കർക്കിടകത്തിൽ മാത്രമാക്കണോ ഇലക്കറികൾ?

'കായേം ചേനേം മുമ്മാസം ചക്കേം മാങ്ങേo മുമ്മാസം താളും തകരേം മുമ്മാസം അങ്ങനേം ഇങ്ങനേം മുമ്മാസം' ഇതായിരുന്നു ഒരു കാലത്ത് അർദ...

'കായേം ചേനേം മുമ്മാസം
ചക്കേം മാങ്ങേo മുമ്മാസം
താളും തകരേം മുമ്മാസം
അങ്ങനേം ഇങ്ങനേം മുമ്മാസം'

ഇതായിരുന്നു ഒരു കാലത്ത് അർദ്ധ പട്ടിണിക്കാരനായ മല്ലുവിന്റെ മൃത്യുംഞ്ജയ മന്ത്രം.

പഞ്ഞക്കർക്കടകം, കള്ളക്കർക്കടകം എന്നിങ്ങനെ ഓർമ്മകളിൽ വറുതിയുടെ(ഒരു കാലത്ത് നില നിന്നിരുന്ന ) സ്മരണകൾ ഉയർത്തുന്ന മാസം.
 ഈ മാസം തന്നെയാണ് പുണ്യമാസമായി ഹിന്ദുക്കൾ കരുതുന്നത്. രാമായണ മാസം.

പിതൃസ്മരണകൾ ഉണർത്തുന്ന കർക്കടക വാവ്ബലിയും ഈ മാസം തന്നെ.ജന്മാന്തരങ്ങളിലൂടെ പകർന്ന് കിട്ടിയ ജനിതക നൈരന്തര്യത്തിന് പിൻതലമുറകൾ പൂർവ്വസ്സൂരികൾക്ക് നൽകുന്ന ആദരവ്.

 യമധർമ്മൻ, ചിത്രഗുപ്തന്റെ സഹായത്തോടെ തന്റെ വാർഷിക ടാർഗറ്റ് തികയ്ക്കുന്ന  സമയമാണ് കർക്കടകം എന്ന് തമാശ പറയാറുണ്ട് .കാലവർഷത്തിന്റെ കാർക്കശ്യം കൊണ്ടും വറുതി മൂലമുള്ള പൊറുതിയില്ലായ്മ കൊണ്ടും വൃദ്ധജനങ്ങൾ കൂടുതലായി യമലോകം പൂണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

 ചക്കയുടെ സീസൺ ഒക്കെ കഴിഞ്ഞ് പ്രത്യേകിച്ചൊന്നും വിളവെടുക്കാൻ ഇല്ലാത്ത മാസം. എന്നാൽ വരാൻ പോകുന്ന പൊന്നിൻ ചിങ്ങത്തെ പ്രതീക്ഷയോടെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന മാസം.

 ശരീരത്തിന്റെ ബലം കുറയുന്ന സമയമാണിത്. അത് കൊണ്ട് തന്നെ ആരോഗ്യ സംരക്ഷണമാസം കൂടിയാണിത്.

 ധനവാൻമാർക്ക് സുഖചികിത്സയുടെ കാലം.

ദഹനശേഷിയും രോഗപ്രതിരോധ ശേഷിയും കുറയുന്ന സമയം ആയതിനാൽ തന്നെ അധ്വാനവർഗ്ഗത്തിന് ശരീരം സ്വാസ്ഥ്യത്തോടെ നില നിർത്തേണ്ട ദിവസങ്ങൾ. ഈ ദിവസങ്ങളിൽ പത്തിലക്കറിയും ഔഷധക്കഞ്ഞിയും എണ്ണതേച്ചുകുളിയുമൊക്കെ ഏറെ നന്ന് എന്ന് ആയുർവേദം.
ഔഷധം ആഹാരം പോലെ വാങ്ങി വിഴുങ്ങുന്ന കാലത്ത് 'ആഹാരം തന്നെയാണ് ഔഷധം' എന്ന് നമ്മളെ ഇനി ആരാണ് പഠിപ്പിക്കേണ്ടത്?

'ഒരു ചെടിയും പാഴല്ല' എന്ന് പ്രകൃതി നമ്മെ പഠിപ്പിക്കുന്നു. മണ്ണിൽ നിന്നും ജലവും ലവണങ്ങളും അന്തരീക്ഷത്തിൽ നിന്നും കാർബണും ജീവവായുവും ആകാശത്തു നിന്നും കോസ്മിക് എനർജിയും സങ്കലിപ്പിക്കുന്ന ഏത് ചെടിയും,ഒരല്പം വിവേചനബുദ്ധിയോടെ ഭൂജിക്കുന്നതിൽ പേടിക്കേണ്ട ഒരു കാര്യവുമില്ല.അവ വിഷമുള്ളത് ആകരുത് എന്ന് മാത്രം.
 ഭേദപ്പെട്ട രുചിയും, നമ്മെ മടുപ്പിക്കാത്ത മണവും ഉണ്ടെങ്കിൽ തൊടിയിലെ ഏത് ചെടിയും ഭക്ഷണമാക്കാം. അങ്ങനെ ആണല്ലോ നമ്മുടെ ആടുമാടുകളും ഒക്കെ നിലനിന്ന് പോരുന്നത്.

പുറം രാജ്യങ്ങളിൽ നിന്നും പണം വരാൻ പാങ്ങില്ലാത്ത  ഭൂതകാലകർക്കടകങ്ങളിൽ നമ്മുടെ ദരിദ്രനാരായണന്മാരുടെ ജഠരാഗ്നി ശമിപ്പിച്ചതിൽ തൊടിയിലെ ഇലച്ചെടികൾക്കുള്ള പങ്ക് വിസ്മരിക്കാൻ കഴിയുമോ?

എല്ലാക്കാലത്തും കഴിക്കാവുന്ന, അല്ലെങ്കിൽ കഴിക്കേണ്ട ഭക്ഷണമാണ് ഇലക്കറികൾ.

 ആനയ്ക്ക് പനമ്പട്ട പോലെ, പശുക്കൾക്ക് പച്ചപ്പുല്ലു പോലെ, ആടിന് പ്ലാവില പോലെ, മനുഷ്യർ നിത്യവും ഇലക്കറികൾ കഴിക്കണം. അത് കുടലിന്റെ ചലന ശക്തി വർധിപ്പിക്കുന്നു. അതിലുള്ള ദഹിക്കുന്നതും ദഹിക്കാത്തതും  ആയ നാരുകൾ,കുടലിൽ കെട്ടി നില്ക്കാൻ സാധ്യത ഉള്ള വിഷാമ്ശത്തെ പുറത്തേക്ക് തള്ളുന്നു.

 വിസ്സർജ്യത്തിന് ശരിയായ മാർദ്ദവം നൽകി ദഹന വ്യൂഹത്തിന്റെ അധോഭാഗങ്ങളെ ക്ഷതമേൽക്കാതെ കാക്കുന്നു.

അങ്ങനെ നോക്കുമ്പോൾ പത്തരമാറ്റുള്ള ഭക്ഷണങ്ങൾ തന്നെ ആണ് പച്ചിലകൾ.

 സ്വാസ്ഥ്യത്തെ കുറിച്ച് അവബോധമുള്ള ഏത് ജനതയുടെ ഭക്ഷണ രീതി പരിശോധിച്ചാലും അവരെല്ലാം വലിയ പ്രാധാന്യം പച്ചിലകൾക്ക് നൽകുന്നതായി കാണാം. ഭക്ഷണത്തിന് വിശ്വാസപരമായും ആചാരപരമായും ഉള്ള ചില നിബന്ധനകൾ നൽകിയിരിക്കുന്നത് ആ സുശീലങ്ങളിൽ നിന്നും നമ്മൾ വ്യതിചലിച്ച് പോകാതിരിക്കാൻ ആകുമെന്ന് കരുതാം.

'കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു, കർക്കിടകത്തിൽ പത്തില തിന്നണം, കർക്കടകത്തിൽ പട്ടിണി കിടന്നത് പുത്തരി കഴിച്ചാൽ മറക്കരുത്, കർക്കടകചേന  കട്ടിട്ടായാലും കൂട്ടണം, കർക്കടകത്തിൽ പത്തുണക്ക്, കർക്കടകത്തിലെ കറുത്ത വാവിന് കരിമ്പോത്തിന്റെ തുട വിറയ്ക്കും എന്നിങ്ങനെ നിരവധി ചൊല്ലുകളുണ്ട്.

'കർക്കടകത്തിലെ കുശവനെ'  പോലെ മറ്റ് പുറം പണികൾ ഒന്നും ചെയ്യാനാകാതെ പെരയ്ക്കകത്തു ഇരിക്കേണ്ടി വരുമ്പോൾ പിന്നെ ദേഹരക്ഷയ്ക്ക് ഉള്ള കാര്യങ്ങൾ ചെയ്യുക തന്നെ കരണീയം. ഈശ്വര വിശ്വാസത്തോടെ, പിതൃക്കളെ നന്ദിയോടെ സ്മരിച്ച്‌,വരാൻ പോകുന്ന നല്ല കാലത്തെ സ്വപ്നം കൊണ്ടിരിക്കുകയായിരുന്നു ഒരു കാലത്ത് കർക്കടകത്തിൽ കേരളത്തിന്റെ പഴക്കം. കൊല്ലാവസാനം(മലയാളം കലണ്ടർ പ്രകാരം ) വിശ്രമത്തിന്റെ നാളുകൾ. ആ സമയത്ത് സൂക്ഷിച്ചു വച്ചിരിക്കുന്ന ചക്കക്കുരുവും ആഞ്ഞിലിക്കുരുവും കശുവണ്ടിയുമൊക്കെ ചുട്ടുതിന്നുന്ന ഒരു കാലം. ഉരുക്കിയ ശർക്കരയിൽ ഉണക്കത്തവിട് ചേർത്ത് കുഴച്ചു പരത്തി ചട്ടിയിൽ തവിടപ്പം ചുട്ടെടുത്ത് രുചിയോടെ കഴിച്ച നാളുകൾ..

യൂറോപ്യനും ജപ്പാൻകാരനും ചൈനക്കാരനും, എന്തിന് തമിഴനും തെലുങ്കനും കഴിക്കുന്നത്ര ഇലക്കറികൾ ഒരു ശരാശരി മലയാളി കഴിക്കുന്നുണ്ടോ? അതും പോട്ടെ ഈ കർക്കടകത്തിൽ പത്തിലക്കറി ഉണ്ടാക്കാൻ ഉള്ള പത്ത് ചെടികൾ തികച്ചെടുക്കാൻ ഇന്ന് എത്ര വീടുകളിൽ ഉണ്ടാകും?

നെയ്യുരുണി, താള്, തകര, കുമ്പളം, മത്തൻ, വെള്ളരി, ആന കൊടിത്തൂവ, ചീര, ചേന, ചേമ്പില എന്നിവയാണ് പൊതുവേ പത്തിലകൾ ആയി കണക്കാക്കുന്നത്. അതിൽ ചില പാഠഭേദങ്ങൾ കാണാറുണ്ട്.

കൂടാതെ പറമ്പുകളിൽ ഒരു കാലത്ത് സുലഭമായിരുന്ന തഴുതാമ, മുള്ളൻ ചീര, സാമ്പാർ ചീര, പയറിന്റെ ഇല, ചങ്ങലം പരണ്ട എന്നിവയൊക്കെ കറികളിൽ  ചേർത്ത് കഴിക്കാവുന്നതാണ്. കുട്ടികളെക്കൊണ്ട് കഴിപ്പിക്കുന്നതിനായി ഇവയൊക്കെ,അടയുണ്ടാക്കുമ്പോൾ ചേർത്തോ, കുറുക്കിയോ, ഹൽവ ആയോ, ഓംലറ്റ്, ദോശ, ഇഡ്ഡലി എന്നിവയിൽ ചേർത്തോ ചമ്മന്തി അരയ്ക്കുന്നതിൽ ചേർത്തോ ഒക്കെ പരീക്ഷിക്കാവുന്നതാണ്.ഒപ്പം നല്ല കാന്താരി മുളക് ചേർത്ത് പാകം ചെയ്‌താൽ അതും ആരോഗ്യത്തിനു നല്ലത് തന്നെ.

ഇലക്കറികൾ സ്ഥിരമായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പറയാവതല്ല.

ഹരിതകം പോലെയുള്ള വർണകങ്ങൾ നല്ല ആന്റി ഓക്സിഡന്റുകളാണ്. അവയിൽ ഉള്ള പോളിഫീനോളുകളും അപ്രകാരം തന്നെ .

 കലോറി കുറഞ്ഞ ഭക്ഷണമാകയാൽ പൊണ്ണത്തടി കുറയ്ക്കും.

ഫോളിക് ആസിഡ് സമ്പുഷ്ടമാകയാൽ കോശവളർച്ചയെ ഉദ്ദീപിപ്പിക്കും.

ഉയർന്ന അളവിൽ നാരുകൾ ഉള്ളതിനാൽ വിസർജനം സുഗമമാക്കും.

ഉയർന്ന തോതിൽ വിറ്റാമിനും ധാതുക്കളും ഉള്ളതിനാൽ രോഗ പ്രതിരോധ ശേഷി കൂട്ടും.

നന്നായി മൂത്രത്തിന്റെ അളവ്  കൂട്ടി വൃക്കകളെ ശുദ്ധീകരിക്കും.

 രക്തത്തിലെ കൊഴുപ്പിനെ കുറയ്ക്കും. കൊളസ്ട്രോളിനെ നിയന്ത്രിക്കും. രക്ത സമ്മർദം ക്രമീകരിക്കും.

ചുരുക്കത്തിൽ ഇലക്കറികൾ ശീലമാക്കിയാൽ മലയാളി ഇന്ന് നേരിടുന്ന ഒരു പിടി ആരോഗ്യപ്രശ്നങ്ങൾ തീണ്ടാപ്പാടകലത്തിൽ നിർത്താൻ സാധിക്കും.

ഇംഗ്ലീഷ് ഇലക്കറികളെ ഇത്തരുണത്തിൽ മാറ്റി നിർത്തേണ്ട കാര്യമില്ല. ലെറ്റ്യൂസ് ,കാബേജ്, ബ്രോക്കോളി ഇലകൾ, സ്പിനാഷ്, കെയിൽ, ലീക്, സെലറി, മല്ലിയില,അരുഗുല(Rocket Lettuce ) എന്നിവയും  ആഹരിക്കാം.

ഒപ്പം,വള്ളി ചീര, മധുര ചീര, പൊന്നാരി വീരൻ, ചായ മൻസ, സൗഹൃദ ചീര, പൊന്നാംകണ്ണി ചീര, മധുരക്കിഴങ്ങിന്റെ ഇല, കുടങ്ങൽ ഇല, കോവയ്ക്കയുടെ ഇല, ഇളം പ്ലാവില എന്നിവയൊക്കെ മാറി മാറി, വിരസതയുണ്ടാകാത്ത വിധം തീന്മേശകളിൽ എത്തിക്കാവുന്നതാണ്.

 കർക്കടക മാസത്തിൽ മുരിങ്ങയിലെ മാത്രം തല്ക്കാലം ഒഴിവാക്കുന്നത് നന്നായിരിക്കും. ചിലപ്പോൾ വയറ്റിന് പിടിച്ചെന്ന് വരില്ല.

എന്നാൽ അങ്ങട്..
പ്രമോദ് മാധവൻ

Related

Health tips Malayalam 5182095049070206299

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -