കൃഷിക്കും മറ്റുമായി കേരളത്തിൽ വളരുന്ന സസ്യങ്ങൾ..എത്ര നാടൻ സസ്യങ്ങൾ? ഏതൊക്കെയാണ് അധിനിവേശ സസ്യങ്ങൾ?



കേരളത്തിൽ എത്ര വിളകൾ കൃഷി ചെയ്യുന്നുണ്ട്? നമ്മൾ കൃഷി ചെയ്യുന്ന വിളകളിൽ നല്ലൊരു പങ്ക് വിദേശത്തു നിന്നും വന്നവയാണ്. നാടനാണോ, വിദേശിയാണോ എന്ന് തിരിച്ചറിയാനാവാത്തവിധം നമ്മുടെ നാടുമായി ഇഴുകി ചേർന്നവ ധാരാളമുണ്ട്. കാന്താരിയും, വറ്റൽമുളകും, പച്ചമുളകും, കാപ്പിയുമൊക്കെ വിദേശികളാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രായസമായിരിക്കും. തേയിലയും നാട്ടുകാരനല്ല! റബ്ബര്‍, മരച്ചീനി, കശുവണ്ടി, കൈതച്ചക്ക, കൊക്കോ, ശീമച്ചക്ക, ശീമച്ചേമ്പ്, അവക്കാഡോ, മാംഗോസ്റ്റിന്‍, സപ്പോട്ട, പാഷൻഫ്രൂട്ട്, പേര, പപ്പായ, ബിലിമ്പി, ചാമ്പ, പുകയില എന്നിവ പഴയകാല വരത്തന്മാരാണ്. അടുത്ത കാലത്ത് വന്നവരിൽ പ്രധാനികളാണ് റാംബൂട്ടാൻ, പുലാസൻ, ഡ്രാഗണ്‍ പഴം, ദുരിയന്‍, ജബോട്ടിക്കാബ, റൊളീനിയ, മിറക്കിള്‍ ഫ്രൂട്ട്, സ്റ്റാര്‍ ആപ്പിൾ, സൂറിനാം ചെറി, കുപുവാസ്സു, മുട്ടപ്പഴം, അച്ചാച്ച പഴം മുതലായവ. കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ആർദ്ര ഉഷ്ണമേഖലയിൽ പെടും ( humid tropics). അത് കൊണ്ട് തന്നെ സാധാരണ ഗതിയിൽ ഉഷ്ണമേഖലാ വിളകൾ മാത്രമേ ഇവിടെ വളർത്താൻ പറ്റൂ. പക്ഷേ, തണുപ്പുകൂടിയ ഹൈറേഞ്ച് പ്രദേശങ്ങൾ കൂടിയുള്ളതു കൊണ്ട് തണുപ്പു കാലാവസ്ഥയില്‍ വളരുന്ന വിളകളും ചിലയിടങ്ങളിൽ വളർത്താൻ പറ്റും. ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട പ്രദേശങ്ങളിൽ ആപ്പിൾ, പീച്ച്, പ്ലം, സ്ട്രോബെറി എന്നിവ കൃഷി ചെയ്യുന്നുണ്ട്. തേയില, ഓറഞ്ച്, ഏലം, കാപ്പി എന്നിവക്കും മിതമായ കാലാവസ്ഥയേ പാടുള്ളു. അതു കൊണ്ടാണ് ഇവ വയനാട്ടിലും ഇടുക്കിയിലും പ്രസിദ്ധിയാര്ജ്ജി ച്ചത്. 2011 ൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധത്തിൽ കേരളത്തിൽ 142 തരം വിളകളാണ് കൃഷി ചെയ്യുന്നത് എന്ന് കണ്ടു. ഈ സംഖ്യ വളരെ കുറവാണ് എന്നു കണ്ടതിനാൽ കേരളത്തിൽ കൃഷി ചെയ്യുന്ന വിളകളുടെ ഒരു കണക്കെടുക്കണം എന്നു തീരുമാനിച്ചു. മാത്രമല്ല, അടുത്തകാലത്ത് പല പുതിയ പഴങ്ങളും പച്ചക്കറികളും സമാന കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ നിന്നു കൊണ്ട് വരുന്ന പ്രവണത വർദ്ധിക്കുന്നതായും ശ്രദ്ധയിൽ പെട്ടു. പഠനത്തിൽ നിന്നുള്ള വിവരങ്ങൾ അതിശയിപ്പിക്കുന്നതാണ്. കേരളത്തിൽ 82 സസ്യകുടുംബങ്ങളിൽ ഉൾപ്പെടുന്ന 452 വിളകൾ ഏറിയും കുറഞ്ഞുമായി കൃഷിചെയ്യുന്നുണ്ട്! നാടനും വിദേശിയുമടക്കം 118 പഴവർഗ്ഗങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്! പച്ചക്കറികൾ 73 എണ്ണമാണ്. ധാന്യങ്ങൾ -15, പയർവർഗങ്ങൾ-10, എണ്ണക്കുരുക്കൾ-8, കിഴങ്ങ് വിളകൾ 24, സ്റ്റാർച്ച്-മധുര വിളകൾ-8 എന്നിങ്ങനെയാണ് ഭക്ഷ്യയോഗ്യമായ മറ്റ് വിളകൾ. ഭക്ഷ്യയോഗ്യമായ വിളകൾ എല്ലാം കൂടി 256 എണ്ണമുണ്ട്. പാനീയ വിളകൾ 5 ഉം, സുഗന്ധ വിളകൾ 21 ഉം ആണ്. സാധാരണ വളർത്തുന്ന 45 ഔഷധ സസ്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തീറ്റപ്പുല്ലുകൾ 42 എണ്ണമുണ്ട്. ധാരാളം അലങ്കാര സസ്യങ്ങളുണ്ടെങ്കിലും പൂക്കൾ മുറിച്ചുപയോഗിക്കുന്ന (cut flowers) 20 എണ്ണത്തിന്റെ പേരു മാത്രമേ ലിസ്റ്റിൽ പെടുത്തിയിട്ടുള്ളൂ. അലങ്കാര ഇലകൾക്കു (cut foliage) വേണ്ടിയുള്ളവ 14 എണ്ണമുണ്ട്. മറ്റുള്ളവ, ആവരണ വിളകൾ-4, പച്ചില വിളകൾ-10, നാര് വിളകൾ-6 , റബ്ബര്-1, തൈലങ്ങൾ(essential oils)-7, പലവക ഉപയോഗങ്ങൾ-18 എന്നിങ്ങനെയാണ്. ഈ ലിസ്റ്റ് പോലും പൂർണ്ണമാകണമെന്നില്ല! ഇത്രയധികം വിളകൾ ഉണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവയുടെ എണ്ണം കുറവാണ്. മിക്കവയും പുരയിട കൃഷിയുടെ ഭാഗമായാണ് വളർത്തുന്നത്. കേരളത്തിൽ ഒരു ലക്ഷം ഹെക്ടറിനു മുകളിൽ വിസ്തൃതിയുള്ള വിളകൾ നാലെണ്ണമേ ഉള്ളൂ — തെങ്ങ്, റബ്ബർ, നെല്ല്, വാഴ എന്നിവ. ഇവയുൾപ്പെടെ 10,000 ഹെക്ടറിൽ കൂടുതൽ വിസ്തൃതിയുള്ള വിളകൾ 17 എണ്ണം മാത്രമാണ്. ഇവയെ വിസ്തീർണ്ണം അനുസരിച്ച് റാങ്ക് ചെയ്താലുള്ള ക്രമം: തെങ്ങ് (1), റബ്ബർ (2) , നെല്ല് (3), വാഴ (4), കമുക് (5), പ്ലാവ് (6), കാപ്പി (7), കുരുമുളക് (8), മാവ് (9), മരച്ചീനി (10), കശുവണ്ടി (11), ഏലം (12), തേയില (13), ജാതി (14), പപ്പായ (15), മുരിങ്ങ (16), കൊക്കോ (17). 5000 ഹെക്ടറിൽ കൂടുതൽ കൃഷിയുള്ളവയുടെ കണക്കും കൂടിയെടുത്താൽ അഞ്ചു വിളകൾ കൂടിയുണ്ടാവും, വാളൻ പുളി (18), കൈതച്ചക്ക (19), ചേമ്പ് (20), ചേന (21), പച്ചപയർ (22) എന്നിങ്ങനെ. Courtest: Dr C George Thomas

Related

Wild plants of Kerala 8632692286845741163

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -