ആൾട്രൂയിസം

ആൾട്രൂയിസം                                    സോഷ്യോബയോളജി  ക്ലാസിൽ റഷീദ് മാഷ് തേനീച്ചകളുടെ സോഷ്യൽ ബിഹേവിയറിനെക്കുറിച്...

ആൾട്രൂയിസം


                                   സോഷ്യോബയോളജി  ക്ലാസിൽ റഷീദ് മാഷ് തേനീച്ചകളുടെ സോഷ്യൽ ബിഹേവിയറിനെക്കുറിച്ച്  പറയുമ്പോഴാണ് ചിന്തകളും അവയെപോലെ കൂട്ടത്തോടെയാണ് ആക്രമിക്കുകയെന്ന് റാസിക്കിന് തോന്നിയത്. അവനെന്നും പ്രിയപ്പെട്ട ക്ലാസ്സ് ആയിരുന്നു റഷീദ് മാഷിന്റെത്. അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയിൽ  വളരെ ലളിതമായി വിദ്യാർത്ഥികൾക്ക്  വിജ്ഞാനം കൈമാറിയിരുന്നു. ക്ലാസിനിടയിൽ വിദ്യാർത്ഥികൾക്ക് ബോറടിക്കാതിരിക്കാൻ  ഇടയ്ക്കിടെ തന്റെ പഴയ കാലത്തുണ്ടായ രസകരമായ  അനുഭവങ്ങളും വിവരിക്കുമായിരുന്നു.




            ഇവല്യൂഷൻ കഴിഞ്ഞാൽ അവനേറ്റവും ഇഷ്ട്ടമുള്ള വിഷയം എത്തോളജിയായിരുന്നിട്ടുപോലും റാസിക്കിനന്ന് ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായില്ല. സാധാരണ സഹപാടികളുടെ ഇടയിൽ അവനെന്നും ഡോമിനന്റ് ആയിരുന്നു. ക്ലാസിനിടയിൽ മറ്റാരെക്കാളുംകൂടുതൽ  മാഷോട് സംശയം ചോദിക്കുന്ന പതിവും അവനുണ്ടായിരുന്നു. കഴിഞ്ഞ ഇവല്യൂഷൻ ക്ലാസ്സിൽ സഹസ്രാബ്ദങ്ങളുടെ   പരിണാമചരിത്രവും മതവിശ്വാസവുംതമ്മിൽ  ഏറ്റുമുട്ടിയപ്പോൾ ഉടലെടുത്ത സംശയങ്ങൾ അവൻ തുരുതുരാ ചോദിച്ചിരുന്നു.

                അടുത്തിരിക്കുന്ന സഹപാഠികൾ പേന നിലത്തുവെയ്ക്കാതെ ലെക്ചർ നോട്ട് എഴുതികൊണ്ടിരുന്നപ്പോൾ തന്റെ തുറന്നുവെച്ച പുസ്തകത്തിനു മുന്നിൽ വളർന്ന താടിയിലൂടെ  വിരലോടിച്ചുകൊണ്ട് അവനിരുന്നു. അവന്റെ ആർദ്രമായ കണ്ണുകൾ ചുമരിൽ തൂങ്ങിക്കിടന്ന ജടപിടിച്ച ഡാർവിന്റെ ഫോട്ടോയിൽ തങ്ങിനിന്നു. അദ്ദേഹത്തിന്റെ " സർവൈവൽ ഓഫ്‌ ഫിറ്റസ്റ്റ്" തിയറിയെക്കുറിച്ച് ഓർത്തപ്പോൾ ആദ്യമായി അവന് ഭയമനുഭവപ്പെട്ടു. ഇതുവരെ ജീവിതത്തോട് പോരാടി ജയിക്കുവാനുള്ള മനസ്സ് അവനുണ്ടായിരുന്നു. എന്നാൽ ആ മനസിന്‌ ഇന്ന് ക്ഷയം ബാധിച്ചതായി അവന് തോന്നി.

                     ആന്തരിക സംഘട്ടനങ്ങൾ അധികമായപ്പോൾ എപ്പോഴും തനിക്ക് ഏക ആശ്രയം നിലകൊണ്ടിരുന്ന അജ്മലിനെ അവൻ നോക്കി. അവരുടെ സുഹൃദ്ബന്ധത്തിനിടയിൽ പരിഹരിക്കാനാവാത്ത വിടവ് വന്നതായി റാസിക്കിന് തോന്നി. റാസിക്കിന്റെ ശ്രദ്ധ ഒരു ബിന്ദുവിൽ മാത്രം കേന്ദ്രീകരിക്കാൻ തുടങ്ങിയപ്പോൾ, അജ്മലിന് അവഗണന സഹിക്കവയ്യാതെ വന്നപ്പോൾ ഒരിക്കൽ അവൻ പൊട്ടിത്തെറിച്ചു.
"ഞാൻ പറഞ്ഞിട്ടും നീയൊന്നും മനസ്സിലാക്കുന്നില്ലെങ്കിൽ നീയെല്ലാം പഠിച്ചോളും. നീയും നിന്റെ പ്രണയവും.  പണ്ടാരടങ്ങാൻ.... "
ആ നിമിഷം മുതൽ അവരുടെ ഇടയിൽ ഒരു മഹാപർവ്വതം പ്രത്യക്ഷപെട്ടു.

                           റഷീദ് മാഷെ വീണ്ടും നോക്കിയപ്പോൾ സർ പോക്കറ്റിൽ നിന്ന് കണ്ണടയെടുത്ത്‌ ധരിച്ചിരുന്നു.  ഇപ്പോൾ അദ്ദേഹത്തെ കാണുമ്പോൾ ഒരു ബുദ്ധിജീവിയെപോലെ തോന്നിപ്പിച്ചു. മാഷോട് തലവേദനയാണെന്ന് കള്ളം പറഞ്ഞ് ഡെസ്കിൽ തലവെച്ചുകിടന്നാലോ എന്നവൻ ആലോചിച്ചു. പക്ഷെ, അങ്ങനെ ചെയ്താൽ മനസ്സിൽ അവളുടെ മുഖം മാത്രം പ്രത്യക്ഷപെടുമെന്ന് കരുതി വേണ്ടെന്നുവെച്ചു.

                        റഷീദ്  മാഷ് അൾട്രൂയിസത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി. ജന്തുക്കളുടെ സ്വഭാവത്തിൽ കാണുന്ന ഒരു പ്രത്യേകതയാണ് അൾട്രൂയിസം മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങളും താൽപ്പര്യങ്ങളും ത്യജിക്കുന്നവരാണ് അൾട്രൂയിസ്റ്റുകൾ എന്ന് മാഷ് പറഞ്ഞപ്പോൾ താനും ഒരു അൾട്രൂയിസ്റ്റായിരുന്നുവെന്ന് റാസിക്കിന് തോന്നിപോയി. അതിനാലാവണം തന്റെ ഇഷ്ടങ്ങളും താൽപ്പര്യങ്ങളും മറ്റൊരാൾക്ക്‌ വേണ്ടി അവൻ കുഴിച്ചുമൂടാൻ ശ്രമിച്ചത്.
                            സന എപ്പോഴും അടുത്തുവന്നാൽ അവളിൽ നിന്ന് ഒരു പ്രത്യേകതരംഗം അവനെ പൊതിയുന്നതായി അനുഭവപ്പെടും. അതവളുടെ ഫിറമോൺ  തന്നെ ആകർഷിപ്പിക്കുകയാണെന്ന് റഷീദ് മാഷിന്റെ തന്നെ ഫിറമോണിനെക്കുറിച്ചുള്ള ക്ലാസ്സ്‌ ശ്രവിച്ചപ്പോഴാണ് മനസ്സിലായത്. ആ വിവരം ഒരിക്കൽ റാസിക്ക് സനയോട് പറഞ്ഞു.


"എനിക്കും അങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ, "എനിക്കും അങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ അത് തെറ്റല്ലേ ഇക്ക? അത് ഞാൻ മറ്റൊരാളോട് ചെയ്യുന്ന വഞ്ചനയല്ലേ? "

 അവളുടെ ചോദ്യത്തിന് ആ നേരത്ത് അവൻ മറുപടി ഒന്നും പറഞ്ഞില്ല. എന്ത് പറയണമെന്ന് അവന് നിശ്ചയമുണ്ടായിരുന്നില്ല.


റഷീദ് മാഷ് പറയുന്നപോലെ മറ്റൊരാളുടെ നന്മയ്ക്കുവേണ്ടി താൻ ഒരു അൾട്രൂയിസ്‌റ്റായി മാറണോ അതോ എന്റെ സ്വാർത്ഥതയ്ക്കും വികാരങ്ങൾക്കും അടിമപ്പെട്ട്  സെൽഫിഷ് ആയി മാറണോ? അവൻ ഇരുന്ന് തലപുകഞ്ഞാലോചിച്ചു.



"ഇവന്റെ മേലെന്താ വല്ല ബാധയും കയറിയോ?"


          റഷീദ് മാഷ് കണ്ണടയ്ക്കടിയിലൂടെ തുറിച്ചുനോക്കികൊണ്ട്‌ ചോദിച്ചു. സഹപാഠികളുടെ പരിഹാസചിരിയും പിറുപിറുക്കലും അവന്റെ ചെവിയിൽ വന്ന് അലതല്ലി. ആ നിമിഷം പൊട്ടിക്കരയാൻ തോന്നിയെങ്കിലും പിന്നീടുള്ള പല ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കാൻ ബുദ്ധിമുട്ടായതിനാൽ അകത്ത്‌ വിങ്ങിപ്പൊട്ടി.   ക്ലാസ്സ്‌ തുടരുന്നവരെ തലതാഴ്ത്തി, മടിയിലുണ്ടായിരുന്ന ബാഗിന്റെ തൂങ്ങികിടന്ന വള്ളിയിൽ തിരുപിടിച്ചു.



                         മാഷ് വീണ്ടും ക്ലാസ്സെടുക്കാൻ തുടങ്ങിയപ്പോൾ പുറത്ത് നിന്ന് തുരുതുരാ വന്ന കിളിനാദത്തിലേക്ക് ശ്രദ്ധതിരിഞ്ഞു. ജാലകത്തിൽ പടർന്ന വള്ളികൾക്കിടയിലൂടെ അവൻ പുറത്തേക്കുനോക്കി. താൻ നട്ടുവളത്തിയ ചുവന്ന മന്ദാരത്തിന്റെ കൊമ്പിൽ ഒരു മഞ്ഞക്കിളിയെ അവൻ കണ്ടു. ആ കിളി പറന്നകന്നപ്പോൾ വീണ്ടും വിഷാദമൂകമായ താഴ്വരയിൽ അവൻ തപ്പിതടഞ്ഞുനടന്നു. മുന്നോട്ടുള്ള യാത്രയിൽ ചോദ്യങ്ങൾ പ്രശ്നങ്ങൾ നിരാശകൾ തുടങ്ങിയവ ഒരു പരാദത്തെപ്പോലെ അവന്റെ മനസ്സിനെ ഊറ്റികുടിച്ചുകൊണ്ടേയിരുന്നു.

Related

Eco literature 8082779806520576503

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -