കാവുകൾ പോലുള്ള നിർമിത വന മാതൃകകൾ ഉണ്ടായിട്ടും കേരളത്തിലിപ്പോൾ തരംഗമാകുന്ന മിയാവാക്കി വനപ്രേമത്തെ ഈ സന്ദർഭങ്ങളിലെങ്കിലും വിചാരണ ചെയ്യേണ്ടതുണ്ട് | ഈ ഉണ്ണികൃഷ്ണന്‍ മാഷ് എഴുതുന്നു
കാവുകൾ പോലുള്ള നിർമിത വന മാതൃകകൾ ഉണ്ടായിട്ടും കേരളത്തിലിപ്പോൾ തരംഗമാകുന്ന മിയാവാക്കി വനപ്രേമത്തെ ഈ സന്ദർഭങ്ങളിലെങ്കിലും വിചാരണ ചെയ്യേണ...
https://nilgirifoundation.blogspot.com/2021/08/blog-post_19.html
കാവുകൾ പോലുള്ള നിർമിത വന മാതൃകകൾ ഉണ്ടായിട്ടും കേരളത്തിലിപ്പോൾ തരംഗമാകുന്ന മിയാവാക്കി വനപ്രേമത്തെ ഈ സന്ദർഭങ്ങളിലെങ്കിലും വിചാരണ ചെയ്യേണ്ടതുണ്ട്. മിയാവാക്കിയുടെ വന നിർമാണ രീതിയെപ്പറ്റി പരേതനോടുള്ള എല്ലാ ആദരവോടും കൂടി ചില കാര്യങ്ങൾ.
ഒരു പാട് അടിവളം ഇട്ട് ഒന്നിച്ച് കുറേ ചെടികൾ നട്ട് മത്സരിച്ചു വളർത്തിയെടുക്കുക എന്ന തന്ത്രമാണ് മിയാവാക്കിയുടേത്. മൂന്നു വർഷം കൊണ്ട് മുപ്പതടി ഉയരത്തിലും പത്തു വർഷം കൊണ്ട് നൂറു വർഷം പ്രായമുള്ള കാടിൻ്റെ ഉച്ചകോടി സ്വഭാവത്തിലും മരങ്ങൾ വളർത്തിയെടുക്കാൻ അകിരമിയാവാക്കിയുടെ ഈ രീതി കൊണ്ട് കഴിയുമെന്നാണ് അവകാശപ്പെടുന്നത്. ഇത്തരം കടും കൃഷിയാണ് എല്ലാ ഹരിതവിപ്ലവങ്ങളുടെയും പ്രകൃതി വിരുദ്ധത. ഇത് വിദ്യാഭ്യാസ
രംഗത്തും ആരോഗ്യരംഗത്തും ഒക്കെ മുമ്പേ പ്രയോഗിച്ചതിൻ്റെ ഭവിഷ്യത്തുക്കളാണ് നാം കുറേക്കാലമായി ചർച്ച ചെയ്യുന്നത്.
10 x 100 അടി വിസ്തൃതിയിൽ മിയാ വാക്കിയുണ്ടാക്കാൻ 3.7 ലക്ഷം രൂപയും പരിപാലനത്തിന് മാസം തോറും 15000 രൂപ വീതവും ആണ് കേരള സർക്കാർ 2.96 കോടി ചെലവിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മിയാവാക്കി കുട്ടി വനപദ്ധതിയിൽ ചെലവ് കണക്കാക്കുന്നത്. സാമൂഹ്യ വനവത്കരണത്തിൻ്റെ ഭാഗമായി നട്ട മരങ്ങളൊക്കെ വേരുപിടിച്ച് കേരളം കൊടും കടാകാതിരുന്നത് വേണ്ടത്ര പരിചരണമില്ലാതെ 95 ശതമാനവും ഉണങ്ങി പ്പോയതുകൊണ്ടാണ്. പോയ വർഷത്തെ കുഴിയിൽ തന്നെ നടലല്ലാതെ അടിവളം ചേർത്ത കുഴിയിൽ മരം നടുന്ന പതിവേ നമുക്കില്ലായിരുന്നു. ഈ ലക്ഷങ്ങൾ പൊടിക്കുന്നതിലപ്പുറം ഒരല്പം ശ്രദ്ധയുണ്ടായിരുന്നെങ്കിൽ മറ്റൊരു ഹരിതകേരളം സാധ്യമാകുമായിരുന്നു. വളർത്തുകാടിന് വളമിടേണ്ട ആവശ്യമൊന്നുമില്ല. . എന്നാൽ മനുഷ്യൻ കടക്കാതെ മൂന്നാലു വർഷമെങ്കിലും സംരക്ഷണം നല്കണം .
കേരളത്തിൻ്റെ പ്രകൃതി ബോധത്തിന് ഗുരുസ്ഥാനീയനായ ജോൺസി മാഷ് ഒരിക്കൽ എടാട്ടെ മൊട്ടക്കുന്നിൻ്റെ ഉച്ചിയിൽ സ്വയം ബോൺസായിയായി വളർന്ന് പൂത്തു നിന്ന മാഷോളം മാത്രം ഉയരമുള്ള മരുത് മരം തലോടിനിന്ന് പറഞ്ഞ ' ."ഒറ്റയ്ക്കു നില്ക്കുന്ന മരുതിന് മത്സരിച്ച് വളരേണ്ടതില്ല. ഏതാനും വിത്തുകൾ മാത്രം ഉണ്ടാക്കാനായി പൂത്താൽ മതി.". എന്ന ജീവ രഹസ്യം ഓർക്കുന്നു.' ജീവിതത്തിൻ്റെ ലാളിത്യം / യമമെന്ന പ്രകൃതി നിയമം മരുത് പഠിപ്പിക്കുകയാണ്. കൂടുതൽ കൊടുത്തും കുറച്ചെടുത്തും മോസുകൾ അതിജീവിക്കുന്നത് എങ്ങിനെ എന്നതിനെക്കുറിച്ച് അടുത്തിടെ ഒരു പഠനം വായിച്ചിരുന്നു.
പത്ത് പതിനഞ്ചു വർഷം കൊണ്ട് മനുഷ്യൻ്റേതായ ഒരു ഇൻപുട്ടുമില്ലാതെ പ്രകൃതിയെ മാത്രമേല്പിച്ച് ഒരു കാട് ഉണ്ടാക്കാവുന്നതേ ഉള്ളൂ. പക്ഷികളെയും മരപ്പട്ടിയെയും അണ്ണാറക്കണ്ണനെയും ഒപ്പം നിർത്തി പ്രകൃതി സ്വയം നന്നാക്കിയെടുക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് കാട് .. മനുഷ്യനും അവരിലൊരാളായി ഒപ്പം നില്ക്കാം. അതിലപ്പുറമൊന്നും കാടുണ്ടാക്കാൻ വേണ്ടതില്ല .ഒരിക്കലെങ്കിലും കാട്ടിൽ ഒരു പഴമുൺ പാലയുടെയോ നാങ്കിൻ്റെയോ പ്ലാശിൻ്റെയോ കീഴിൽ മലർന്നു കിടന്ന് മരത്തെ ആ പാദചൂഢം നോക്കിയിട്ടില്ലാത്ത ,മനസിലൊരു ചെറുവിത്ത് കുഴിച്ചിട്ടിട്ടില്ലാത്ത, അത്ഭുതപ്പെടാനുള്ള ഇന്ദ്രിയ ബോധം കൈവന്നിട്ടില്ലാത്ത ഒരാൾക്കും എത്ര ഉമിക്കരിയും ചാണക വളവും ഇട്ടു കൊടുത്തും ഒരു കാട് ഉണ്ടാക്കാനാവില്ല . കാലമാണ് പ്രകൃതി. പ്രകൃതിയെ ഞെക്കിപ്പഴുപ്പിക്കേണ്ടതില്ല. (ചിത്രം : 15 വർഷം പ്രായമുള്ള വളമിടാതെ വളർത്തിയ വീട്ടുകാട്).
E Unni Krishnan
