സമാഗമവും വിയോഗവും - ചെറുകഥ
പൂർണ്ണ ചന്ദ്രനെപോലെ ശോഭിച്ചുനിൽക്കുന്ന ആ ഭവനത്തിലേക്ക് ഒരിക്കൽകൂടി കയറുമ്പോൾ രേണുകയുടെ ഉള്ളിൽ നിരാശയുടെ വേലിയേറ്റമുണ്ടായി. ഓർമ്മകൾ അനശ്വരമ...
പൂർണ്ണ ചന്ദ്രനെപോലെ ശോഭിച്ചുനിൽക്കുന്ന ആ ഭവനത്തിലേക്ക് ഒരിക്കൽകൂടി കയറുമ്പോൾ രേണുകയുടെ ഉള്ളിൽ നിരാശയുടെ വേലിയേറ്റമുണ്ടായി. ഓർമ്മകൾ അനശ്വരമാക്കിയ ഈ ഭവനം അവയെ പുതുക്കുവാൻ തന്നെ സ്വാഗതം ചെയ്യുന്നപോലെ... താളുകൾ പിന്നിലേക്ക് മറിച്ചാൽ ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ അല്ല. നീണ്ട ഏഴു വർഷം...ഓർമ്മകൾ ഉള്ളിലേക്കിട്ട തീപ്പൊരികൾ കെടുത്താനുള്ള ജലം തേടി പാതകൾ പലതും താണ്ടി തേഞ്ഞുതുടങ്ങി പാദങ്ങൾ!!!
വാതിൽ തുറന്ന് അകത്തേക്ക് കയറി. എല്ലാം ഒന്ന് വൃത്തിയാക്കി അടുക്കിവെക്കണം. അതിനുമുമ്പ് ഒന്ന് കുളിച്ച് യാത്രക്ഷീണം മാറ്റണം. കുളികഴിഞ്ഞ് ഈറനോടെ രേണുക കണ്ണാടിയുടെ മുന്നിൽ വന്നുനിന്നു. ശാലീനത തുളുമ്പും മിഴിയിണയിലേക്ക് ചുരുണ്ട മുടിയിഴകൾ വീണിരിക്കുന്നു. ആരോ എറിഞ്ഞുടച്ച സ്ഫടികം പോലെ തകർന്ന മനസാണെങ്കിൽ പോലും അവളുടെ മുഖം സൂര്യതേജസ്സുപോലെ ശോഭിച്ചു. അവൾ കണ്ണാടിയിലൂടെ തൻ്റെ പ്രതിബിംബത്തെ നോക്കിനിന്നു. അവളുടെ മനസ്സിൽ നേരിയ ഒരു ചാഞ്ചാട്ടം അനുഭവപ്പെട്ടു. വിദൂരതയിൽ നിന്ന് ഓർമ്മകൾ പിന്നെയും പറന്നുവന്നിരിക്കുന്നു.
ഈ കണ്ണാടിയുടെ മൂല്യം എന്റെ വിരൂപത്തെ മറച്ചുപിടിക്കുകയാണ്. സത്യത്തിൽ ഞാനൊരു വിരൂപയാണ്. പാപങ്ങൾ മായ്ച്ചുകളയാനുള്ള വിദ്യതേടി യാത്ര ചെയ്യുന്ന ഒരു സഞ്ചാരി മാത്രമാണ് താൻ.
രേണുക വീടിൻ്റെ ബാൽക്കണിയിൽ വന്നുനിന്നു. ഇതായിരുന്നു പണ്ട് ഈ വീട്ടിൽ അവളേറ്റവും ഇഷ്ടപ്പെട്ടിരുന്ന സ്ഥലം. പണ്ട് അച്ഛനോടൊപ്പം ഇവിടെ നിന്നായിരുന്നു നാലുഭാഗത്തെയും പ്രകൃതിസൗന്ദര്യം കണ്ടാസ്വദിച്ചിരുന്നത്. പക്ഷെ, ഇന്നിവിടെ അവൾ ഒറ്റയാണ്. സത്യം പറഞ്ഞാൽ ഒറ്റയ്‌ക്കുള്ള ഒരു ജീവിതം ഒരു കാലത്ത് അവളേറെ ആഗ്രഹിച്ചിരുന്നു.
ചെറുപ്പംതൊട്ടേ സംരക്ഷണത്തിന്റെ ചങ്ങലക്കെട്ടുകൾ ഇല്ലാത്ത ഒരു സ്ത്രീയായി ജീവിക്കുവാൻ അവൾ ആശിച്ചു. ആ ആഗ്രഹം തന്റെ ജീവിതത്തിലെ മനോഹരമായ ഋതുക്കൾക്ക് പ്രഹരമേല്പിക്കുമെന്ന് അന്നൊന്നും കരുതിയിരുന്നില്ല. ഇപ്പോഴിതാ ഒരു പുരുഷന്റെ സംരക്ഷണവലയത്തിൽ ഒതുങ്ങിക്കൂടാൻ മനസ്സ് വെമ്പൽ കൊള്ളുന്നു. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ ദൂരെ മേഘപാളികൾക്കിടയിലൂടെ തലയുയർത്തി നിൽക്കുന്ന അവഴിമല പണ്ടത്തെപോലെ ഇന്നും അവളിൽ കൗതുകമുണർത്തുന്നു. സൂര്യൻ അവഴിമലയിലേക്ക് താഴ്ന്നിറങ്ങുന്നത് കാണാൻ പണ്ട് അച്ഛനോടൊപ്പം ഭവാനിപ്പുഴയുടെ തീരത്തുപോയി നിൽക്കുമായിരുന്നു. സൂര്യൻ അതാ ഇപ്പോൾ മലയെ തേടിപോകുന്നു. അവൾ ഭവാനിപ്പുഴയുടെ തീരത്തേക്ക് പോകുവാൻ തീരുമാനിച്ചു.
മലഞ്ചെരിവിലൂടെ അമൽ പതിവുപോലെ ഏകനായ് നടക്കുകയായിരുന്നു. ദൂരെ ഒരു വൃക്ഷത്തിൽ രണ്ട് അണ്ണൻ ഓടിക്കളിക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പെട്ടു. പെണ്ണണാൻ തൻ്റെ പ്രിയതമന് പിടികൊടുക്കാതെ ഓടിയൊളിക്കുന്നു. ആണ്ണണാൻ തൻ്റെ പ്രിയതമയോടുള്ള അടങ്ങാത്ത പ്രണയത്താലും ആസക്തിയാലും വിടാതെ പിന്തുടരുകയും, കാണാതായാൽ നിരാശയോടെ തിരയുകയും പിന്നെ കണ്ടുകിട്ടിയാൽ വീണ്ടും പിന്തുടരുകയും ചെയ്യുന്നു. ആ രംഗങ്ങൾ വീക്ഷിച്ചുനിൽക്കുന്നതിനിടയിൽ അയാൾ സമയം പോയതറിഞ്ഞില്ല. അസ്തമയ സൂര്യൻ ചക്രവാളത്തിൽ താഴ്ന്നിറങ്ങാൻ തുടങ്ങിയിരുന്നു. താഴ്വാരത്തെത്തിയപ്പോൾ ദൂരെ ഭവാനിപുഴയുടെ തീരത്ത് ഒരു വെള്ളവസ്ത്രധാരിയായ ഒരു സ്ത്രീയെ അയാൾ കണ്ടു. സന്ധ്യയായിട്ടും പുഴത്തീരത്ത് ഒറ്റക്ക് നിക്കുന്ന സ്ത്രീ അയാളിൽ അത്ഭുതം ജനിപ്പിച്ചു. ധൃതിയിൽ ആരാമത്തിനിടയിലൂടെ സ്ത്രീയെകണ്ട ദിശയിലേക്ക് അയാൾ നടന്നു. അവൾ ധരിച്ചിരുന്ന വെള്ളവസ്ത്രം കാറ്റിൽ വീശികളിച്ചിരുന്നു. അയാൾ അവളുടെ അരികിൽ ചെന്ന് നിന്ന് ഭീകരമായ ആകാംഷയോടെ മെല്ലെ ചുമച്ച് ശബ്ദമുണ്ടാക്കി. അവൾ അയാളെ തിരിഞ്ഞുനോക്കി. അയാളെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ വികാരങ്ങൾ അലതല്ലി. ആ സ്ത്രീയുടെ മുഖം കണ്ടതും അയാളുടെ മനസ്സ് നിരാശയിലേക്ക് കൂപ്പുകുത്തി.
"ഞാൻ കരുതി... നീ ഇനി തിരികെ വരിലായിരിക്കുമെന്ന്.." അയാളുടെ ശബ്ദമിടറി
"എന്നോട് ക്ഷമിക്കണം... അച്ഛനും അമ്മയും നിർബന്ധിച്ചപ്പോൾ എന്നിക്ക് വേറെ വഴിയുണ്ടായിരുന്നില്ല"
അയാളുടെ മനസ്സ് പ്രക്ഷുബ്ധമായി. മറുപടി ഒന്നും പറയാതെ അയാൾ അവിടെ നിന്ന് നടന്നകന്നു.
തിരികെ വീട്ടിലെത്തിയ രേണുക ബാൽക്കണിയിൽ ചിന്താവിഷ്ടയായി ഇരുന്നു. മനസ്സിൽ അന്ധകാരം നിറയുന്നതായി അനുഭവപ്പെട്ടു. ഇപ്പോൾ അവൾക്ക് ജീവിതം എന്ന് പറയുന്നത് ഒരു അർത്ഥവുമില്ലാത്ത കുറേ ദിവസങ്ങളുടെ കൂട്ടമാണ്. തെറ്റിന്റെ മാധുര്യവും ശാരിയുടെ കയ്പ്പും രുചിച്ച് ജീവിതത്തിൽ നാവിന് വിരസത സംഭവിച്ചിരിക്കുന്നു. കര തിരമാലകളെ തട്ടിയകറ്റിയാലും അവ പിന്നെയും തിരിച്ച് കരയെ തേടി വരുന്നപോലെ..ഓർമ്മകൾ അവളെത്രെ തട്ടിയകറ്റാൻ ശ്രമിച്ചാലും അത് വീണ്ടും അവളെതേടി വരുന്നു. വിഷം പേറുന്ന സർപ്പംകണക്കെ പാപങ്ങൾ പേറുന്ന ആ ഓർമ്മകൾ അവളുടെ ആത്മാവിന്റെ ചൈതന്യം നഷ്ട്ടപെട്ട വിവരം പിന്നെയും അവളെ ഓർമപ്പെടുത്തുന്നു.
ജാബിർ അത്തമാനകത്ത്
.jpg)