ജോൺസി മാഷിന്റെ ഓർമകളിൽ...റഫീഖ് ബാബു എഴുതുന്നു
https://nilgirifoundation.blogspot.com/2021/10/blog-post_11.html
കേരളത്തിലെ പരിസ്ഥിതി വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്നിൽ നടന്ന ആചാര്യനാണ് ജോൺസി മാഷ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ജോൺ സി ജേക്കബ്. 1932 ൽ കോട്ടയം ജില്ലയിലെ നാട്ടകത്ത് ജനിച്ച അദ്ദേഹം നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. തുടർന്ന് കോഴിക്കോട് സെന്റ് ജോസഫ് കോളേജിൽ ചേർന്ന് തന്റെ അധ്യാപക ജീവിതത്തിന് അദ്ദേഹം ആരംഭം കുറിച്ചു.
പിന്നീട്, പയ്യന്നൂർ കോളേജിൽ ജോലി ചെയ്യുമ്പോഴാണ് ഐതിഹാസികമായ പല മുന്നേറ്റങ്ങൾക്കും അദ്ദേഹം തുടക്കമിടുന്നത്. അദ്ദേഹം തുടങ്ങി വെച്ച സുവോളജി, നാച്വർ ക്ലബ്ബ് പ്രവർത്തനത്തെ ലോകം തന്നെ ഏറ്റെടുത്തു. ക്ലബ്ബിന്റെ കീഴിൽ പ്രകൃതി പഠന ക്യാമ്പുകൾക്കും യാത്രകൾക്കും രൂപം നൽകി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സൈലന്റ് വാലി സമരത്തെ പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്ന ജാഥ സംഘടിപ്പിച്ചത്.
കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ SEEK (Society for Environment Education in Kerala) ന് രൂപം നൽകിയതും അദ്ദേഹമാണ്.
സുവോളജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൈന, സീക്കിന്റെ കീഴിൽ സൂചിമുഖി എന്നീ ആനുകാലികങ്ങൾ പ്രസിദ്ധീകരിച്ചു കൊണ്ട് പരിസ്ഥിതി മാഗസിനുകൾക്കും പരിസ്ഥിതി പത്രപ്രവർത്തനത്തിനും അദ്ദേഹം നാന്ദി കുറിച്ചു.
1972 ൽ തുടങ്ങിയ സുവോളജി ക്ലബ്ബിന്റെ അഥായത് കലാലയങ്ങളിലെ പരിസ്ഥിതി വിദ്യാഭ്യാസ- സംരക്ഷണ പ്രവർത്തനങ്ങളുടെ അമ്പതാം വാർഷികത്തിന് ഇപ്പോൾ തുടക്കമാവുകയാണ്.
അതേ സമയം, പരിസ്ഥിതിയുടെ പ്രശ്നങ്ങൾ അനുദിനം സങ്കീർണ്ണമായി ക്കൊണ്ടിരിക്കുന്ന കാലഘട്ടവും കൂടിയാണിത്. കാലാവസ്ഥ പ്രതിസന്ധിയും ജൈവ വൈവിധ്യ ശോഷണവുമടക്കം ഭൂമി നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികൾ അതീവ ഗുരുതരമാണ്.
അത് കൊണ്ട് തന്നെ, അദ്ദേഹത്തിന്റെ ആശയങ്ങളും സന്ദേശങ്ങളും കൂടുതൽ കൂടുതലായി പ്രസക്‌തമാവുന്ന സന്ദർഭം കൂടിയാണിത്.
ഈ സാഹചര്യത്തിൽ അദ്ദേഹത്തെ ഓർക്കുവാനും പുതിയ തലമുറക്ക് പരിചയപ്പെടുത്താനും പരിസ്ഥിതി സംരക്ഷണ സന്ദേശം കൂടുതൽ പേരിലെത്തിക്കാനും ഫ്രണ്ട്സ് ഓഫ് നാച്വർ ഉദ്ദേശിക്കുന്നു. അദ്ദേഹത്തിന്റെ ചരമ വാർഷിക ദിനമായ ഒക്ടോബർ 11 പരിസ്ഥിതി വിദ്യാഭ്യാസ ദിനമായും തുടർന്ന് സലീം അലി ജന്മദിനമായ നവംബർ 12 വരെയുള ഒരു മാസക്കാലം പരിസ്ഥിതി നിരീക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന വാച്ച് അവർ നാച്വർ കാമ്പയിനും ഫ്രണ്ട്സ് ഓഫ് നാച്വർ നിശ്ചയിച്ചിട്ടുണ്ട്.
വയനാട്ടിലെ ചെമ്പ്ര - വെള്ളാർമല മലനിരകളിലെ കാട്ടിമട്ടം പ്രദേശത്തു നിന്ന് കണ്ടെത്തിയ ബൾസാമിനേസീ സസ്യകുടുംബത്തിലെ ഒരിനത്തിന് ഇംപേഷ്യൻസ് ജോൺസിയാന (Impatiens johnsiana) എന്ന് പേരിട്ടത് ജോൺസി മാഷിനോടുള്ള ആദരസൂചകമായിട്ടാണ്.
പശ്ചിമഘട്ടത്തിലെ ബോണക്കാട് ഭാഗത്ത് നിന്നും കണ്ടെത്തിയ ഒരിനം തവളയും ജോൺസി യുടെ പേരിലാണ് അറിയപ്പെടുന്നത് (Raorchestes johnceei)
അവാര്‍ഡുകള്‍
ജൈവവൈവിധ്യബോര്‍ഡിന്റെ ഹരിതപുരസ്‌കാരം – 2008.
കേരള സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരം -2006
സ്വദേശി ശാസ്ത്രപുരസ്‌കാരം – 2004
റഫീഖ് ബാബു
ജനറൽ സെക്രട്ടറി
ഫ്രണ്ട്സ് ഓഫ് നാച്വർ
mob: 9496361726
