ഫോറസ്റ്റ് കൺസർവേഷൻ ആക്ടിന്റെ മരണമണി മുഴങ്ങുന്നു
പരിസ്ഥിതി ആഘാത വിലയിരുത്തൽ നിയമത്തെ കരചരണങ്ങൾ ഛേദിച്ച് കബന്ധമാക്കി മാറ്റാൻ ഇ.ഐ.എ 20 20ഭേതഗതി നോട്ടിഫിക്കേഷനിലൂടെ നടത്തിയ ഭഗീര...
പരിസ്ഥിതി ആഘാത വിലയിരുത്തൽ നിയമത്തെ കരചരണങ്ങൾ ഛേദിച്ച് കബന്ധമാക്കി മാറ്റാൻ ഇ.ഐ.എ 20 20ഭേതഗതി നോട്ടിഫിക്കേഷനിലൂടെ നടത്തിയ ഭഗീരഥ യത്നത്തിനു ശേഷം കേന്ദ്ര സർക്കാർ ഇന്ത്യയുടെ വനസംരക്ഷണത്തിന്റെ മാഗ്നാ കാർട്ടയായ 1980 ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ടിനെ പൊളിച്ചടുക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കയാണ്. ഇന്ത്യൻ ഭൂ വിസ്തൃതിയുടെ ഏതാണ്ട് മുപ്പതു ശനമാനം വരുന്ന ഹരിത കവചം കുരുതി കഴിക്കാനുള്ള വ്യക്തമായ ഉദ്ദേശത്തോടെ മാരകമായ ഭേതഗതി നിർദ്ദേശവുമായി കഴിഞ്ഞ തിങ്കളാഴ്ച ( ഒക്ടോബര 4 )കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷൻ വന്നു കഴിഞ്ഞു. ഭേതഗതി സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് 15 ദിവസത്തിനുളളിൽ (ഒക്ടോബർ 19 ) വരെ സമർപ്പിക്കാനുള്ള അവസരവും സൌമനസ്സ്യ പൂർവ്വം അനുവദിച്ചിട്ടുണ്ട്.
Pre-Legislative consultation policy യുടെ നഗ്നമായ ലംഗനമാണ് 15 ദിവസം എന്ന സമയപരിധി. നോട്ടിഫിക്കേഷൻ ഇംഗീഷിൽ മാത്രമാണ് പ്രസിദ്ധീകരിച്ചത്. ഇ ഐ .എ 20 20 സംബന്ധിച്ച വിധിയിൽ വിവിധ ഹൈകോടതികൾ പ്രാദേശികഭാഷയിൽ ഇത്തരം നോട്ടിഫിക്കേഷനുകൾ പ്രസിദ്ധീകരിക്കണമെന്ന് നിഷ്ക്കർഷിച്ചിട്ടുണ്ടെങ്കിലും MoEF&CC അതു പാലിച്ചിട്ടില്ല.
അതീവ മാരകവും കോർപ്പറേറ്റുകൾക്കും കുത്തകകൾക്കും ഇന്ത്യൻ വനങ്ങൾ അടിയറ വെക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതുമാണ് കാരടിലെ നിർദ്ദേശങ്ങൾ. അവ അതേ പടി നടപ്പിലായാൽ രാജ്യം മരഭൂമിയായിത്തീരും. കൃഷി വെള്ളവും കുടിവെളളവും നമുക്ക് തരുന്ന 5.03ശതമാനം വരുന്ന സംരക്ഷിതവനങ്ങൾ ( Protected Areas) വരെ ഉന്മൂലനം ചെയ്യപ്പെടും. ദശലക്ഷക്കണക്കിന് ഹെക്ടർ വനഭൂമിയാണ് സമീപകാലത്തായി നമുക്ക് നഷ്ടപ്പെട്ടത്. ഇത്തരം ഒരന്തരാളകാലത്താണ് ഇടിത്തീ പോലെ ഈ വന മാരണ നിയമം നിപതിച്ചത്.
.05 ഹെക്ടറിൽ കുറവുള്ള വനഭൂമി വ്യവസായികൾക്കും താമസക്കാർക്കും മറ്റും റോഡിനും റയിലിനും വിട്ടുകൊടുക്കാമെന്നും 1980 ന് മുൻപ് അക്വയർ ചെയ്ത റയിൽ - റോഡുകൾ നിർമ്മിക്കാൻ മേലിൽ മുൻകൂർ അനുമതി വേണ്ടെന്നും കരടു നിർദ്ദേശം നിഷ്കർഷിക്കുന്നു. ഇന്റർനാഷണൽ അതൃത്തിയിലും തന്ത്രപ്രധാന മേഖലയിലും വനം വിട്ടു കൊടുക്കാൻ ഇനി ആരുടെയും അനുമതി വേണ്ട. വനത്തിന്റെ അരികിൽ ആഴത്തിലുള്ള ഡ്റില്ലിംഗിനും ഖനനത്തിനും ഇനി MOEF&CC യുടെ മുൻകൂർ അനുമതി വേണ്ട. സഫാരി പാർക്കുകൾ, മൃഗശാലകൾ, വനം വകുപ്പിന്റെ നിർമ്മിതികൾ എന്നിവ ഉളള സ്ഥലം ഇനി വനഭൂമിയായിരിക്കും. പ്രത്യേക പ്രാധാന്യമർഹിക്കുന്ന മർമ്മപ്രധാന വനമേഘലകൾ ഇനി നിശ്ചിത കാലത്തേക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.
റിസർവ്വ് ഫോറസ്റ്റുകൾ സ്വകാര്യവ്യക്തികൾക്ക് വനേതര ആവശ്യങ്ങൾക്ക് പാട്ടത്തിനു നൽകാൻ കേന്ദ്രാനുമതി വേണമെന്ന സെക്ഷൻ 2 ( iii ) എടുത്തു കളഞ്ഞു. വനഭൂമിയുടെ ശോഷണത്തിന് മേലാൽ കോംപൻസേറ്ററി (നഷ്ടപരിഹാര ) ഫീസ് ഈടാക്കാൻ പാടില്ല.
റിസർവ്വ് ഫോറസ്റ്റിന്നുളിൽ വികസന പദ്ധതികൾക്കുള്ള പഠനത്തിനും സർവെയ്ക്കും വനേതര നിർമ്മാണത്തിനും കേന്ദ്രാനുമതി ആവശ്യമില്ല.
ഗോദവർമ്മൻ തിരുമുൽപ്പാട് V/S ഇന്ത്യാ ഗവൺമെന്റ് കേസ്സിൽ ഫോറസ്റ്റിന് നിഘണ്ടു അർഥം കണക്കാക്കണമെന്ന വിധിയെ തുടർന്ന് 1996 ഡിസംബർ മുതൽ വനമായി കണക്കാക്കി വരുന്ന ദശലക്ഷക്കണക്കിന് ഹെക്ടർ സ്വകാര്യ വനം മേലിൽ വനമല്ല. ഇത്തരം വനങ്ങൾക്ക് ഇനി കോംപൻസേറ്ററി അഫോറസ്റ്റേഷൻ നിബന്ധനകൾ ബാധകവുമല്ല.
മേൽ നിയമങ്ങൾ നടപ്പിലായാൽ സ്വകാര്യ പ്ളാന്റേഷനുകൾ വൻ തോതിൽ മരങ്ങൾ വളർത്തുമെന്നും ഹരിത കവചം കാലാവസ്ഥാ മാറ്റത്തെ ചെറുക്കുമെന്നും മരാധിഷ്ടിത വ്യവസായങ്ങൾക്കുളള മരം ഇറക്കുമതി നിർത്താമെന്നും MoEF&CC പറയുന്നു.
ഈ നോട്ടിഫിക്കേഷന് എതിരെ രാജ്യവ്യാപകമായി എതിർപ്പ് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി പ്രവർത്തകർക്കപുറമെ ആദിവാസി / പരമ്പരാഗത ജനസമൂഹ ആക്ടിവിസ്റ്റുകളും മറ്റു പൊതുപ്രവർത്തകരും എതിർപ്പുയർത്തിയിട്ടുണ്ട്. രാജ്യമാകെ ഉയർന്നു വരുന്ന പ്രതിഷേധത്തിൽ അണി ചേരണമെന്നും ഈ മാസം 19 - നുള്ളിൽ ശക്തമായ എതിർപ്പും അഭിപ്രായങ്ങളും MOEF&CCയെ അറിയിക്കണമെന്നും അപേക്ഷിക്കുന്നു.
- വയനാട് പ്രകൃതി സംരക്ഷണ
സമിതി പ്രവർത്തകർ.
സു. ബത്തേരി / 0710 20 21
