കാലാവസ്ഥാ പ്രതിസന്ധിയും കാര്യജ്ഞാന സമൂഹ നിർമ്മിതിയും: കുസാറ്റ് ശാസ്ത്ര സംഘത്തിന് അഭിനന്ദനം

കാലാവസ്ഥയുടെ കാര്യത്തിൽ കേരളം ബഹു ദുരന്ത മേഖല ( multi disaster zone) യായി മാറിക്കൊണ്ടിരിക്കുകയാണ്. അതിതീവ്ര മഴപ്പെയ്ത്ത്, വെള്ളപ...

കാലാവസ്ഥയുടെ കാര്യത്തിൽ കേരളം ബഹു ദുരന്ത മേഖല ( multi disaster zone) യായി മാറിക്കൊണ്ടിരിക്കുകയാണ്. അതിതീവ്ര മഴപ്പെയ്ത്ത്, വെള്ളപ്പൊക്കം, വരൾച്ച, കൊടുങ്കാറ്റ്, മിന്നൽ, ഉരുൾപൊട്ടൽ എന്നിവ ആവർത്തിച്ച് കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് നാം കാണുന്നു. മൺസൂൺ പാറ്റേണുകൾ മാറുകയും, അതിതീവ്ര മഴപ്പെയ്ത്തുകൾ സംഭവിക്കുകയും ചെയ്യുമ്പോൾതന്നെ  ലഭ്യമാകേണ്ട മഴയുടെ അളവിൽ കുറവു വരുന്നതും അനന്തരഫലമെന്നോണം വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു.

കാലാവസ്ഥാ പ്രതിസന്ധി ആഗോള വിഷയമായി മാറുമ്പോഴും അവ സൃഷ്ടിക്കുന്ന ദുരന്തഫലങ്ങളെ പ്രാദേശികമായിത്തന്നെ നേരിടേണ്ടതുണ്ട്.
ഓരോ ജീവനും വിലപ്പെട്ടതാണെന്നും ആവാസവ്യവസ്ഥയും ഉപജീവന മാർഗ്ഗവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഉള്ള ബോധ്യത്തോടെ സമൂഹമൊന്നാകെ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്.

ദുരന്ത ഘട്ടങ്ങളിലെ ഇടപെടലുകൾക്കൊപ്പം തന്നെ ദുരന്തപൂർവ്വ ഘട്ടത്തിലെ തയ്യാറെടുപ്പുകളും അതുകൊണ്ടുതന്നെ സുപ്രധാനമായ സംഗതിയാണ്. ദുരന്ത ലഘൂകരണ നടപടികൾ (mitigation strateg ies) ഇക്കാരണം കൊണ്ടുതന്നെ  പ്രാധാന്യമർഹിക്കുന്നു.
കാലാവസ്ഥാ പ്രവചനങ്ങളെക്കുറിച്ചുള്ള ധാരണ, ദുരന്ത നിവാരണ നടപടികൾ സംബന്ധിച്ച സാമൂഹിക പരിശീലനം, പ്രാദേശിക തലത്തിൽ ആക്ഷൻ പ്ലാനുകൾ തയ്യാറാക്കൽ എന്നിവ തൊട്ട് ഭൂവിനിയോഗത്തിലും പൊതുവായ വികസന പ്രവർത്തനങ്ങളിലും വരുത്തേണ്ട നയപരമായ മാറ്റങ്ങൾ വരെ അനിവാര്യമായിരിക്കുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.

മാറിയ കാലവസ്ഥാ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുകൊണ്ട്, അനുരൂപവൽക്കരണ രീതികൾ ( climate adaptation methods) സ്വീകരിക്കാൻ നാം നിർബ്ബന്ധിതരായിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ കാലാവസ്ഥാ മാറ്റങ്ങൾ സംബന്ധിച്ച പ്രവചനങ്ങൾ, അവയുടെ സങ്കേതങ്ങൾ ( techniques), അവയുടെ സാധ്യതകൾ, പരിമിതികൾ എന്നിവ സംബന്ധിച്ച ശാസ്ത്രീയ ധാരണകൾ സമൂഹത്തിൽ പൊതുവായി വളർന്നു വരേണ്ടത് അത്യാവശ്യമാണ്. 
ദുരന്ത ലഘൂകരണം സാധ്യമാകുന്നത് അവബോധമുള്ള സമൂഹ (informed Society) നിർമ്മിതിയിലൂടെ മാത്രമാണ്. വരാനിരിക്കുന്ന വിപത്തുകളെ സംബന്ധിച്ച ബോധ്യങ്ങൾ, കാലാവസ്ഥാ പ്രവചനങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കൽ എന്നിവ ഇതിൽ പ്രധാനമാണ്.  അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾ ഏറ്റവും കൂടുതലായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒഡീഷ സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടയിൽ ജീവാപായം ഗണ്യമായ രീതിയിൽ കുറക്കാൻ സാധിച്ചത് ദുരന്ത സാധ്യതകളെ സംബന്ധിച്ച അവബോധം സമൂഹത്തിൽ വളർത്തിയെടുക്കാൻ കഴിഞ്ഞതും ദുരന്തപൂർവ്വ ഘട്ടത്തിലെ വിവേകപൂർണ്ണമായ തയ്യാറെടുപ്പുകൾ കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിച്ചതും മൂലമാണ്.

കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച്
കാര്യജ്ഞാനമുള്ള സമൂഹ നിർമ്മിതിക്കായി കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ Advanced Centre for Atmospheric Radar Research Centre ലെ ഏതാനും ശാസ്ത്രജ്ഞർ ചെയ്യുന്ന സേവനങ്ങൾ ഈയവസരത്തിൽ വളരെയധികം അഭിനന്ദനം അർഹിക്കുന്നതാണ്. പ്രത്യേകിച്ചും ഡോ.എസ്. അഭിലാഷും സഹപ്രവർത്തകരും നടത്തുന്ന ഇടപെടലുകൾ.

കാലാവസ്ഥാ പ്രവചനങ്ങളുടെ സാധ്യതകൾ പരിമിതികൾ, അവയെ മനസ്സിലാക്കേണ്ടുന്ന രീതി, അതത് സമയങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, കമ്യൂണിറ്റി വർക് ഷോപ്പുകൾ, ലേഖനങ്ങൾ, ക്ലാസ്സുകൾ എന്നിവ  സംഘടിപ്പിക്കുന്നതിൽ അവർ നടത്തുന്ന നിരന്തര പരിശ്രമത്തിൻ്റെ ഫലം സമൂഹം കൂടുതലായി അറിയാനിരിക്കുന്നതേയുള്ളൂ.

കഴിഞ്ഞ ദിവസം (ആഗസ്ത് 6 ന്) മാധ്യമ പ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി 'CUSAT' സംഘടിപ്പിച്ച Introduction to Meteorology And Forecasting Techniques' വെബിനാർ ഈയൊരു ദിശയിലെ മഹത്തായ പ്രവർത്തനമാണ്. (കുസാറ്റിൻ്റെ ഔദ്യോഗിക പരിപാടിയായിരുന്നോ ഇതെന്ന് അറിയില്ല). 

മഴപ്പെയ്ത്തിലെ decadal changes, disaster management methods, risk management time frame, risk reduction strategy, developing people centric early warning system, bottom-up-approach, methods of forecasting, challenges, model uncertainty  തുടങ്ങി കാലാവസ്ഥാ പ്രവചനത്തിലെ വിവിധ സങ്കേതങ്ങളെ കുറിച്ചും ഫലപ്രദമായ ദുരന്ത കൈകാര്യകർതൃ ത്തിനായി സ്വീകരിക്കേണ്ട ജനകീയ സമീപനങ്ങളെക്കുറിച്ചും വളരെ ലളിതവും ഫലപ്രദവുമായ രീതിയിൽ വിശദീകരിക്കുവാൻ ഡോ. അഭിലാഷിന് സാധിച്ചു.

മാധ്യമ സ്ഥാപനങ്ങൾ, പ്രാദേശിക ഗവൺമെൻ്റുകൾ, സന്നദ്ധ സംഘടനകൾ എന്നിവ ഇവരുടെ പ്രവർത്തനങ്ങളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുന്നത് ഗുണകരമായിരിക്കും. കാലാവസ്ഥ മുന്നറിയിപ്പുകൾക്കായി ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മാധ്യമങ്ങളെ ആയതിനാൽ ഈ വിഷയത്തിൽ വ്യക്തമായ ധാരണ മാധ്യമ പ്രവർത്തകർക്ക് നിർബന്ധമാണെന്നത് മനസ്സിലാക്കേണ്ടതുണ്ട്.

ശാസ്ത്രബോധ്യങ്ങൾ എങ്ങിനെ ജനകീയമാക്കാം എന്നതിന് ഏറ്റവും അനുകരണീയ മാതൃകയാണ് കുസാറ്റിലെ ഈ കൊച്ചു സംഘം. ഇക്കാര്യത്തിൽ Advanced Centre for Atmospheric Radar Research Centre ലെ ശാസ്ത്രജ്ഞർ നടത്തുന്ന പ്രവർത്തനങ്ങളെ ഊഷ്മളമായി അഭിവാദ്യം ചെയ്യുന്നു.

''All models may be wrong; but some are useful" 😊


K. Sahadevan

Related

Climate change 3878323240411431336

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -