പുതുമുളത്തുഞ്ചത്തെ ഓണക്കാഴ്ചകൾ | സി.രാജഗോപാലൻ പള്ളിപ്പുറം എഴുതുന്നു

പാടത്തിനക്കരെ മയിലാടുംകുന്നിന്റെ നെറുകയിൽ ഇല്ലിമുളങ്കൂട്ടങ്ങൾ....... അവ തെളിമാനം നോക്കി ചൂളമിട്ട് പീലി വിരിച്ചാടി അങ്ങനെ നില്ക്കുന്നുണ്ടാവ...

പാടത്തിനക്കരെ മയിലാടുംകുന്നിന്റെ നെറുകയിൽ ഇല്ലിമുളങ്കൂട്ടങ്ങൾ.......



അവ തെളിമാനം നോക്കി ചൂളമിട്ട് പീലി വിരിച്ചാടി അങ്ങനെ നില്ക്കുന്നുണ്ടാവും...

കുന്നിന്റെ ചെരിവിൽ പച്ചത്തഴപ്പിൽ പൊന്നു രാവിത്തൂവിയതുപോലെ തിങ്ങി വിരിഞ്ഞ് മുക്കുറ്റികൾ.... പടർ വള്ളികളിൽ നീലാകാശം തുള്ളി തുള്ളിയായി ഇറ്റിവീണതുപോലെ ശംഖുപുഷ്പങ്ങൾ..... വെള്ളയിൽ വയലറ്റും കുങ്കുമവും ചുട്ടികുത്തിയ കണ്ണാന്തളി......

കന്നിനെ മേയ്ക്കാൻ കുന്നിലേക്കു പോകുന്ന മാമനോടൊപ്പം കുട്ടികളായ ഞങ്ങളും കൂടും... മയിലാടുംകുന്നിലെ കാഴ്ചകളൊക്കെ കണ്ട് യഥേഷ്ടം മേഞ്ഞു മേഞ്ഞു നടക്കും... പുൽപ്പരപ്പിനിടയിൽ ഉരുണ്ടു മുഴച്ചു നില്കുന്ന കരിമ്പാറക്കൂട്ടങ്ങളിൽ അള്ളിപ്പിടിച്ചു കയറും....  കുന്നിന്റെ തോളിലിരുന്നാലെന്നപോലെ അപ്പോൾ താഴ് വരയുടെ ദൂരക്കാഴ്ചകൾ എമ്പാടും കാണാം. ... കണ്ടു കണ്ടിരിക്കെ ഒരു പൂവിളി ഉള്ളിൽ കൂമ്പി വിരിയും..... ..... പൊലി.... പൂവേ.... എന്ന ഈണത്തിലുള്ള വിളി താഴ്‌വരയിലാകെ ഒഴുകിപ്പടരും.  വിരിയാൻ മറന്നു നില്ക്കുന്ന പൂവു പോലും അതു കേട്ട് ഉള്ളം തരിച്ച് പൊട്ടി വിടരും.... ചെരിവു നന്നെ കുറഞ്ഞ കുന്നിൻ പള്ളകളിൽ, വിഷുപ്പുലർച്ചെ ഉഴുതു വിതച്ച മോടൻ ക്രര നെല്ല്) ഓണക്കൊയ്തിനു പാകമായി വിളഞ്ഞിട്ടുണ്ടാകും.... വെയിലും മഴയും ഒരുമിച്ചു വരുന്നേരം കുന്നിൻ നെറുകയിൽ തെളിയുന്ന മഴവില്ലിന്റെ ചില ഇഴകൾ ആ മോടൻ നെല്ലിൽ പാറി വീണു കിടപ്പുണ്ടാവും....

നെല്ലു കൊറിച്ച് വിളവിന്റെ പാകം നോക്കാനായി സമീപത്തെ പച്ചിലത്തോപ്പിൽ മത്സരിച്ച് കലപില കൂട്ടുന്ന പനന്തത്തകൾ.....

എല്ലാം കണ്ടും കേട്ടും സന്തോഷച്ചിറകു വിടർന്ന ശലഭങ്ങളായി ഞങ്ങൾ ആ കുന്നിൻ ചെരിവിൽ അങ്ങനെ പാറിപ്പാറി നടക്കുമ്പോൾ, പെട്ടെന്ന് മാമൻ ഞങ്ങളെ കൈകൊട്ടി വിളിക്കും. അരികിലെത്തിയാൽ കുന്നിൽ നെറുകിലേക്കു വിരൽ ചൂണ്ടി ഒരു രഹസ്യം വെളിപ്പെടുത്തുമ്പോലെ പറയും.... നോക്ക്.. ആമുളങ്കൂട്ടങ്ങളിൽ കൊടിമരം പോലെ ഏറ്റവും ഉയർന്നു നില്ക്കുന്ന ആണ്ടാൻ (പുതു ) മുള കണ്ടില്ലേ....

അതിന്റെ തുഞ്ചത്തോളം കയറിച്ചെന്നു നോക്കിയാൽ ദൂരെ ദൂരെ പാതാളം വിട്ടു വരുന്ന മാവേലി ചിങ്ങപ്പൂ ത്തേരിൽ ആകാശച്ചെരുവിലൂടെ വരുന്നതു കാണാം.....!

അങ്ങനെത്തന്നെയാവും ഓണത്തപ്പൻ ഓലക്കുടയും ചൂടി ഹൃദയത്തിൽ ആഹ്ളാദപ്പൂക്കളം തീർത്ത ഞങ്ങളെ സ്നേഹത്തോടെ ചേർത്തുപിടിക്കാനായി വന്നുചേരുന്നത് എന്ന് സത്യമായും കരുതിയിരുന്നു...

കൊമ്പും ചില്ലയുമൊന്നുമില്ലാതെ ഇളം പച്ചകലരുന്ന വെണ്മയും ഇടവിട്ട് തവിട്ട് വളയങ്ങളുമായി ആകാശത്തോളം പൊങ്ങി നില്ക്കുന്ന ആനക്കൊമ്പു പോലെ നില്ക്കുന്ന ആണ്ടാൻ മുളയിലേക്ക് അങ്ങനെ പ്രതീക്ഷയോടെ നോക്കി നില്കും.... അതിന്റെ നെറുകിലേക്ക് എങ്ങനെ കയറുമെന്ന് ചിന്തിച്ച് ഒട്ടേറെ തലപുകച്ചിട്ടുണ്ട് കുട്ടിക്കാലത്ത്....

ഉടൽ നേർത്തു നേർത്ത്, സ്ഫടികച്ചിറകു വിടർത്തുന്ന ഓണത്തുമ്പിയെ പോലെ ആവാൻ കഴിയുമെങ്കിൽ

ആ പുതു മുളത്തുമ്പത്തു ചെന്നെത്താനും ചിങ്ങത്തിന്റെ പൂത്തേരിൽ മാവേലി എഴുന്നള്ളി വരുന്നതു കാണാനും ആകുമെന്നു വിശ്വസിക്കുന്ന ഒരു കുട്ടിയായിത്തീരാൻ, ജീവിച്ചിരിക്കുന്ന ഓരോ ഓണക്കാലത്തും കഴിയണമെന്ന് നിഗൂഡമായി ആഗ്രഹിച്ചു പോകുന്നു.....

----------------------------------------

സി.രാജഗോപാലൻ 

പള്ളിപ്പുറം-- പട്ടാമ്പി

Related

Nature Stories 3134595209493200881

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -