140 നിർധന യുവതികളുടെ വിവാഹം നടത്തി കൊടുക്കുന്നത് അടക്കം, ജീവിതം പൊതുപ്രവർത്തനത്തിന് മാറ്റിവെച്ച ഒരു പാവം മനുഷ്യനെ വഞ്ചിച്ച കഥ
റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥനും, പൊതുപ്രവർത്തകനും ആയിരുന്ന ബാബുജിയുടെ അവസ്ഥ. 140 നിർധന യുവതികളുടെ വിവാഹം നടത്തി കൊടുക്കുന്നത് അടക്...
https://nilgirifoundation.blogspot.com/2022/08/140.html
റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥനും, പൊതുപ്രവർത്തകനും ആയിരുന്ന ബാബുജിയുടെ അവസ്ഥ.
140 നിർധന യുവതികളുടെ വിവാഹം നടത്തി കൊടുക്കുന്നത് അടക്കം, ജീവിതം പൊതുപ്രവർത്തനത്തിന് മാറ്റിവെച്ച നിസ്വാർത്ഥനായ ബാബുജിയുടെ കഥ
കോട്ടയത്ത് വാകത്താനം പഞ്ചായത്തിൽ കാടമുറിയിൽ ഈ കുടുംബം സ്വന്തമായി വാങ്ങി അതിൽ പണികഴിപ്പിച്ച "നമ്മൾ കുടുംബ വീട്ടി "ലെ വർഷങ്ങളായി അവർ താമസിക്കുന്ന മുറിയുടെ പൂട്ടു പൊളിച്ചു അതിൽ അതിക്രമിച്ചു കയറി മുഴുവൻ വീട്ടുപകരണങ്ങളും വിലപ്പിടിപ്പുള്ള രേഖകളും സ്വർണവും രൂപയും മുതൽ തുണ്ട് കടലാസ് വരെ അവിടെതന്നെ പ്രവർത്തിക്കുന്ന ആഞ്ജനേയ ആയുർവേദകേന്ദ്രത്തിന്റെ ഉടമകളും അവരുടെ ഗുണ്ടാകളും കവർച്ച ചെയ്ത് കൊണ്ടുപോയിട്ട് മൂന്നാഴ്ച കഴിഞ്ഞു.
പോലീസ് അധികൃതർ എല്ലാം നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടു എങ്കിലും ഇത് വരെയും ഒരു നടപടിയുമുണ്ടായില്ല. ഇപ്പോൾ ബഹു. കോടതി അടിയന്തിര നടപടിക്കായി പോലീസിനോട് ആവശ്യപ്പെട്ട സ്ഥിതിയിലെങ്കിലും കുറ്റക്കാർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് അനുസരിച്ച് കേസെടുത്ത് അവരെ ജെയിലിലടക്കണമെന്നും അവരുടെ കുടുംബ സ്വത്തുക്കൾ ടി കവർച്ചക്കാരിൽ നിന്ന് കണ്ടുകെട്ടി തിരികെ ഏൽപ്പിക്കണമെന്നും ഈ ക്രിമിനൽ ഗൂണ്ടായിസം അവസാനിപ്പിക്കണമെന്നും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി അധികൃതരോട് ശക്തമായി ആവശ്യപ്പെടുന്നു.. ഒപ്പം എല്ലാ മാധ്യമ സുഹൃത്തുക്കളും ബഹുജനങ്ങളും ഈ നീതികേടിനെതിരെ പ്രതികരിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു.
നാൽപത് വർഷത്തിലേറെയായി പൊതു പ്രവർത്തന രംഗത്തും പരിസ്ഥിതി മേഖലയിലും പ്രവർത്തിക്കുന്ന ഒരറുപത്തി ഒൻപത് കാരനും 65 ആയ ഭാര്യക്കും, സ്വന്തം കിടപ്പാടം വിറ്റും ഭാരിച്ച ബാധ്യത ഏറ്റെടുത്തും വയോധികർക്കുള്ള പൊതു ഭവനം നിർമ്മിച്ച് അതിലെ രണ്ടു മുറികളിൽ താമസിച്ചു വരുന്നവർക്കുണ്ടായ ദുരനുഭവമാണ് ഇത്.
ബാബുജിയെ കേരള സംസ്ഥാനത്തിന് പ്രത്യേകിച്ച് കോട്ടയം ജില്ലക്ക് പരിചിതനാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം , ബെഫി ജില്ലാ കമ്മിറ്റി അംഗം, അതിലുപരി ഇടത്പക്ഷ പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ രണ്ട് ദശാബ്ദം കോട്ടയത്തും തുടർന്ന് കൊല്ലത്ത് കൊട്ടാരക്കര ആശ്രയ അനാഥാലയത്തിന്റെ പ്രസിഡന്റ്, 140 നിർധനയുവതികളുടെ സമൂഹ വിവാഹത്തിന്റെ കോർഡിനേറ്റർ എന്നിങ്ങനെയും 2017ലെ ചരിത്ര പ്രധാനമായ പശ്ചിമ ഘട്ട രക്ഷായാത്രയുടെ പ്രയോക്താവായി, പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ ജനറൽ കൺവീനറായി , ഇപ്പോൾ ചെയർമാനായി കേരളമാകെ പ്രവർത്തന നിരതനായി നിൽക്കുന്നു. ഭാര്യ വിജയം വിദ്യാഭ്യാസ വകുപ്പിൽ, എൻജിഓ യൂണിയൻ വനിതാ കൗൺസിൽ അംഗമായി ദീർഘകാലം കോട്ടയത്ത് ഉണ്ടായിരുന്നു.
ഇവർ ഇന്ന് സ്വയം ചെയ്ത ഒരു നൻമ പ്രവർത്തിയുടെ ദുരനുഭവത്തിന്റെ , ക്രൂരമായ ക്രിമിനൽ ഗുണ്ടായിസത്തിന്റെ , അധികൃതരുടെ അവഗണനയുടെ ഇരകളാണ്.
കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ മൂന്നാം വാർഡിൽ പാണുകുന്നിൽ 2018 മുതൽ നമ്മൾ കുടുംബ വീട് എന്ന സ്ഥാപനം പ്രവർത്തിച്ചു വരുന്നു.. എൽ. വിജയം, മക്കൾ ബി. പാർവതി, ഡോ.ബി. രേവതി, വിജയത്തിന്റെ സഹോദരൻ എം. സോമനാഥ് എന്നിവരുടെ പേരിൽ വാങ്ങിയ 65.5 സെന്റ് സ്ഥലത്ത് ലക്ഷ്മി ശങ്കരം - ലക്ഷ്മീ മാധവം ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി 19 വർഷത്തെ ലീസിൽ കെട്ടിടം നിർമിച്ചാണ് " നമ്മൾ കുടുംബ വീട് " പ്രാവർത്തികമാകുന്നത്.
വാർധക്യത്തിലെത്തിയ പൊതു പ്രവർത്തനരംഗത്തെ സമാനമനസ്കർക്ക് ഒരുമിച്ച് താമസിക്കുന്നതിന് ഒരു പൊതുഇടം ആഗ്രഹിച്ചാണ് കുടുംബ വീട് നിർമ്മിക്കുന്നത്.
എന്നാൽ ആഗ്രഹിച്ചത് പോലെ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതിരുന്നതിനാലും കടുത്ത സാമ്പത്തിക ബാധ്യത മൂലവും 2019 ജൂൺ 3 മുതൽ ചാരിറ്റബിൾ ട്രസ്റ്റ്, ഉണ്ണികൃഷ്ണൻ ഗുരുക്കൾ ഉടമസ്ഥനായ ആഞ്ജനേയ ആയുർവേദ ഹോസ്പിറ്റലുമായി ചേർന്ന് 3 വർഷമായി ജോയിന്റ് വെഞ്ചർ എഗ്രിമെന്റിൽ ഒരു ആയുർവേദ ഹോസ്പിറ്റൽ പ്രവർത്തിച്ചു വരികയുമായിരുന്നു. 2022 , ജൂൺ 2 ന് കാരാർ കാലാവധി അവസാനിച്ചു. കരാറിലെ നിബന്ധനകൾ എല്ലാം അവർ നഗ്നമായി ലംഘിക്കുന്നു എന്നു കണ്ടപ്പോൾ തന്നെ പല പ്രാവശ്യം അവർക്ക് കത്തെഴുതുകയും സംസാരിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. പല പ്രാവശ്യം വാടക കരാർ പുതുക്കണമെന്നും അല്ലാത്ത പക്ഷം വീട് ഒഴിഞ്ഞു തരണമെന്നും ആവശ്യപ്പെടുകയും ചെയ്തു. ഒന്നിനും അവർ തയ്യാറാകാതെ വന്നപ്പോൾ 2022 മെയ് 30 ന് വീട് ഒഴിയാൻ ആവശ്യപ്പെട്ടു വക്കീൽ നോട്ടീസ് അയക്കുകയും ജൂൺ 18 ന് കേസ് ഫയൽ ചെയ്തു. ജൂൺ 23 ന് OS/154/22 നമ്പരിൽ ചങ്ങനാശേരി മുൻസിഫ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. 2022, ജൂൺ 27 ന് കോടതി നിയോഗിച്ച കമ്മീഷൻ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തിയിട്ടുള്ളതാണ് .
കുടുംബ വീടിലെ 8, 9 എന്നീ രണ്ടു മുറികൾ ട്രസ്റ്റിന്റെ 24/7/2016 ലെ യോഗത്തിലെ മൂന്നാം നമ്പർ തീരുമാന പ്രകാരം സ്ഥലം ഉടമകൾക്ക് താമസിക്കാൻ അനുവദിച്ചിട്ടുള്ളതാണ്. എഗ്രിമെന്റിനൊപ്പം പ്രസ്തുത മിനിട്ട് സിന്റെ കോപ്പിയും എതിർ കക്ഷിക്ക് നൽകി കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെടുത്തിയതുമാണ്. വീട് ഹൗസ് വാമിങ്ങ് നടത്തിയ 2018 മെയ് 13 മുതൽ വിജയവും കുടുംബവും അവിടെ താമസിച്ചു വരുന്നതുമാണ്.
പ്രസ്തുത മുറികളും അതിനോടു ചേർന്ന് താത്ക്കാലികമായി നിർമ്മിച്ച സിറ്റ്ഔട്ടും ലോക്ക് ചെയ്ത് ഉപയോഗിച്ചു വരികയും ചെയ്യുന്നു. അയൽ വാസികളായ ആരോട് ചോദിച്ചാലും വസ്തുത ബോധ്യപ്പെടും.കോടതി കമ്മീഷനും ഇതെല്ലാം നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.
എന്നാൽ കമ്മീഷൻ വന്നുപോയ ശേഷം ശാസ്താംകോട്ടയിൽ ജ്യേഷ്ട സഹോദരന്റെ അടുത്തേക്ക് അദ്ദേഹത്തിന്റെ ശുശ്രൂഷക്കായി ഇവർക്ക് പോരേണ്ടി വന്നു. ഇപ്പഴും ബാബുജി ശാസ്താംകോട്ടയിലാണ്. ഭാര്യ വിജയം അമ്മയുടെ അസുഖം പ്രമാണിച്ച് ഇടപ്പള്ളിയിലുമാണ്. അവർക്ക് വേറെ താമസിക്കാൻ ഇടവുമില്ലല്ലോ.
ജൂലയ് 9ന് ഉച്ചക്ക് 12 മണിയോടെ മകൾ ഡോ. രേവതിയുടെ ഭർത്താവ് സന്തോഷ് വിശ്വനാഥൻ കുടുംബ വീട്ടിൽ എത്തിയപ്പോൾ 8, 9 മുറികൾ പൂട്ടു പൊളിച്ച് തുറന്ന് അതിൽ അതിക്രമിച്ചു കയറി ആഞ്ജനേയ ഉടമ അധികാരം സ്ഥാപിച്ചിരിക്കുന്നത് ആണ് കാണുന്നത്
അവിടെ അവരുടെ ബോർഡും സ്റ്റിക്കറും സ്ഥാപിച്ചിരിക്കുകയാണ്.
ഈ മുറികളിൽ സൂക്ഷിച്ചിട്ടുള്ള ഉപകരണങ്ങളും മറ്റു വിലപ്പിടിപ്പള്ള രേഖകളും അങ്ങിനെ അവരുടെ കൈവശമായി.
അന്ന് തന്നെ ട്റസ്റ്റ് സെക്രട്ടറി എന്ന നിലയിൽ ബാബുജിയും മുതിർന്ന വനിത എന്ന നിലയിൽ സ്വന്തം കിടപ്പുമുറി ഒഴിച്ചു കിട്ടാൻ വേണ്ടി ജൂലയ് 10 ന് ഭാര്യ വിജയവും വാകത്താനം പോലീസിൽ പരാതി നൽകി. ഒരു നടപടിയുമുണ്ടായില്ല. അടുത്ത രണ്ടു ദിവസങ്ങൾ ഡി വൈ എസ് പി ചങ്ങനാശേരി അടക്കം വിവിധ ഓഫീസുകൾ കയറി ഇറങ്ങി. 12 ന് ഉച്ചക്ക് വാകത്താനം പ്രിൻസിപ്പൽ എസ് ഐ അടക്കമുള്ള സംഘം ഇരു കക്ഷികളെയും വിളിച്ച് സംസാരിച്ചു. ഞങ്ങൾ ഏകോപന സമിതി പ്രവർത്തകരും അപ്പോൾ സ്റ്റേഷനിൽ എത്തിയിരുന്നു. വീണ്ടും 5 വർഷത്തേക്ക് ട്രസ്റ്റ് പുതിയ എഗ്രിമെന്റ് അവർക്ക് നൽകി എന്ന് കാണിച്ച് ഒരു കരാറിന്റെ പകർപ്പ് അവർ എസ് ഐ ക്ക് നൽകി. അത് സമ്പൂർണമായും , അതിലെ ഒപ്പും സ്റ്റാമ്പ് പേപറും അതിലെ സ്റ്റാമ്പ് ഡിപ്പോയിലെ സീലും എല്ലാം വ്യാജമാണെന്ന് പോലീസ് ഓഫീസർക്ക് ഒറ്റ നോട്ടത്തിൽ തന്നെ ബോധ്യമാവുകയും ചെയ്തു. സത്യവും ന്യായവും ബോധ്യപ്പെട്ട നീതിമാനായ പോലീസ് ഓഫീസർ തീർച്ചയായും നീതി നടപ്പാക്കും എന്ന് തന്നെയാണ് ഞങ്ങളെല്ലാം അപ്പോഴും വിശ്വസിച്ചത്. തുർന്ന് ഞങ്ങളെയും കൂട്ടി കുടുംബ വീട്ടിലെ 8, 9 മുറികൾ സന്ദർശിക്കാൻ പോയി. അതിനു മുമ്പ് തന്നെ ഓർമ്മയിൽ നിന്ന് മുറികളിലുള്ള സാധനങ്ങളുടെ ലിസ്റ്റും എഴുതി നൽകിയിരുന്നു.. മുറികൾ തുറന്നു കണ്ടപ്പോഴാണ്, മുറികളിൽ സൂക്ഷിച്ചിരുന്ന മുഴുവൻ ഉപകരണങ്ങളും സ്റ്റീൽ അലമാരയും വസ്ത്രങ്ങളും പാത്രങ്ങളും സ്വർണവും രൂപയും അടക്കം വിലപ്പെട്ട എല്ലാ രേഖകളും അവിടെ നിന്ന് നഷ്ടപ്പെട്ടതായി കാണുന്നത്. താഴും പൂട്ടും പൊളിച്ചത് അറിയാതിരിക്കാൻ മുറിയുടെ കതക് പോലും മാറി വച്ചു. എടുത്ത് മാറ്റാൻ കഴിയാത്ത വലിയ ഒരു ഡ്രസ്സിങ്ങ് അലമാരയും കട്ടിലും ഫ്റി ഡ്ജും ദിവാനും മാത്രം അവിടെ ഉണ്ടായിരുന്നു. പക്ഷേ അതിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും പേപ്പറുകളും ഭക്ഷ്യധാന്യങ്ങളും എല്ലാം കവർന്നെടുത്ത് അതെല്ലാം കാലിയാക്കിയിരുന്നു. ഇതെല്ലാമായിട്ടും പോലീസ് സമ്പൂർണമായി കൈ കഴുകുന്ന കാഴ്ചയാണ് പിന്നീട് കാണുന്നത്.ആഞ്ജനേയ ഹോസ്പിറ്റൽ ഉടമ ഉണ്ണികൃഷ്ണൻ ഗുരുക്കളും സംഘവും പറഞ്ഞതും നൽകിയ രേഖകളും കളവും വ്യാജവുമാണെന്ന് പോലീസിന് പൂർണമായും ബോധ്യപ്പെട്ടിട്ടും അവർ നീതി നടപ്പാക്കാൻ ഒന്നും ചെയ്തില്ല. അവർ ആരെ ഒക്കെയോ ഭയപ്പെടുന്നു എന്നാണ് അവരുടെ കൈ മലർത്തലിൽ നിന്ന് ഞങ്ങൾക്ക് ബോധ്യമായത്.
ഇത് വലിയ വേദനയും ഞെട്ടലുമാണ് ഉണ്ടാക്കിയത്. സ്വന്തം കിടപ്പാടത്ത് നിന്ന് വലിച്ചെറിയപ്പെട്ട രണ്ടു മുതിർന്ന വ്യക്തികൾ , തികച്ചും ഒറ്റപ്പെട്ട , അനാഥമാക്കപ്പെട്ട അവസ്ഥ !
അതും മൂന്നു വർഷമായി വിശ്വസിച്ച് അവരുടെ കൂടി ഉന്നമനത്തിനായി തങ്ങളുടെ ജീവിത ലക്ഷ്യത്തിനായി സ്വരൂപിച്ച സ്ഥാപനം വീതിച്ചു നൽകിയതിന്റെ പ്രതിഫ്രലമായി അവർ ചെയ്ത ചതിക്കും വഞ്ചനക്കും കൂട്ടുനിൽക്കുകയാണ് , അവർ ചെയ്തത് തികഞ്ഞ ക്രിമിനൽ കുറ്റമാണെന്നു ബോധ്യപ്പെട്ടിട്ടും നിസ്സഹായരായി അവരോടൊപ്പം നിൽക്കുകയാണ് നമ്മുടെ ക്രമസമാധ പാലകർ എന്നതിരിച്ചറിവ് ഏറ്റവും മനോവിഷമവും ക്ഷോഭവുമുണ്ടാക്കിയ സമയം !
ജൂലയ് 10 നും 12 നും പോലീസ് അധികൃതർ ഇരകളായ ഇവരോട് പറഞ്ഞു, "ഞങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല, നിങ്ങൾ കോടതിയിൽ നിന്ന് ഓർഡർ വാങ്ങി വരു, ആ നിമിഷം അവർക്ക് മേൽ കർശന നടപടി ഉണ്ടാകും, മുറികളിൽ നിന്ന് അവരെ ഒഴിപ്പിക്കും " എന്ന് .
സി എംപി /4235 / 2022 ഫയലിൽ സ്വീകരിച്ച് അടിയന്തിര നടപടിക്ക്
കോടതി ഉത്തരവായിരിക്കുന്നു. ഇനി പോലീസധികൃതർ വാക്ക് പാലിക്കണം. കുറ്റവാളികൾ ആഞ്ജനേയ സ്ഥാപനത്തിന്റെ ഉടമയായ ഉണ്ണികൃഷ്ണൻ ഗുരുക്കൾ മാത്രമല്ല,
മകൻ ഡോ. ഹരികൃഷ്ണൻ, ഇന്വരുടെ മുറികളിൽ അതിക്രമിച്ചുകയറി താമസമാക്കിയ വനിതാ ജീവനക്കാർ, കതകും പൂട്ടും അടിച്ചു പൊളിക്കാനും വീട്ടുപകരണങ്ങൾ കടത്തിക്കൊണ്ടുപോകാനും കൂട്ടുനിന്ന ജീവനക്കാരും മറ്റ് സിൽബന്ധികളും എല്ലാം ഈ ക്രിമിനൽ ഗുണ്ടായിസത്തിലെ കുറ്റവാളികളാണ്. അവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പിൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജെയിലിലടക്കണം.
മുറികളും മുഴുവൻ വീട്ടുപകരണങ്ങളും അതിലെ എല്ലാ വസ്തുക്കളും ഒന്നു പോലും നഷ്ടപ്പെടാതെ പൂർവസ്ഥിതിയിൽ ലഭ്യമാക്കണം.
മാനസികമായി ഏൽപിച്ച പീഡനത്തിന് പരിഹാരം ചെയ്യണം. ഭരണഘടന അനുശാസിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ്.
അല്ലെങ്കിൽ കൂടുതൽ ശക്തമായ സഹന സമരങ്ങൾക്ക് ഞങ്ങൾ നിർബന്ധിതരാകേണ്ടി വരും .
ഇതെല്ലാം പ്രബുദ്ധ കേരളം അറിയണം.
ഇത്രയും ജീവിതാനുഭവമുള്ള ഈ വന്ദ്യ വയോധികർക്ക് ഇതാണ് അനുഭവമെങ്കിൽ സാധാരണ ജനതക്ക് എങ്ങിനെ , എവിടെനിന്ന് നീതി ലഭിക്കും. ശക്തമായ , പ്രതികരണത്തിനും
ഒരു വീണ്ടുവിചാരത്തിനും സമയമായിരിക്കുന്നു.
നിങ്ങളുടെ എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നു.
ഒന്നുകൂടി
നിങ്ങൾക്ക് ആർക്കും ഈ സ്ഥലം സന്ദർശിക്കാവുന്നതാണ്. ആഞ്ജനേയ എന്ന സ്ഥാപനം ബോർഡും ആർച്ചും ഒക്കെ സ്ഥാപിച്ച് സ്ഥലവും കെട്ടിടവും കയ്യടക്കി വെച്ചിരിക്കുന്ന കാഴ്ച നേരിൽ കാണാം. ഏറ്റവും പുറകിലെ 2 മുറികളിൽ (8, 9) നിന്നു പോലും പുറത്താക്കപ്പെട്ട സ്ഥലത്തിന്റെയും വീടിന്റെയും ഉടമകൾക്ക് അവിടെ പ്രവേശിക്കാനാവാത്തവിധം ഗുണ്ടകളുടെ കാവലിൽ സ്വയം ഉടമ ചമഞ്ഞിരിക്കുന്ന കാഴ്ച നേരിൽ കാണാം.
നിങ്ങൾ കാണണം, സത്യം പുറം ലോകം അറിയണം. അതിന് നിങ്ങൾ കൂടി ഞങ്ങളെ സഹായിക്കണമെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.
വിശ്വസ്തതയോടെ
പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ഭാരവാഹികൾ - പങ്കെടുക്കുന്നവർ
കെ.ശിവരാമൻ (വൈസ്. ചെയർമാൻ)
ബിജുവി ജേക്കബ് (വൈസ്. ചെയർമാൻ )
പ്രൊഫ. ഗോപാലകൃഷ്ണപണിക്കർ (വൈസ്. ചെയർമാൻ )
റ്റി.എം. സത്യൻ (ജന.കൺവീനർ)
അനുഭവസ്ഥർ - ഇവർ
എസ്.ബാബുജി
എൽ.വിജയം
നമ്മൾ കുടുംബ വീട്
കാടമുറി
പരിയാരം പിഒ, കോട്ടയം .
ഫോൺ - 9495055581
പശ്ചിമ ഘട്ട സംരക്ഷണ ഏകോപന സമിതി
സംസ്ഥാന കമ്മിറ്റി .
പ്രസ്സ് റിലീസ്.
കോട്ടയം
ആഗസ്റ്റ്