മീനുകളെ പരിശോധിച്ച ഗവേഷകർ ഞെട്ടി; നമ്മളാണീ ക്രൂരത അവയോടു ചെയ്യുന്നത്! റോസമ്മ ചാക്കോ എഴുതുന്നു
വീടിനു സമീപത്തെ തോട്ടിറമ്പുകളിൽ പോലും പ്ലാസ്റ്റിക് മാലിന്യം അശ്രദ്ധമായി വലിച്ചെറിയുമ്പോൾ ഓർക്കുക, ചെറുമീനുകൾ വരെ അപകടത്തിലാണ് കായൽ മത്സ്യങ...
വീടിനു സമീപത്തെ തോട്ടിറമ്പുകളിൽ പോലും പ്ലാസ്റ്റിക് മാലിന്യം അശ്രദ്ധമായി വലിച്ചെറിയുമ്പോൾ ഓർക്കുക, ചെറുമീനുകൾ വരെ അപകടത്തിലാണ്
കായൽ മത്സ്യങ്ങളിൽ പ്ലാസ്റ്റിക് സൂക്ഷ്മ കണങ്ങളുടെ വ്യാപക സാന്നിധ്യമുള്ളതായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ പഠനങ്ങൾ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നേരത്തേതന്നെ പഠനങ്ങൾ നടത്തി കടൽ മത്സ്യത്തിന്റെ വയറ്റിലും പ്ലാസ്റ്റിക് നാരുകൾ കണ്ടെത്തിയിരുന്നു.
ജല ഭക്ഷ്യ ശൃംഖലയുടെ ഭാഗമായി പ്ലാസ്റ്റിക് ഉൾപ്പെടുന്നതിന്റെ പ്രത്യാഘാതം എന്താണ്? മത്സ്യം കഴിക്കുന്ന മനുഷ്യനിലും മറ്റു ജീവജാലങ്ങളിലും അതിന്റെ പ്രത്യാഘാതം അറിയാൻ തുടർപഠനം ആവശ്യമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. അതെക്കുറിച്ചു പഠനങ്ങൾ തുടരട്ടെ. പക്ഷേ, ഒന്നോർക്കാം– കരയും കടലും, കാടും മേടും നിറയുന്ന പ്ലാസ്റ്റിക് മലിനീകരണ വിപത്തിന്റെ പ്രധാന കാരണം മനുഷ്യന്റെ അശ്രദ്ധയാണ്. ജലാശയങ്ങളിലേക്കു പ്ലാസ്റ്റിക് വലിച്ചെറിയുന്ന ഓരോ മനുഷ്യനും അതോർത്ത് പിന്മാറിയാൽ മാറ്റം ഉറപ്പ്.
കായൽ മത്സ്യങ്ങളിൽ മൈക്രോ പ്ലാസ്റ്റിക്
വേമ്പനാട്ടു കായലിന്റെ കൊച്ചി നഗര മേഖലകളിൽനിന്നു പിടിച്ച കരിമീൻ, കൂരി, പള്ളത്തി, കക്ക സാംപിളുകളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ പ്ലാസ്റ്റിക് സൂക്ഷ്മ കണികകൾ (മൈക്രോ പ്ലാസ്റ്റിക്) വൻതോതിൽ കണ്ടെത്തി. ഡോ. കെ. യു. അബ്ദുൽ ജലീൽ, ഡോ. പി. കെ. ദിനേശ്കുമാർ, നിക്കി രാമചന്ദ്രൻ, എസ്. രാഗേഷ്, ഷിനി ഷാജി, ഡോ. മഹുവ സാഹ എന്നിവരാണു പഠനം നടത്തിയത്. കരിമീൻ, കൂരി, പള്ളത്തി എന്നിവയുടെ കുടൽ, ചെകിള ഭാഗങ്ങളിലും കക്കയിൽ കുടലിനു പുറമേ ശരീരഭാഗങ്ങളിൽ പറ്റിപ്പിടിച്ച നിലയിലുമായിരുന്നു മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം. മത്സ്യ പ്രജനനത്തെയും അതുവഴി കായലിലെയും കടലിലെയും മത്സ്യ സമ്പത്തിന്റെ നിലനിൽപിനെയും ഇതു ബാധിക്കുമെന്നാണു വിലയിരുത്തൽ.
കണ്ടെത്തൽ, സൂചനകൾ
microplastics-found-in-marine-life-off-kerala
ഓരു ജലത്തിൽ വ്യാപകമായുള്ളതും വർഷം മുഴുവൻ പിടികൂടുന്നതുമായ ഇനങ്ങളിലായിരുന്നു പഠനം. വേമ്പനാട്ടു കായലിൽനിന്നു മാത്രം പ്രതിവർഷം 25,000 ടൺ കക്ക വാരുന്നുണ്ടെന്നാണു കണക്ക്. കായലിന്റെ അടിത്തട്ടിൽ വളരുന്ന ഈ ഇനങ്ങൾ ഭക്ഷ്യവസ്തുക്കളെന്നു തെറ്റിദ്ധരിച്ചാകാം, പ്ലാസ്റ്റിക് അകത്താക്കുന്നത്. വേമ്പനാട്ടു കായൽ അത്രത്തോളം പ്ലാസ്റ്റിക് മാലിന്യത്തിന്റെ പിടിയിലായെന്നു വ്യക്തം.
ക്ലോറിനേറ്റഡ് പോളി വിനൈൽ ക്ലോറൈഡ്, പോളി എതിലിൻ, പോളി പ്രൊപിലിൻ, പോളിഎസ്റ്റർ എന്നിവയുടെ അംശമാണു പ്രധാനമായി കണ്ടെത്തിയിട്ടുള്ളത്. മത്സ്യബന്ധനത്തിനും പാക്കിങ്ങിനും മറ്റു നിത്യോപയോഗ ആവശ്യങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്ന പോളിമർ ഇനങ്ങളാണിവ. 0.04 മില്ലി മീറ്റർ മുതൽ 1.5 മില്ലിമീറ്റർ വരെ വലുപ്പമുള്ള മൈക്രോ പ്ലാസ്റ്റിക് അംശമാണ് ഏറെയും. കായൽ ജലത്തിന്റെ സാംപിളുകളിൽ സുതാര്യമായ പ്ലാസ്റ്റിക് കണികകളും മത്സ്യം, കക്ക സാംപിളുകളിൽ കറുപ്പ്, ചുവപ്പ്, നീല നിറങ്ങളിലുള്ള കണികകളുമായിരുന്നു കൂടുതൽ.
സൗന്ദര്യ വർധക വസ്തുക്കൾ, ടൂത്ത് പേസ്റ്റ്, ഡിറ്റർജന്റ്, ക്ലീനിങ് ഏജന്റ് എന്നിവയിലൂടെ പ്രൈമറി മൈക്രോ പ്ലാസ്റ്റിക് ജലാശയത്തിലെത്താം. ഓക്സിഡേഷൻ, അൾട്രാ വയലറ്റ് റേഡിയേഷൻ എന്നിവയുടെ ഫലമായും കാലാവസ്ഥാ മാറ്റങ്ങളിലും പ്ലാസ്റ്റിക് പൊടിഞ്ഞ് മൈക്രോ പ്ലാസ്റ്റിക് ആയി അക്വാട്ടിക് ഭക്ഷ്യ ശൃംഖലയുടെ ഭാഗമാകും. ഇത്തരം പൊടിഞ്ഞ പ്ലാസ്റ്റിക് കണികകളാണു സെക്കൻഡറി മൈക്രോ പ്ലാസ്റ്റിക്.
കടലിലും കടൽ മീനിലും പ്ലാസ്റ്റിക്
കടലിൽ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം, കടലിന്റെ അടിത്തട്ടിലും നാം കഴിക്കുന്ന സാധാരണ മീൻ ഇനങ്ങളായ മത്തിയിലും അയലയിലും വരെ പ്ലാസ്റ്റിക് സാന്നിധ്യം ഉണ്ടെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നേരത്തേതന്നെ ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. മത്തി, അയല, നത്തോലി തുടങ്ങിയ ചെറുമീനുകൾക്കു കടലിൽ ഭക്ഷണം കുറഞ്ഞുവരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2014ലാണു സിഎംഎഫ്ആർഐ കേരളതീരത്ത് ആദ്യപഠനം നടത്തിയത്.
മീനുകൾ എന്തെല്ലാമാണു കഴിക്കുന്നതെന്നു കണ്ടെത്താൻ ആമാശയം പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് നാരുകൾ കണ്ടെത്തിയത്. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വി. കൃപയുടെ നേതൃത്വത്തിലായിരുന്നു അന്നു പഠനം. തുടർന്നു പ്ലാസ്റ്റിക് സാന്നിധ്യം എത്രത്തോളമുണ്ടെന്നു കണ്ടെത്താൻ കെസിയ ജെയിംസിന്റെ നേതൃത്വത്തിൽ മറ്റൊരു ഗവേഷണവും നടത്തി. 2018–19 വർഷത്തിലാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. ഫോർട്ട്കൊച്ചി തീരത്തുനിന്ന് 15 കിലോമീറ്റർ പരിധിയിലെ 20 മീറ്റർ ആഴത്തിൽ നടത്തിയ പരിശോധനയിൽ, പ്ലാസ്റ്റിക് മാലിന്യം കടലിന്റെ അടിത്തട്ടിൽ വ്യാപകമാണെന്നും കണ്ടെത്തിയിരുന്നു.
കാരണം, പരിഹാരം?
വിവേചന രഹിതമായ ഉപയോഗവും ഉപയോഗ ശേഷമുള്ള അലക്ഷ്യമായ കൈകാര്യവുമാണു പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രധാന കാരണം. തോടുകളും ഓവുചാലുകളും പുഴകളും വഴി ഒഴുകിയെത്തുന്ന മാലിന്യം ഒടുവിൽ കടലിലാണെത്തുക. വീടുകളിൽനിന്നും വ്യക്തികൾ വഴിയും പുഴകളിലൂടെ ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യം വേമ്പനാട്ടു കായലിൽ എത്തുന്നുണ്ട്.
വേമ്പനാട്ടു കായൽപരപ്പിൽ ഒഴുകിനടക്കുന്നതിലും കൂടുതൽ പ്ലാസ്റ്റിക് അടിത്തട്ടിലുണ്ടെന്നും കക്ക വാരുമ്പോൾ വ്യാപകമായി കിട്ടുന്നുണ്ടെന്നും ഏറെക്കാലമായി തൊഴിലാളികൾ പറയുന്നുണ്ട്. ഓരുവെള്ളം കയറുന്നതു തടയാൻ പലയിടത്തും കൈത്തോടുകളിൽ മുട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒഴുക്കു നിലച്ച കൈത്തോടുകളിൽ മുട്ടുകളോടു ചേർന്നു വൻതോതിൽ പ്ലാസ്റ്റിക് അടിഞ്ഞിട്ടുണ്ട്. മുട്ടുകൾ മാറ്റുന്നതോടെ ഇവ കായലിലേക്ക് എത്തും.
Vembanad Lake
കായൽ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രവർത്തനങ്ങളിൽ നിന്നും പ്ലാസ്റ്റിക് തള്ളുന്നുണ്ട്. പ്ലാസ്റ്റിക് പൊടിഞ്ഞ് വെള്ളത്തിൽ അടിയുന്ന ചെറിയ തരികൾ ഭക്ഷിക്കുന്നതിലൂടെ മത്സ്യങ്ങളിലും ഈ കണികകൾ എത്തുന്നു. ദീർഘകാല ദോഷഫലങ്ങൾ ഉള്ളതിനാൽ പ്ലാസ്റ്റിക് മലിനീകരണത്തിൽനിന്നു ജലസ്രോതസുകളെ സംരക്ഷിക്കാൻ പ്രത്യേക ജാഗ്രത വേണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ ശാസ്ത്രസംഘം അഭിപ്രായപ്പെട്ടു. ഓരോ വ്യക്തിയിലും തുടങ്ങി, കൂട്ടായ പരിശ്രമം തന്നെ അതിനു വേണ്ടി വരും. നഗര, ജനവാസ മേഖലകൾ കേന്ദ്രീകരിച്ചു ബോധവൽക്കരണം അത്യാവശ്യമാണെന്നും ശാസ്ത്രസംഘം അഭിപ്രായപ്പെട്ടു.
പ്ലാസ്റ്റിക് ദുരന്തം വഴിമാറുമോ?
കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം നടപ്പായാൽ കരയും കടലും മനുഷ്യനും വന്യ, ജല ജീവികളുമുൾപ്പെടുന്ന പ്രകൃതി തന്നെയാണു വലിയ ഗുണഭോക്താവ്. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കു സെപ്റ്റംബർ 30 മുതൽ നിരോധനമുണ്ട്. 120 മൈക്രോണിനു താഴെയുള്ള കാരിബാഗ് ഡിസംബർ 31നു ശേഷം അനുവദിക്കില്ല. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ 2022 ജൂലൈ 1 മുതൽ നിരോധിക്കും.
കേരളത്തിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കി വരുന്നതിനിടെയാണു കോവിഡ് മഹാമാരി ജനജീവിതത്തിന്റെ താളം തെറ്റിച്ചത്. കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും ലോക്ഡൗണിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോധികർക്കുമുൾപ്പെടെ ഭക്ഷണവും മറ്റു സാധനങ്ങളും എത്തിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിരോധനത്തിന്റെ പിടി മെല്ലെ അയയുന്നതാണു കണ്ടത്. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിരോധനം ഫലമുണ്ടാക്കുമോ എന്നു കാത്തിരിക്കുകയാണു പരിസ്ഥിതി പ്രവർത്തകർ
