പുസ്തക നിരൂപണം - Saving Us: A Climate Scientist's Case for Hope and Healing in a Divided World" by K Sahadevan

'കാലാവസ്ഥാ വ്യതിയാനം' ഒരു യാഥാർത്ഥ്യമാണെന്നതിന് ശാസ്ത്രലോകം  നിരവധി ശാസ്ത്രീയ തെളിവുകൾ നിരത്തുന്നുണ്ട്; കൃത്യമായി പറഞ്ഞാ...

'കാലാവസ്ഥാ വ്യതിയാനം' ഒരു യാഥാർത്ഥ്യമാണെന്നതിന് ശാസ്ത്രലോകം  നിരവധി ശാസ്ത്രീയ തെളിവുകൾ നിരത്തുന്നുണ്ട്; കൃത്യമായി പറഞ്ഞാൽ 26,500 സ്വതന്ത്ര ശാസ്ത്രീയ തെളിവുകൾ!ഫലവൃക്ഷങ്ങൾ കാലംതെറ്റി പൂക്കുന്നതു തൊട്ട് ശലഭങ്ങൾ വടക്കൻ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നതും, ഹിമാനികൾ ഉരുകുന്നതും അടക്കമുള്ളവ.

നിത്യജീവിതത്തിൽ ഇവയൊക്കെ കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ തന്നെയും കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവമായി കണക്കിലെടുക്കാൻ പലരും മടിച്ചു നിൽക്കുന്നതെന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് നമ്മുടെ ഭരണകൂടങ്ങൾ ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലുകൾക്ക് തയ്യാറാകാത്തത്? 

ശാസ്ത്രലോകം നൽകുന്ന മുന്നറിയിപ്പുകൾ ജനങ്ങളുടെ ദൈനംദിന വ്യവഹാരങ്ങളെ സ്പർശിക്കാത്തതെന്തുകൊണ്ടായിരിക്കും?
'കാലാവസ്ഥാ വിശ്വാസി' (climate believers)കളെന്നും 'കാലാവസ്ഥാ നിഷേധകരെ' (climate deniers)ന്നും ഉള്ള വിഭജനം എത്രകണ്ട് ശരിയാണ്?
സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ- ഭൂമിശാസ്ത്ര-കാരണങ്ങളാൽ ഇത്രയേറെ വിഭജിതമായ ഒരു ലോക സാഹചര്യത്തിൽ കാലാവസ്ഥാ പ്രതിസന്ധിയെന്നത് ഒരു പൊതുവിഷയമായി ഉയർത്തിക്കൊണ്ടു വരുന്നതെങ്ങിനെ?

ലോകമെങ്ങുമുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞരുടെയും ആക്ടിവിസ്റ്റുകളുടെയും മുന്നിലുള്ള ഈ ചോദ്യങ്ങൾക്ക് ഉത്തരം കാണാനുള്ള ശ്രമമാണ് കാതറീൻ ഹേഹോ (Katherine Hayhoe) തൻ്റെ പുസ്തകത്തിലൂടെ (Saving Us: A Climate Scientist's Case for Hope and Healing in a Divided World) നിർവ്വഹിക്കുന്നത്.

Atmospheric scientist എന്ന നിലയിൽ പ്രശസ്തയായ കാതറീൻ ഹേഹോ, പൊളിറ്റിക്കൽ സയൻ്റിസ്റ്റ്, സയൻസ് കമ്യൂണിക്കേറ്റർ എന്നീ മേഖലകളിലും വൈദഗ്ദ്ധ്യം തെളിയിച്ച വ്യക്തിയാണ്. അതുകൊണ്ടുതന്നെ കാലാവസ്ഥാ വ്യതിയാനം പോലുള്ള, ഭാവിയെക്കുറിച്ച് ഉത്കണ്ഠ മാത്രം സമ്മാനിക്കുന്ന, ഒരു വിഷയത്തെ സംബന്ധിച്ച് പ്രതീക്ഷാനിർഭരമായ സ്വരത്തിൽ സംസാരിക്കാൻ അവർക്ക് സാധിക്കുന്നു.

കാലാവസ്ഥാ വ്യതിയാന വിഷയത്തെക്കുറിച്ച് വളരെ ആലോചനാപൂർവ്വം സംവാദത്തിലേർപ്പെടേണ്ടതുണ്ടെന്ന് കാതറീൻ നമ്മെ ഓർമ്മിപ്പിക്കുന്നു.  ''ഭയവും ഉത്കണ്ഠയും എന്തെങ്കിലും തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നതിനേക്കാൾ അവയിൽ നിന്ന് പിന്തിരിയാനോ, നിഷ്ക്രിയരാകാനോ, ഉപേക്ഷിക്കുവാനോ മാത്രമേ സഹായിക്കുകയുള്ളൂ" എന്ന് ന്യൂറോ സയൻ്റിസ്റ്റ് ടാലി ഷാരോട്ടിനെ ഉദ്ധരിച്ചു കൊണ്ട് അവർ പറയുന്നു.

'കാലാവസ്ഥാ നിഷേധ'ത്തിൻ്റെ സാമൂഹിക-മന:ശ്ശാസ്ത്ര കാരണങ്ങളെക്കുറിച്ച് കാതറീൻ ഓർമ്മിപ്പിക്കുന്നതിങ്ങനെ; ''ശാസ്ത്ര നിഷേധം ( മാധ്യമ) തലക്കെട്ടുകളിൽ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനത്തിലെ ശാസ്ത്രത്തെ ആളുകൾ നിരസിക്കുന്നത്  അപൂർവമാണ്. അമ്പത്തിയാറോളം രാജ്യങ്ങളിൽ നടത്തിയ ഒരു പഠനത്തിൽ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങൾ വിദ്യാഭ്യാസവുമായോ അറിവുമായോ അല്ല, മറിച്ച് "മൂല്യങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, ലോകവീക്ഷണങ്ങൾ, രാഷ്ട്രീയ ആഭിമുഖ്യം" എന്നിവയുമായാണ് ശക്തമായി ബന്ധപ്പെട്ടിരിക്കുന്നത്.''

ഇക്കാരണങ്ങൾ കൊണ്ടു തന്നെ കാലാവസ്ഥാ വിഷയത്തിൽ നിങ്ങൾ സംവദിക്കുന്ന മനുഷ്യരുമായി പൊതുവായി പങ്കുവെക്കാവുന്ന കാര്യങ്ങളിലൂടെ സംവാദത്തിന് തുടക്കമിടാൻ ശ്രദ്ധിക്കണമെന്ന് കാതറീൻ തൻ്റെ അനുഭവങ്ങളിലൂടെ വിശദീകരിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം ഒരു ആഗോള പ്രതിസന്ധിയായി നമ്മുടെ മുന്നിൽ അവതരിച്ചിരിക്കുമ്പോൾ പരസ്പര സഹകരണത്തിലൂടെ പ്രതീക്ഷാനിർഭരമായ ഒരു ഭാവി എങ്ങിനെ കെട്ടിപ്പടുക്കാമെന്ന് 22 അധ്യായങ്ങളിലൂടെ കാതറീൻ ഹേഹോ ചൂണ്ടിക്കാണിക്കുന്നു.

 ''ആഗോള താപനത്തെ ഒരു വിശ്വാസം (faith) എന്ന നിലയിൽ ഞാൻ അംഗീകരിക്കുന്നില്ല: ഞാൻ ഡാറ്റകൾ പരിശോധിക്കുകയും, മോഡലുകൾ വിശകലനം ചെയ്യുന്നു. അതോടൊപ്പം എഞ്ചിനീയർമാരെയും നഗരാസൂത്രകരെയും  പരിസ്ഥിതി ശാസ്ത്രജ്ഞരെയും ആഘാതങ്ങൾ കണക്കാക്കാൻ സഹായിക്കുന്നു.''

ഈ ഭൂമി ചൂടാകുകയാണെന്ന് ഡാറ്റകൾ നമ്മോട് പറയുന്നു; മനുഷ്യർ ഇക്കാര്യത്തിൽ ഉത്തരവാദികളാണെന്ന് ശാസ്ത്രം വ്യക്തമാക്കുന്നു. ഇന്ന് നാം കാണുന്ന പ്രത്യാഘാതങ്ങൾ ഇതിനകം തന്നെ ഗുരുതരമാണ്; നമ്മുടെ ഭാവി നമ്മുടെ കൈകളിലാണ്. നമ്മുടെ മുന്നിൽ അടിസ്ഥാനപരമായി മൂന്ന് തിരഞ്ഞെടുപ്പുകളുണ്ട്: ലഘൂകരണം (mitigation), പൊരുത്തപ്പെടുത്തൽ(adaptation), കഷ്ടപ്പാടുകൾ(sufferings).
നാം ഓരോരുത്തരും എന്തുചെയ്യാൻ പോകുന്നു എന്നതാണ് ചോദ്യം.

ഈ ചോദ്യങ്ങൾക്ക് പ്രതീക്ഷാ നിർഭരമായ ഉത്തരങ്ങൾ കണ്ടെത്താൻ നമ്മെ സഹായിക്കുകയാണ് കാതറീൻ തൻ്റെ പുസ്തകത്തിലൂടെ.

Book Review
Saving Us: A Climate Scientist's Case for Hope and Healing in a Divided World"
By Katherine Hayhoe
One Signal Publishers, 2021.


K. Sahadevan

Related

പുസ്തക നിരൂപണം 5198484943211848555

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -