ഇലവീഴാപ്പൂഞ്ചിറകൾ ഉരുൾവീഴും പൂഞ്ചിറയാക്കുന്നതാകരുത് വികസനം.
ഇലവീഴാപ്പൂഞ്ചിറ ഉരുൾവീഴും പൂഞ്ചിറയാകുകയാണോ? ...... വീണ്ടും ഒരു ഉരുൾപൊട്ടൽക്കാലം എത്തി. തിമിർത്തു പെയ്യുന്ന മഴയിൽ കേരളത്തിൻ്റെ മല...
https://nilgirifoundation.blogspot.com/2022/08/blog-post.html
ഇലവീഴാപ്പൂഞ്ചിറ ഉരുൾവീഴും പൂഞ്ചിറയാകുകയാണോ?
......
വീണ്ടും ഒരു ഉരുൾപൊട്ടൽക്കാലം എത്തി. തിമിർത്തു പെയ്യുന്ന മഴയിൽ കേരളത്തിൻ്റെ മലയോര മേഖല നിരന്തര ഭീഷണിയുടെ നിഴലിൽ കഴിയുകയാണ്.
കോട്ടയത്ത് ഇലവീഴാപ്പൂഞ്ചിറ,
തീക്കോയി, ഇടുക്കി ജില്ലയിലെ കുമിളിയിൽ കൊല്ലം പട്ടട, കുരിശുമല, പളിയക്കുടി, കണ്ണൂർ ജില്ലയിൽ 24ാം മൈൽ പൂളക്കുറ്റി, തുടിയാട്ട്, കണിച്ചാർ എന്നിവിടങ്ങളിലൊക്കെ ഉരുൾപൊട്ടലും മലവെള്ളപ്പച്ചിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സർക്കാരും ദുരന്തനിവാരണ സമിതിയും 'ഉണർന്ന്' പ്രവർത്തിക്കും എന്നതിൽ സംശയമൊന്നുമില്ല. ദുരന്തപൂർവ്വ ഘട്ട(pre-disaster phase) മെന്ന ദുരന്ത കൈകാര്യകർതൃത്വത്തിലെ ഏറ്റവും സുപ്രധാന കാലമത്രയും 'ഉറങ്ങി'ക്കിടന്നിരുന്ന ഭരണകൂടത്തെയും ഡിസാസ്റ്റർ മാനേജ്മെൻ്റ്കാരെയും 'ഉണർത്താൻ' വലിയ ദുരന്തങ്ങൾ ആവശ്യമായി വരുന്നു എന്നതാണ് ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ ദുരന്തം.
2018ൽ കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ ആയിരക്കണക്കിന് ഉരുൾപൊട്ടലുകൾ സംഭവിച്ചിട്ടും, കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ട് കാലമായെങ്കിലും കേരളത്തിൻ്റെ മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് ശക്തമായ തെളിവുകൾ ലഭ്യമായിട്ടും ദുരന്തപൂർവ്വ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട ഒരു നടപടിയും കൈക്കൊള്ളാൻ അധികാരികൾ തയ്യാറായിട്ടില്ല.
സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെൻ്റ് വിഭാഗം ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു 'അപകട മേഖലാ ഭൂപടം' (hazardous zonation map) 2010 ൽ തയ്യാറാക്കിയിരുന്നുവെങ്കിലും ഇതിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് വ്യഞവും കൃത്യവുമായ ഒരു ഭൂവിനിയോഗ നയം (Land use policy) രൂപപ്പെടുത്താനോ നടപ്പിൽ വരുത്താനോ അധികാരികൾ തയ്യാറാകാത്തത് ദുരന്തങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നു.
ദീർഘവീക്ഷണമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളും ക്വാറിയിംഗും പശ്ചിമഘട്ട മേഖലയിൽ 'വിള്ളലുകൾ' (fractures) സൃഷ്ടിക്കുന്നുണ്ടെന്നും സോയിൽ പൈപ്പിംഗ് പോലുള്ള പ്രതിഭാസം വർദ്ധിക്കുന്നതിന് ഇവ കാരണമാകുന്നുവെന്നും സി.പി.രാജേന്ദ്രനെപ്പോലുള്ള ഭൗമ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ദുരന്തപൂർവ്വ ഘട്ടത്തെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ദുരന്ത കൈകാര്യകാര്യ നയം, ആവർത്തിച്ചു വരുന്ന പ്രകൃതിദുരന്തങ്ങളെ കൂടി പരിഗണിച്ചു കൊണ്ടുള്ള ഭൂവിനിയോഗ രീതി, കാലാവസ്ഥാ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള സാമ്പത്തിക- വികസന കാഴ്ചപ്പാടുകൾ എന്നിവ അടിയന്തിര പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതുമാണ്.
ഇലവീഴാപ്പൂഞ്ചിറ പോലുള്ള മനുഷ്യവാസം കുറഞ്ഞ പ്രദേശങ്ങളിലും വനമേഖലകളുടെ ഉൾഭാഗങ്ങളിലും ഉരുൾപൊട്ടലുകൾ സംഭവിക്കുന്നത് കൂടുതൽ ഗൗരവത്തോടെ കാര്യമാണ്. ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുതാഴെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഫ്രാക്ചറുകൾ ഏതൊക്കെ രീതിയിൽ വികസിക്കുന്നുവെന്നത് സംബന്ധിച്ച പഠനം അത്യാവശ്യമായും നടക്കേണ്ടതുണ്ട്. അതുപോലെത്തന്നെ വനമേഖലയിലെ മണ്ണിലെ ജൈവാംശത്തിൻ്റെ (organic matter) കുറവും പ്രത്യേക പരിഗണന അർഹിക്കുന്ന കാര്യമാണ്.
ഇലവീഴാപ്പൂഞ്ചിറകൾ ഉരുൾവീഴും പൂഞ്ചിറയാക്കുന്നതാകരുത് വികസനം.
K. Sahadevan