സ്വന്തം ശവക്കുഴി തോണ്ടുന്ന പുരോഗമന മനുഷ്യന്മാർ!!! കെ സഹദേവൻ എഴുതുന്നു
"Civilized man has marched across the face of the earth and left a desert in his footprints" അതിശയോക്തി കലർന്ന ഒരു പ്രസ്താവനയ്ക്...
https://nilgirifoundation.blogspot.com/2022/05/blog-post_17.html
"Civilized man has marched across the face of the earth and left a desert in his footprints"
അതിശയോക്തി കലർന്ന ഒരു പ്രസ്താവനയ്ക്കപ്പുറത്തേക്ക് ഗുരുതരമായ യാഥാർത്ഥ്യത്തിന് നേരെ വിരൽ ചൂണ്ടുന്നതാണ് മേൽ സൂചിപ്പിച്ച വാചകങ്ങൾ.
അവശേഷിക്കുന്ന ഉർവ്വരതയുള്ള മേൽ മണ്ണ് കൂടി കുത്തിയൊലിച്ചു പോവുകയാണ്; എത്രയോ തലമുറകളെ ഊട്ടേണ്ട മേൽ മണ്ണ്! കാസറഗോഡ് ജില്ലയിലെ മയ്യീച്ചയിലേതാണ് ചിത്രം.
ഇത് മയ്യീച്ചയുടെ മാത്രം കഥയല്ല; കേരളത്തിലെ ഇടനാടൻ കുന്നുകൾ ഒക്കെയും ഒരു മഴ വന്നാൽ പൊട്ടിയൊലിച്ചു പോകാവുന്നത്ര ദുർബലമായിരിക്കുന്നു.
''പാറ പൊടിഞ്ഞ് മണ്ണുണ്ടാകുന്നു" എന്ന ലളിത യുക്തിയിലൂടെ വിദ്യാഭ്യാസം ആരംഭിക്കുന്ന ഒരു ജനതയ്ക്ക് ഉർവ്വരതയുള്ള മണ്ണിൻ്റെ സൂക്ഷ്മ സങ്കീർണ്ണതകളെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല.
കുത്തിയൊലിച്ചു പോകുന്ന മലവെള്ളപ്പാച്ചിലിലും കൊടുങ്കാറ്റിൽ പറന്നുയരുന്ന ധൂസര ധൂളികളിലും പതിനായിരക്കണക്കിന് വർഷങ്ങളുടെ ശ്രമഫലമായി പ്രകൃതി തയ്യാറാക്കിയെടുത്ത ജൈവ പോഷണങ്ങളുടെ സഞ്ചയമാണെന്നത് നമ്മെ ആശങ്കപ്പെടുത്തേണ്ടതാണ്.
നാഗരികതകളുടെ നിലനിൽപും മേൽ മണ്ണിൻ്റെ ആരോഗ്യവും തമ്മിലുള്ള ബന്ധം ഇന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട സംഗതിയാണ്.
മേൽമണ്ണിൻ്റെ പ്രാധാന്യം തിരിച്ചറിയാത്ത, മേൽമണ്ണ് സംരക്ഷിക്കാത്ത എല്ലാ നാഗരികതകളും ചരിത്രത്തിൽ നാമാവശേഷമായിട്ടുണ്ട്.
വികസന കുത്തൊഴുക്കിൽ നഷ്ടമാകുന്ന മേൽമണ്ണിനെക്കുറിച്ചോർക്കാൻ ഇനിയെങ്കിലും നാം തയ്യാറായേ മതിയാകൂ; കാരണം നമ്മുടെ അലസതയ്ക്ക് വില നൽകേണ്ടി വരിക നമ്മുടെ കുഞ്ഞുങ്ങളായിരിക്കും.
Sahadevan K Negentropist

