പട്ടാമ്പിയിൽ ഭാരതപ്പുഴ സംരക്ഷണത്തിന് സമഗ്രപദ്ധതി : ടി പി ഷാജി
https://nilgirifoundation.blogspot.com/2022/04/savebharathapuzha.html
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കുപ്പത്തൊട്ടിയിലെന്ന പോയി പുഴയിൽ നിക്ഷേപിക്കപ്പെട്ട നാനാതരം നഗര മാലിന്യങ്ങൾ ചെളിയുമായി കുഴഞ്ഞ് അടിഞ്ഞുകൂടിക്കിടക്കുന്നത് വാരിയെടുത്ത് പുഴയ്ക്കു വെളിയിൽ കൊണ്ടുപോയിക്കളയുന്ന ഒരു നല്ല പ്രവൃത്തിയാണ് നഗരസഭയുടെ നേതൃത്വത്തിൽ, ജലസേചന വകുപ്പിന്റെ കാർമ്മികത്വത്തിൽ നടക്കുന്നത്... പ്രവൃത്തികളെപ്പറ്റി നഗരസഭാ ഉപാധ്യക്ഷനുമായി ഭാരതപ്പുഴ സംരക്ഷണ സമിതി സെക്രട്ടറി സി രാജഗോപാലൻ, കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത് എന്നിവർ സംസാരിച്ചു.
പുഴയിൽ ഇപ്പോൾ തുടങ്ങിയ പ്രവർത്തനം ഒരു തുടക്കമാണ് എന്നും പുഴയിലേക്ക് ഒരു വിധ ഖര ജല മാലിന്യങ്ങളും വീഴാത്ത വിധമുള്ള സംവിധാനം സ്ഥിരമായി ഒരുക്കുന്ന കാര്യത്തിൽ നഗരസഭാ പ്രതിജ്ഞാബദ്ധമാണ് എന്നും ഉപാധ്യക്ഷൻ വ്യക്തമാക്കി.
ധാരാളം പുഴ കൈയ്യേറ്റങ്ങൾ പട്ടാമ്പിയിലുണ്ടെന്നും അതൊക്കെ ഒഴിപ്പിച്ചെടുത്ത് തീരങ്ങളെ ഹരിത ഭംഗിയാർന്ന വിധം മാറ്റിത്തീർക്കുവാനും പുഴക്കാറ്റേറ്റ്, പുഴക്കാഴ്ച കണ്ട് ആളുകൾക്ക് വിശ്രാന്തി തേടാവുന്ന വിധം, നഗര ഹൃദയത്തിലുള്ള തീര പുറമ്പോക്കുഭൂമികളെ ഉപയോഗിക്കുമെന്നും പട്ടാമ്പി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ടി പി ഷാജി വ്യക്തമാക്കി.
