പക്ഷികളുടെ വേദനയിൽ ദുഃഖിച്ചവരും നിയമത്തിൻ്റെ അന്ധതയെ കണ്ടില്ലെന്ന് നടിച്ച് എഫ് ബി യിൽ പൂക്കളമിട്ടു; കെ സഹദേവൻ എഴുതുന്നു
പരിസ്ഥിതി സംരക്ഷണമായാലും, രാജ്യസുരക്ഷയായാലും ഒടുവിൽ ചുറ്റിത്തിരിഞ്ഞ് സാധാരണക്കാരൻ്റെ പിടലിക്ക് പിടി വീഴുന്നതെങ്ങിനെയെന്നതിൻ്റെ ഏ...
https://nilgirifoundation.blogspot.com/2022/09/blog-post_9.html
പരിസ്ഥിതി സംരക്ഷണമായാലും, രാജ്യസുരക്ഷയായാലും ഒടുവിൽ ചുറ്റിത്തിരിഞ്ഞ് സാധാരണക്കാരൻ്റെ പിടലിക്ക് പിടി വീഴുന്നതെങ്ങിനെയെന്നതിൻ്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഹൈവേ വികസനത്തിൻ്റെ പേരിൽ കൊറ്റില്ലം മുറിച്ച നടപടിയിൽ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാതെ ജയിലിലടക്കപ്പെട്ട ബംഗാളി തൊഴിലാളികളുടേത്.
റോഡ് വികസനത്തിന് തടയായി നിന്ന മരം മുറിച്ചു മാറ്റിയപ്പോൾ നീർക്കാക്കകളുടെ കൂടും കുഞ്ഞുങ്ങളും തകർന്നു വീഴുന്ന കാഴ്ച ഹൃദയമുള്ളവരെ ദുഃഖിപ്പിക്കുന്നതായിരുന്നു. സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ ഉയരുകയും വന്യ ജീവി ആക്ട് പ്രകാരം അധികൃതർ കേസെടുക്കുകയും ചെയ്തു.
എന്നാൽ കേസെടുത്ത് ജയിലിലടക്കപ്പെട്ടത് മരംമുറി തൊഴിലിൽ ഏർപ്പെട്ട ബംഗാളി തൊഴിലാളികളാണ്. ജാമ്യം നൽകിയാൽ അവർ നാടുവിട്ടു പോകാൻ സാധ്യതയുള്ളതുകൊണ്ട് ജാമ്യം നിഷേധിക്കണമെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ആ തൊഴിലാളികൾ ഇപ്പോൾ ജയിലിലാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പിന്നെയും വർഷങ്ങളോളം ജയിലിൽ കിടക്കാം.
ഹൈവേ വികസനത്തിൻ്റെ കരാർ ഏറ്റെടുത്ത കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥരും മരംമുറിക്കാൻ അനുവാദം നൽകിയ ഹൈവേ വികസന അഥോറിയുടെ ഉദ്യോഗസ്ഥരും ഇന്ന് സമൃദ്ധമായി ഓണം ആഘോഷിച്ചിരിക്കും.
പക്ഷികളുടെ വേദനയിൽ ദുഃഖിച്ചവരും നിയമത്തിൻ്റെ അന്ധതയെ കണ്ടില്ലെന്ന് നടിച്ച് എഫ് ബി യിൽ പൂക്കളമിട്ടു.
മരം മുറിച്ച തൊഴിലാളികൾക്ക് ജാമ്യം നൽകരുതെന്ന വാദം കേട്ടപാതി കേൾക്കാത്ത പാതി കോടതി അംഗീകരിച്ചു.
ഏത് കോടതി?
മായാ കൊഡനാനിക്കും, ബാബു ബജ്രംഗിക്കും, ദിലീപിനും ഒക്കെ തരാതരം പോലെ ജാമ്യം അനുവദിക്കുന്ന അതേ കോടതി!
കോടതിയും ഓണക്കുമ്മിയടിക്കട്ടെ..
ശുഭം...!
k. Sahadevan
