ലോകത്തിലെ ഏറ്റവുംവലിയ അണലി

അണലികൾക്ക് സാധാരണ നിറത്തിലും രൂപത്തിലും പെരുമ്പാമ്പുകളോട് സാദ്യശ്യം തോന്നാറുണ്ട്. പക്ഷേ വലിപ്പത്തിൽ കുഞ്ഞന്മാരായിരിക്കും. എന്നാൽ, കാഴ്ചയില...



അണലികൾക്ക് സാധാരണ നിറത്തിലും രൂപത്തിലും പെരുമ്പാമ്പുകളോട് സാദ്യശ്യം തോന്നാറുണ്ട്. പക്ഷേ വലിപ്പത്തിൽ കുഞ്ഞന്മാരായിരിക്കും. എന്നാൽ, കാഴ്ചയിലും വലുപ്പത്തിലും പെരുമ്പാമ്പായോ പെരുമ്പാമ്പിന്‍റെ കുഞ്ഞായോ തെറ്റിധരിച്ചേക്കാവുന്ന അണലി വര്‍ഗം  ആഫ്രിക്കയിലുണ്ട്. ഇരുപത് കിലോയോളം തൂക്കവും, ആറടിയിലധികം നീളവും വരുന്ന ഇവ ലോകത്തെ ഏറ്റവും വലുപ്പമേറിയ അണലികളാണ്. ഗബൂണ്‍ വൈപ്പര്‍ എന്നു വിളിക്കുന്ന ഈ തടിയൻ അണലി വര്‍ഗത്തിന് ഒട്ടേറെ പ്രത്യേകതകളുമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും വലുപ്പമേറിയ വിഷപ്പാമ്പും ഈ ഗബൂണ്‍ അണലികള്‍ തന്നെയാണ്. അണലികളിലെ തന്നെ ബിറ്റിസ് ഇനത്തില്‍ പെടുന്നവയാണ് ഗബൂണ്‍ വൈപ്പറുകള്‍.

സഹാറ മേഖലയ്ക്ക് പുറത്തുള്ള എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഈ അണലികളെ കാണാറുണ്ട്. പ്രധാനമായും വന്‍മരങ്ങളുള്ള വനമേഖലയിലും നിത്യഹരിത വനമേഖലയിലുമാണ് ഇവ വസിക്കുന്നത്. മരങ്ങളുടെ ഉണങ്ങിയ ഇലകളോട് അതീവ സാമ്യം പുലര്‍ത്തുന്ന രീതിയിലാണ് ഇവയുടെ ശരീരത്തിന്‍റെ നിറവും ഡിസൈനുകളും. തലയുടെ ആകൃതി പോലും ഇത്തരത്തില്‍ ഉണങ്ങിയ ഇലകള്‍ക്കടിയില്‍ ഒളിച്ചിരിക്കാന്‍ സഹായിക്കുന്ന രീതിയിലാണ്.

വിഷപ്പാമ്പുകളെ വച്ച് നോക്കുമ്പോള്‍ കൂട്ടത്തില്‍ വലുപ്പമേറിയ പാമ്പുകളില്‍ ഒന്നാണ് ഗബൂണ്‍ വൈപ്പറുകളും. പക്ഷേ ഇവയേക്കാള്‍ നീളം കൂടിയ രാജവെമ്പാല ഉള്‍പ്പടെയുള്ള വിഷപാമ്പുകളും ഭാരം കൂടിയ ഈസ്റ്റേണ്‍ ഡയമണ്ട് ബ്ലാക്ക് റാറ്റില്‍ സ്നേക്ക് പോലുള്ള വിഷപാമ്പുകളും ഭൂമിയിലുണ്ട്. പക്ഷേ തന്നേക്കാള്‍ ഭാരം കൂടിയവരെയും വലുപ്പം കൂടിയവരെയുമെല്ലാം വിഷപ്പല്ലിന്‍റെ കാര്യത്തില്‍ ഗബൂണ്‍ വൈപ്പറുകള്‍ മറികടക്കും. വിഷപ്പല്ലിന്‍റെ കാര്യത്തില്‍ ലോകറെക്കോര്‍ഡ് തന്നെ സ്വന്തമാക്കിയവരാണ് ഈ ആഫ്രിക്കന്‍ അണലി കുടുംബക്കാര്‍.

ഏതാണ്ട് 5-സെന്‍റിമീറ്റര്‍ നീളം വീതമാണ് ഈ ആഫ്രിക്കന്‍ അണലികളുടെ രണ്ട് വിഷപ്പല്ലുകള്‍ക്കുമുള്ളത്. വിഷപ്പല്ലിന്‍റെ കാര്യത്തില്‍ മാത്രമല്ല ഈ വിഷപ്പല്ലില്‍ നിന്നു പുറത്ത് വരുന്ന വിഷത്തിന്‍റെ കാര്യത്തിലും ഒന്നാമത് ഗബൂണ്‍ അണലികളാണ്. ഓരോ തവണ കടിക്കുമ്പോഴും , സിറിഞ്ചിന്റെ സൂചി പോലുളള വിഷപ്പല്ലുകളിലൂടെ ഏതാണ്ട് രണ്ട് ഗ്രാം കൊടും വിഷമാണ് ഈ അണലി ഇരകളില്‍ കുത്തിവയ്ക്കുന്നത്. മനുഷ്യര്‍ക്ക് വലിയ തോതില്‍ അപകടകരമാണ് ഈ പാമ്പുകളുടെ വിഷം. പക്ഷേ വനത്തിനുള്ളില്‍ നിന്ന് മനുഷ്യര്‍ക്ക് ഇവയുടെ കടിയേറ്റ സംഭവങ്ങള്‍ വളരെ കുറവാണ്. വനത്തിനുള്ളില്‍ ഉണ്ടായതിനേക്കാള്‍ ഇവയെ വളര്‍ത്തുന്നവര്‍ക്കോ, പ്രദര്‍ശനത്തിനുപയോഗിക്കുന്നവര്‍ക്കോ ആണ് കൂടുതലായും കടിയേറ്റിട്ടുള്ളത്.

ഏറ്റവുമൊടുവില്‍ ഗബൂണ്‍ വൈപ്പറിന്‍റെ കടിയേറ്റതായി റിപ്പോർട്ട് ചെയ്തത് 2019-ല്‍ ഒരു കൊറിയന്‍ സ്വദേശിക്കാണ്. ഇന്‍റര്‍നെറ്റിലൂടെ വാങ്ങി അനധികൃതമായി ഗബൂണ്‍ വൈപ്പറിനെ ഓമനിച്ച് വളര്‍ത്തുകയായിരുന്നു ഇയാള്‍. പാമ്പിന്‍റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥ യിലായിരുന്ന ഇയാള്‍ ഒരാഴ്ചയോളം അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇയാള്‍ക്ക് കടിയേറ്റ ശേഷം ഇപ്പോഴും തുടരുന്ന ശാരീരിക പ്രശ്നങ്ങളും, കടിയേറ്റ മുറിവിന്‍റെ വലുപ്പവും തന്നെ ഈ പാമ്പ് എത്ര അപകടകാരിയാണെന്നതിനു തെളിവാണ്.

എലികളും അണ്ണാനും പക്ഷികളും, തവളകളും പോലുള്ള ചെറു ജീവികളാണ് ഗബൂണ്‍ വൈപ്പറുകളുടെ പ്രധാന ആഹാരം. അപൂര്‍വമായി ചെറു മാനുകളെയും ഇവ ഭക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.  ഭക്ഷണത്തിനു വേണ്ടിയല്ലാതെ മറ്റ് ജീവികളെ ആക്രമിക്കുന്ന സ്വാഭാവം ഈ പാമ്പുകള്‍ക്കില്ല. പൊതുവെ നാണം കുണുങ്ങികളായി ഇവ വേട്ടയാടാത്ത സമയങ്ങളില്‍ ജീവികളെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ച ശേഷം മാത്രമെ ആവശ്യമെങ്കില്‍ വിഷം പ്രയോഗിക്കാറുള്ളൂ. കാട്ടില്‍ വച്ച് മനുഷ്യര്‍ക്ക് ഗബൂണ്‍ വൈപ്പറുകളുടെ കടിയേല്‍ക്കാനുള്ള സാഹചര്യം കുറയുന്നതും ഇതു കാരണമാണ്. 

Related

Ecology 7653832689644647173

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -