മഞ്ചാടിക്കഥ
മഞ്ചാടിക്കഥ മഞ്ചാടിയും മയിൽപ്പീലിയും ഭ്രമമായി കൊണ്ടു നടക്കുന്ന ഒരു കിറുക്കത്തി നിങ്ങളുടെ പ്രേയസിയായി വന്നാൽ എങ്ങനെയുണ്ടാവും....? കുറ...
https://nilgirifoundation.blogspot.com/2018/02/manjadikadha.html
മഞ്ചാടിക്കഥ
മഞ്ചാടിയും മയിൽപ്പീലിയും ഭ്രമമായി കൊണ്ടു നടക്കുന്ന ഒരു കിറുക്കത്തി നിങ്ങളുടെ പ്രേയസിയായി വന്നാൽ എങ്ങനെയുണ്ടാവും....? കുറച്ചൊക്കെ കിറുക്കുള്ള സിറാജിനാണ് അത്തരമൊരു പ്രേയസിയെ ലഭിച്ചതെങ്കിലോ....?
ഗോപികയുടെ ഇത്തരം കിറുക്കുകളിയലങ്ങനെ ഹരം പിടിച്ചിരിക്കവേയാണ് അവൾ അവനോട് ആ ആവശ്യം ഉന്നയിച്ചത്.
"എനിക്ക് മഞ്ചാടിയെപ്പറ്റി ഒരു കഥയെഴുതിത്തര്വോ....?"
കാര്യം ശരിയാണ്. നമ്മുടെ സിറാജ് തട്ടിക്കൂട്ടി കഥകളൊക്കെ എഴുതാറുണ്ട്. എങ്കിലും വായനക്കാരില്ലാതെ പുസ്തകത്താളുകളിൽ ഒതുങ്ങിയ അവന്റെ കുഞ്ഞിക്കഥകൾക്ക് ലഭിച്ച ആദ്യത്തെ ആസ്വദികയാണ് അവൾ. ഒരു അരക്കിറുക്കിപ്പെണ്ണ്..!
അവന്റെ എഴുത്തിന് മോടി കൂട്ടാൻ, പുത്തൻ വർണ്ണങ്ങൾ ചാലിക്കാൻ, സ്വപ്നങ്ങൾക്ക് പുതിയ മാനങ്ങൾ തീർക്കാൻ ഒരു സുഹൃത്തുണ്ടാവുമെന്ന് അവൻ സദാ സ്വപ്നം കാണാറുണ്ടായിരുന്നു.ആരും നടക്കാത്ത വിജനമായ വഴി തിരഞ്ഞെടുത്ത അവന് ഒരു സഹയാത്രി ഉണ്ടാവുമെന്നും...., വ്യർത്ഥമാണെങ്കിലും വെറുതേ.., ഈ കിറുക്കത്തിപ്പെണ്ണ് തന്റെ ആ സ്വപ്നമാണോ എന്നൊരു തോന്നൽ. വെറുതേ..., എങ്കിലും അത് അവന് ലേശം ഉന്മേഷം പകരാതിരുന്നില്ല.
കുറച്ചായി ശൂന്യമായിരുന്ന ഗോപികയുടെ മനസ്സിലും ചില നിറവുകളുണ്ടായി.നാവിൻ തുമ്പത്ത് നിന്ന് അകന്നുപോയ ഭാഷണങ്ങൾ അവൾക്ക് തിരിച്ചുകിട്ടി.ഒട്ടും ഉപയോഗിച്ചില്ലെങ്കിൽ മറന്ന് പോയേക്കാവുന്ന കവിതയുടെ ഈരടികൾ പറയാൻ ഒരാളുണ്ടായി.അവളുടെ നഷ്ട പ്രണയങ്ങളെ- രാത്രിയെ, നിലാവിനെ, കുളിരിനെ, മഴയെ, സായാഹ്ന സൂര്യന്റെ കിരണങ്ങളെ, തുമ്പപ്പൂക്കളെ, ശലഭങ്ങളെ, അങ്ങനെയങ്ങനെ..., ഈ കിറുക്കുകളെയെല്ലാം വീണ്ടും ഓർമ്മിപ്പിക്കാനും ആസ്വദിക്കാനും, കൂടെ പ്രണയിക്കാനും അവൾക്ക് കൂട്ടിനൊരാളുണ്ടായി.
ഈ ചങ്ങാത്തം അങ്ങനെ നീങ്ങികൊണ്ടിരിക്കുമ്പോഴാണ് അവൾ അത് ചോദിച്ചത്. ഒരാവേശത്തിൽ അവനങ്ങ് മൂളുകയും ചെയ്തു. പക്ഷേ , കഥയൊക്കെ അങ്ങനെയങ്ങ് എഴുതാനൊക്കുമോ.? അവൻ അത് സൗകര്യപൂർവ്വം മറന്നുകളഞ്ഞു. പതുക്കെ അവളും.
ഒരിക്കൽ ഇരുവരും യൂണിവേഴ്സിറ്റി ക്യാമ്പസിൽ പക്ഷി നിരീക്ഷണത്തിന് ഇറങ്ങി. ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറകിലെ വീതി കുറഞ്ഞ നടപ്പാതയിലേക്ക് അവർ കയറി.' പക്ഷി നിരീക്ഷണം തുടരുന്നതിനിടയിൽ നൂറു കൂട്ടം കായകളുള്ള ഒരു ഉണങ്ങിയ മഞ്ചാടിമരം വീണു കിടക്കുന്നത് ഗോപികയുടെ ശ്രദ്ധയിൽ പെട്ടു.അപ്പോഴാണ് അവൾക്ക് മറന്നു പോയിരുന്ന മഞ്ചാടിക്കഥ ഓർമ്മ വന്നത്.
" എവിടെ എന്റെ മഞ്ചാടിക്കഥ...?"
അവൾ സിറാജിനെ നോക്കി കണ്ണുരുട്ടി.
കുറേ നാളായി ഇവൾ ഒരു മഞ്ചാടിക്കഥയിൽ കടിച്ചു തൂങ്ങിയിട്ട്., കഥയെന്താ പെടുന്നനെ പൊട്ടി മുളക്കുമോ..?
എന്ന് ചോദിക്കാനാണ് സിറാജിന് തോന്നിയതെങ്കിലും
" മറന്നിട്ടില്ല. തരാം"
എന്നവൻ മറുപടി പറഞ്ഞു.
" ശരി. എന്നാൽ ഇപ്പോൾ എനിക്ക് ഈ മഞ്ചാടിക്കുരുവെല്ലാം പെറുക്കിത്തരൂ..,"
അവൾ ഇടുപ്പിൽ കൈ വെച്ച് വഴിമുടക്കി നിന്നു.
" ഇത്രയും മഞ്ചാടിക്കുരുക്കളോ...?
സിറാജ് അതിശയത്തോടെ അവളെ നോക്കി ചോദിച്ചു.
" ഉം......, "
അവൾ കനത്തിലൊന്ന് മൂളി.
നിലത്തു കിടന്ന മഞ്ചാടിക്കായകൾ പെറുക്കിയെടുത്ത് അവൾ സിറാജിന് നൽകി. അവനത് പിളർത്ത് അതിൽ നിന്ന് മഞ്ചാടിക്കുരു വേർപ്പെടുത്തി. കുറച്ചു നേരത്തെ പരിശ്രമം. ഫലമോ..? ഒരു കൈക്കുടന്ന നിറയെ മഞ്ചാടി.
രണ്ടു പേരുടെയും കൈകൾ ചേർത്ത് ഒരു കൈക്കുമ്പിളുണ്ടാക്കി.അവർ അതിൽ നിറയെ മഞ്ചാടി നിറച്ചു. വഴിയേ പോകുന്ന ഒരു ചേച്ചിയെ വിളിച്ചു വരുത്തി. അവരെക്കൊണ്ട് ഫോണിൽ ഒരു ചിത്രവുമെടുപ്പിച്ചു. അവരിരുവരും ആ ചിത്രം കണ്ണിലും മനസിലും പകർത്തി.., സിറാജ് ചോദിച്ചു.
" ഇപ്പോൾ നിനക്ക് നിന്റെ മഞ്ചാടിക്കഥ കിട്ടിയില്ലേ....., സമധാനമായോ.....?"
സിറാജ് ഇതു പറയുമ്പോഴുണ്ടായിരുന്ന കുസൃതിച്ചിരിയിൽ ഒളിഞ്ഞിരുന്ന അർത്ഥം, അവർ പകർത്തിയ ആ ചിത്രത്തിന് എന്നും ഒരു കഥ പറയാനുണ്ട് എന്നാകാമെന്ന് അവൾ ഊഹിച്ചു. - .
