പൂയംകുട്ടി വനാന്തരത്തില്‍ അപൂര്‍വ്വ പോരാട്ടം,കടുവയും ആനയും ജീവനറ്റ നിലയിൽ
കോതമംഗലം: പൂയംകുട്ടി വനമേഖലയില്‍ കടുവയും ആനയും ഏറ്റുമുട്ടി. ഇടമലയാര്‍-പൂയംകുട്ടി വനാന്തരത്തില്‍ വാരിയം ആദിവാസി ഊരില്‍ നിന്ന് നാലു കിലോമീറ്...
കോതമംഗലം: പൂയംകുട്ടി വനമേഖലയില്‍ കടുവയും ആനയും ഏറ്റുമുട്ടി. ഇടമലയാര്‍-പൂയംകുട്ടി വനാന്തരത്തില്‍ വാരിയം ആദിവാസി ഊരില്‍ നിന്ന് നാലു കിലോമീറ്ററോളം അകലെ കൊളുത്തിപെട്ടി ഭാഗത്തെ പുല്‍മേടില്‍ ആനയും കടുവയും ചത്ത നിലയില്‍ കണ്ടെത്തിയതോടെയാണ് അപൂര്‍വ ഏറ്റുമുട്ടല്‍ എന്ന നിഗമനം. പരസ്പരം ഏറ്റുമുട്ടി ഗുരുതര പരിക്കേറ്റാണ് ആനയും കടുവയും ചത്തതെന്നാണു പ്രാഥമിക നിഗമനം.
പതിവ് പരിശോധനയ്ക്കായി വനംവകുപ്പ് ഔട്ട് പോസ്റ്റിലെ വനപാലകരാണ് ജഡങ്ങള്‍ കണ്ടത്. മോഴയിനത്തില്‍പ്പെട്ട 15 വയസ്സ് കണക്കാക്കുന്ന ആനയും ഏഴു വയസ്സോളം പ്രായമുള്ള കടുവയെയുമാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. ജഡങ്ങള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നു വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സംഭവം അറിഞ്ഞതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ മലയാറ്റൂര്‍ ഡി.എഫ്.ഒ. രവികുമാര്‍ മീണ, ഇടമലയാര്‍ റേഞ്ച് ഓഫീസര്‍ പി.എസ്. നിധിന്‍, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍മാരായ ഡേവിഡ്, അനുമോദ്, വനപാലകരായ ഷിജുമോന്‍, സിയാദ്, അജു, സാദിഖ് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തേക്ക് തിരിച്ചു. ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ജഡങ്ങള്‍ സംസ്‌കരിക്കും.
പത്ത് വര്‍ഷം മുമ്പ് സൈലന്റ് വാലി വനപ്രദേശത്ത് സമാനമായ ആക്രമണം ഉണ്ടായിരുന്നു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ അന്ന് ദൃശ്യങ്ങള്‍ പതിയുകയും ചെയ്തിരുന്നു. ആനകളെ അക്രമിക്കാന്‍ മുതിരുന്ന ഏക മൃഗമാണ് കടുവ. എന്നാലും ഇവതമ്മില്‍ ഏറ്റുമുട്ടുന്നത് അപൂര്‍വ്വമാണ്. മുതിര്‍ന്ന ആനകളെ ഒഴിവാക്കി കുട്ടിയാനകളെ പിന്തുടരാറും മറ്റുമുണ്ടെന്നാണ് വിദഗ്ദ്ധരുടെ നിലപാട്
