക് നാം കടന്നുകഴിഞ്ഞിരിക്കുന്നു. ഇതര സമുദ്ര മേഖലകളേക്കാൾ ഉപരിയായി ഇന്ത്യൻ സമുദ്രോപരിതല താപം ഉയരുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ആവൃത്തികൾ വർദ്ധിക്കുന്നത് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അറബിക്കടലിലെ ചൂഴലിക്കൊടുങ്കാറ്റുകളുടെ എണ്ണത്തിൽ 50% കണ്ട് വർദ്ധനവ് സംഭവിച്ചുവെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ തെളിവുകൾ നൽകുന്നു.
താപനിലയിലെ വർദ്ധനവ്, മഞ്ഞുരുകലിനും അതുവഴി സമുദ്ര നിരപ്പിന്റെ വർദ്ധനവിനും കാരണമാകുമെന്ന് കൂടുതൽ സുവ്യക്തമായ മോഡലുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2100 ആകുമ്പോഴേക്കും സമുദ്ര നിരപ്പിന്റെ വർദ്ധനവ് 40 സെന്റീമീറ്റർ മുതൽ 1 മീറ്റർ വർദ്ധിക്കുവാനുള്ള സാധ്യതയാണ് ഇവ മുന്നോട്ടുവെക്കുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇത് കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
ഉയരുന്ന അന്തരീക്ഷ താപത്തിന് അനുസൃതമായി സമുദ്രജലം താപആഗിരണം നടത്തുന്നത്, സമുദ്രത്തിന്റെ അമ്ലീകരണം വർദ്ധിപ്പിക്കുമെന്നും സമുദ്ര ആവാസവ്യവസ്ഥ തകരാനുള്ള സാധ്യതകൾ ഉയരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു..
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ മനുഷ്യ ജന്യ ഘടകങ്ങളെ കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കുന്നുണ്ട് ഈ റിപ്പോർട്ടിൽ. കഴിഞ്ഞ 20 ലക്ഷം വർഷത്തിനിടയിൽ സംഭവിക്കാത്തത്രയും ഉയർന്ന തോതിൽ അന്തരീക്ഷ കാർബണിൽ വർദ്ധനവ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ മനുഷ്യൻ സംഭാവന ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
K. Sahadevan
