ഓർമ്മക്കുറിപ്പ്
ആ ദയനീയ മുഖം ഈയിടയ്ക്ക് ചിത്രശലഭങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിന്റെ ഭാഗമായി ഞാൻ എന്റെ സുഹൃത്ത് കിഷോർ ഹരിയ...
https://nilgirifoundation.blogspot.com/2018/03/blog-post.html
ആ ദയനീയ മുഖം
ഈയിടയ്ക്ക് ചിത്രശലഭങ്ങളെക്കുറിച്ചുള്ള ഒരു പഠനത്തിന്റെ ഭാഗമായി ഞാൻ എന്റെ സുഹൃത്ത് കിഷോർ ഹരിയെന്ന കിച്ചുവിനോടൊന്നിച്ച് ആറളം വന്യജീവി സങ്കേതത്തിലേക്ക് പോവുകയുണ്ടായി. കാട് അതിന്റെ വന്യമായ വശ്യതയിൽ ഞങ്ങളെ അലിയിച്ചു കളഞ്ഞ ഇരുപത് ദിനരാത്രങ്ങൾ. കാട് ഒരു ഹരമായതുകൊണ്ടും ഒരു ഇക്കോളജി വിദ്യാർത്ഥി ആയതു കൊണ്ടും കുറച്ച് കാടുകൾ സന്ദർശിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. പക്ഷേ ഇത്രയും ദിവസം ഒരു കാട്ടിൽ ....,അത് ആദ്യമായിട്ടായിരുന്നു.
ആദ്യമായി കാടിനെ ഇത്ര അടുത്ത് കാണാൻ കഴിഞ്ഞതിന് ഹേതു ഞാനായിരുന്നതിനാൽ
കിച്ചു എന്നോട് ഏറെ കൃതാർത്ഥനായിരുന്നു. താനിണങ്ങിച്ചേർന്ന കാടിന്റെ നൂറായിരം ചിത്രങ്ങൾ അവൻ ക്യാമറയിൽ പകർത്തി. കിച്ചുവിന്റെ കണ്ണിലെ സന്തോഷവും ഹരവും, പങ്കിട്ട ഓരോ നിമിഷവും എന്നെ
കൂടുതൽ കൂടുതൽ ഉന്മേഷവാനാക്കി. ഒരായുസ്സു മുഴുവൻ ഓർക്കാൻ തക്ക
ഓർമ്മകൾ സമ്മാനിച്ചാണ് ആ ആരണ്യം ഞങ്ങളെ യാത്രയാക്കിയത്. മനസ്സും
ശരീരവും
പറഞ്ഞറിയിക്കാനാവാത്ത
നിർവൃതിയായിരുന്നു
മടങ്ങുമ്പോൾ.
വനത്തിനരികിലൂടെ ടൗണിലേക്ക് പായുന്ന ബസ്സിലിരുന്ന്
ബസ്സിലിരുന്ന് ഫേസ്ബുക്ക് സ്ക്രോൾ ചെയ്യുമ്പോഴാണ് ആ ദയനീയ മുഖം എന്റെ കണ്ണിൽ പെട്ടത്. വിശപ്പ് സഹിക്കാനാവാതെ കേവലം ഇരുനൂറ് രൂപ മാത്രം വരുന്ന ഭക്ഷണ സാധനങ്ങൾ മോഷ്ടിക്കേണ്ടി വന്നതിന്റെ പേരിൽ നാട്ടിലെ പ്രമുഖ പാർട്ടി -പ്രവർത്തകരുൾപ്പെടുന്ന സംഘം തല്ലിക്കൊന്ന മധുവിന്റെ മുഖം. പെടുന്നനെ എനിക്ക് ഒരുൾ ക്കിടിലമുണ്ടായി. മധുവിന്റെ മുഖത്തിന് കുറച്ച് നാളുകളായി ഞാൻ പരിചയിച്ച, എന്നെ ഊട്ടിയ മുഖങ്ങളോട് നല്ല സാമ്യമുണ്ടായിരുന്നു. അവരെല്ലാം കാടിന്റെ മക്കളായിരുന്നു.
ആദിവാസികൾക്കിടയിൽ ഓടിനടന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന കമ്യൂണിസ്റ്റുകാരനാണ് വാച്ചർ ജോസേട്ടൻ. അവിടെ കഴിഞ്ഞ ഇരുപതു ദിവസവും ഞങ്ങൾ കഴിച്ച അന്നം ചമച്ച കൈകൾ ലീനച്ചേച്ചിയുടേതായിരുന്നു. ലേശം നേരത്തേക്ക്, ഒന്നു താലോലിക്കാൻ ഒരു കുഞ്ഞു മലയണ്ണാൻ കുട്ടിയെ
എന്റെ കയ്യിലേക്ക് വെച്ച് തന്ന് വളരെ നാളത്തെ മോഹം സാധിപ്പിച്ചു തന്നത് വാച്ചർ അച്ചുവേട്ടനായിരുന്നു.
ഡോർമെട്രി ഫുള്ളായ ഒരു ദിവസം ' ഞങ്ങൾ പത്താം ബ്ലോക്കിലെ ക്വാർട്ടേഴ്സിലേക്ക് മാറി താമസിക്കേണ്ടതായി വന്നു. സന്ധ്യയായാൽ ആറളം ഫാമിലേക്ക് ആനയിറങ്ങുന്നതു കൊണ്ട് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇന്നത്തെ ദിവസം അത്താഴ പശ്ണി തന്നെ എന്ന് നിരീച്ചിരിക്കവേയാണ് വീട്ടിലേക്കുള്ള അരിയും മീനും കൊണ്ട് അച്ചുവേട്ടൻ വരുന്നത്. അച്ഛുവേട്ടന്റെ മനസ്സിലെ പുണ്യവും കൈപ്പുണ്യവും അന്ന് ഞങ്ങളറിഞ്ഞു.
ഒരോ ദിവസവും ഞങ്ങൾ
ഭക്ഷണം കഴിച്ചുവോ എന്ന് ലീനച്ചേച്ചി ഉറപ്പു വരുത്തുമായിരുന്നു. താമസ സ്ഥലം കൂരെയായതിനാൽ അത്താഴം
പൊതിഞ്ഞു തരാൻ
ലീനച്ചേച്ചി ഒരിക്കലും മറക്കാറില്ല. ഓരോ ദിവസവും പ്രാതലിന്
ചായ വേണോ കാപ്പി വേണോ എന്ന് ജോസേട്ടൻ എന്നും അന്വേഷിക്കുമായിരുന്നു. പ്രൊഫസർ പാർത്ത സാർ എപ്പോഴും പറഞ്ഞ് കൊതിപ്പിക്കാറുള്ള പഴങ്ങളിലൊന്നായിരുന്നു
Artocarpuട
hirsuitas , അയിനിച്ചക്ക. അത് ഞാൻ ആദ്യമായി കാണുന്നത് ആറളത്തു വെച്ചാണ്. മലയണ്ണാൻ പൊഴിച്ചിട്ട മൂപ്പെത്താത്ത ആ ചക്കപ്പഴങ്ങൾ പഴുത്ത താണോ അല്ലയോ എന്നുറപ്പു വരുത്തി നിരാശപ്പട്ടിരിക്കവേ വീട്ടിലെ ചക്കപ്പഴം പഴുത്താൽ അടുത്ത തവണ നീ വരുന്നേക്കും രണ്ടെണ്ണം എടുത്തു വെക്കാം എന്നും ജോസേട്ടൻ പറഞ്ഞിരുന്നു. അത് വെറും ഒരു അയിനിപ്പഴ വാഗ്ദാനം മാത്രമായിരുന്നില്ല. വീണ്ടും ആറളത്തേക്ക് ഒരു ക്ഷണം, ഹൃദ്യമായ സ്വാഗതം. മേൽ പറഞ്ഞതിലുപരി ഞങ്ങക്ക് ഇവർ തന്ന സ്വീകരണവും സഹായങ്ങളും സ്നേഹവും ഇമ്മിണി വലുതായിരുന്നു.
മൂന്നു ദിവസത്തിൽ കൂടുതൽ വിരുന്നു പോയിടത്തു നിന്നാൽ മുറുമുറുക്കുന്ന ആതിഥേയരുണ്ട്
നമ്മുടെ നാട്ടിൽ.
പുറമേ കുറിയവരാണെങ്കിലും അവരുടെ ഹൃദയത്തിന്റെ വലിപ്പവും മഹത്വവും ശരിക്കും ഞങ്ങൾ തൊട്ടറിഞ്ഞു. അവർ ഞങ്ങളിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല, ഞങ്ങളൊന്നും കൊടുത്തതുമില്ല. ലാഭം മുഴുവൻ ഞങ്ങൾക്കാണുണ്ടായത്. ഇരുപത് ദിവസത്തെ ഭക്ഷണം ഫ്രീ. പോരാതെ കാട്ടിലേക്ക് കൂടെ വരുന്നതിന്,
കാടിനെ പരിചയപ്പെടുത്തുന്നതിന് ,കാടിന്റെ
കഥ പറഞ്ഞു തന്നതിന് ഇതിനെല്ലാം കൂടി വാങ്ങേണ്ടിയിരുന്ന ഗൈസ് ഫീ പോലും അവർ ഞങ്ങളിൽ നിന്ന് വാങ്ങിയില്ല.
മധുവിന്റെ ദാരുണമായ ദുരന്തമറിഞ്ഞപ്പോൾ ഈ മുഖങ്ങളാണ് ഉള്ളിൽ മിന്നി മറിഞ്ഞത്. കുറച്ചു നാളുകളായി ഞങ്ങളുടെ വിശപ്പടക്കിയ കാടിന്റെ മക്കളിൽ ഒരുവനെയാണല്ലോ തല്ലിക്കൊന്നത്. അതും വിശപ്പടക്കാൻ മറ്റൊരു വഴിയുമില്ലാതെ ഗതികെട്ട് മോഷ്ടിച്ചതിന്. മോഷണം എന്ന വാക്കിന് ഇവിടെ എന്താണ് പ്രസക്തി എന്ന് ഞാൻ
അത്ഭുദപ്പെട്ടു പോയി. നാലു നേരവും മൃഷ്ടാന്ന ഭോജനവും പോരാഞ്ഞ് തിന്നു തിമർക്കുന്ന
ഈ സമൂഹം കൊടി പിടിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും എന്തിനു വേണ്ടിയാണ്.? തിന്ന് തിന്ന് എല്ലിനുളളിൽ വറ്റ് കുരുങ്ങുമ്പോൾ
ഉണ്ടാകുന്ന വെകിളിയിൽ വിശന്നവനെ കൊല്ലാൻ ദൈവത്തിന്റെ കാടു കയറിയ ഈ ശ്രേഷ്ട സൃഷ്ടിക്ക് മാത്രമേ കഴിയൂ..., കാട്ടിലെ ഗുഹയിൽ വസിച്ചിരുന്നവൻ നാട്ടിലിറങ്ങിയത് ഒരു പിടി അന്നത്തിനാണ്. വിശന്നുവലഞ്ഞ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ നമ്മളെന്താണ് ചെയ്യാറ്.? തല്ലിക്കൊല്ലുക തന്നെ.
അതാണ് ശീലം. പരിഷ്കൃതത്വം. അതിൽ വിചിത്രമായതൊന്നും തന്നെയില്ല അല്ലേ...,?
ഇതാണ് പരിഷ്കാരമെങ്കിൽ ആ പരിഷ്കാരത്തിന്റെ ഉടുപ്പ് എനിക്ക് വേണ്ടാ.,
ഓരോ നേരവും അന്നം പാഴാക്കുമ്പോൾ ഇനിയെങ്കിലും
ഓർക്കണേ അന്നം നിഷേധിക്കപ്പെടുന്ന എത്രയോ പേർ ചുറ്റിലുമുണ്ടെന്ന്. വിശപ്പെന്ന വ്യാധിയെ മാറ്റാൻ ഇനിയെങ്കിലും ഉയരട്ടേ നമ്മുടെ കൈകൾ....,
