അരിക്കൊമ്പൻ എന്ന ആ നാൽക്കാലിയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഓർത്തുപോകുന്ന ഒന്ന്...എം.പി.നാരായണപിള്ള യുടെ ഒരു ചെറു കഥ
"ആരോപണം നിഷേധിക്കുന്നു." റെയിഞ്ചർ മരിയാപൂതം അന്വേഷണക്കമ്മീഷൻ മുമ്പാകെ ഉണർത്തിച്ചു. 'ഡി എഫ് ഒ ദാമോദരൻനായരെ പുലി തിന്നു എന്നത്...
"ആരോപണം നിഷേധിക്കുന്നു."
റെയിഞ്ചർ മരിയാപൂതം അന്വേഷണക്കമ്മീഷൻ മുമ്പാകെ ഉണർത്തിച്ചു.
'ഡി എഫ് ഒ ദാമോദരൻനായരെ പുലി തിന്നു എന്നത് സത്യമാണ്. എന്നാൽ അതിനുത്തരവാദി ഞാനായിരുന്നില്ല.'
"നിങ്ങൾ ആ സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്നില്ലേ." ഏകാംഗക്കമ്മീഷൻ ചോദിച്ചു.
'ഉവ്വ്'
"നിങ്ങളുടെ കൈവശം തോക്കുണ്ടായിരുന്നില്ലേ."?
'ഉണ്ടായിരുന്നു.'
"തോക്ക് നിറച്ചതായിരുന്നില്ലേ."
'നിറച്ചതായിരുന്നു.'
"എന്നിട്ടും നിങ്ങളെന്തുകൊണ്ടു വെടിവെച്ചില്ല.?"
'ഡി എഫ് ഒ ഒരു മനുഷ്യനാണ്.അദ്ദേഹത്തെ വെടിവെച്ചാൽ ഞാൻ കൊലപാതകത്തിന് ശിക്ഷിക്കപ്പെടും. പോരെങ്കിൽ അദ്ദേഹം എന്റെ മേലധികാരിയുമാണ്.'
ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം കമ്മീഷൻ ക്ഷമാപണം മുറ്റി നിന്ന സ്വരത്തിൽ പറഞ്ഞു.
"അതല്ല ഞാനുദ്ദേശിച്ചത്. നിങ്ങളെന്തുകൊണ്ട് ഡി എഫ് ഒ യെ ആക്രമിച്ച പുലിയെ വെടിവച്ചു കൊന്നില്ല എന്നാണ്. അങ്ങിനെ നിങ്ങളുടെ മേലധികാരിയുടെ ജീവൻ രക്ഷിച്ചില്ല എന്നാണ്."
'സർ,ഞാനീ സംഭവത്തിന് ദൃക്‌സാക്ഷി ആണ്.അവിടന്ന് ഇപ്പോൾ പറഞ്ഞപോലെ പുലി ഡി എഫ് ഒ യെ ആക്രമിക്കുകയായിരുന്നില്ല. ഡി എഫ് ഒ ആയിരുന്നു കാട്ടിലൂടെ നടന്നുപോയ പുലിയെ ആക്രമിച്ചത്. പുലി ചെയ്തത് ആത്മരക്ഷാർത്ഥം ഏതൊരു ജീവിയും ചെയ്യുന്ന പ്രവർത്തികൾ മാത്രമായിരുന്നു. ന്യായം പുലിയുടെ ഭാഗത്തായിരുന്നു. അതുകൊണ്ട് പുലിയെ വെടിവെക്കാൻ എന്റെ മനസാക്ഷി അനുവദിച്ചില്ല.'
"നിങ്ങൾക്ക് ദാമോദരൻ നായരോട് എന്തെങ്കിലും ഇഷ്ടക്കേടിനു ഇടയായിട്ടുണ്ടോ."
'ഇല്ല..'മരിയാപൂതം അറിയിച്ചു.
'ഒരു മേലധികാരി എന്നനിലക്ക് അദ്ദേഹം സമർത്ഥനായിരുന്നു. കീഴ്ജീവനക്കാരുടെ കാര്യങ്ങൾ എല്ലാം വേണ്ടത് ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തെപ്പറ്റി റേഞ്ചിൽ എല്ലാവർക്കും നല്ല മതിപ്പായിരുന്നു. വളരെ ദയാലുവും ആയിരുന്നു.'
"അദ്ദേഹം ഏതെങ്കിലും അവസരത്തിൽ നിങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടോ."
'ഇല്ലെന്നുതന്നെ പറയാം.'
"ആ സ്ഥിതിക്ക് അദ്ദേഹത്തെ പുലിയിൽ നിന്നു രക്ഷിക്കേണ്ടത് നിങ്ങളുടെ കടമയായിരുന്നില്ലേ."
സർ,അങ്ങിനെ ആലോചിച്ചാൽ അത് ശരിയായിരിക്കും. പുലിയുടെ ഭാഗത്തുനിന്ന് ആലോചിച്ചുനോക്കൂ. പുലിയുടെ നാടുതന്നെ കാടാണ്. മനുഷ്യർക്ക് ഒരു ഉപദ്രവവും ചെയ്യാതെ അവിടെ കഴിഞ്ഞുവന്ന പുലിയെ യാതൊരു കാരണവും കൂടാതെ നാട്ടിലെ ഒരു ജീവിയായ ഡി എഫ് ഒ ദാമോദരൻ നായർ വന്ന് വെടിവെക്കുന്നു. പുലിയുടെ ഭാഗ്യത്തിന് വെടി കാലിലാണ് കൊണ്ടത്. ആത്മരക്ഷാർത്ഥം പുലി ഡി എഫ് ഒ യുടെ നേരെ ചാടുന്നു. ദ്വന്ദയുദ്ധത്തിൽ ഡി എഫ് ഒ തോൽക്കുന്നു. യുദ്ധത്തിൽ തോൽക്കുന്ന ജീവികളെ തിന്നുന്നത് പുലിയുടെ പതിവാണ്. പുലി അതുപോലെ ചെയ്യുന്നു. പോരെങ്കിൽ ഒരു റെയിഞ്ചർ എന്ന നിലക്ക് എന്റെ കടമ കാട്ടിലെ ജീവികളെയും, വൃക്ഷങ്ങളെയും പരിരക്ഷിക്കുക എന്നതാണ്.അപ്പോൾ ആത്മരക്ഷാർത്ഥം യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പുലിയെ എങ്ങിനെ കൊല്ലാൻ സാധിക്കും.?'
"അതുകൊണ്ട് നിങ്ങൾ എന്തു ചെയ്തു."
'വെറുതെ നോക്കിക്കൊണ്ടു നിന്നു.പുലി ഡി എഫ് ഒ യുടെ ശരീരം വലിച്ചു കൊണ്ടുപോയപ്പോൾ അദ്ദേഹത്തിന്റെ തോക്കുംകൂടിയെടുത്തു ഫോറെസ്റ്റ് ബംഗ്ലാവിലേക്ക് മടങ്ങി.'
"പ്രകോപനം പുലിയുടെ ഭാഗത്തുനിന്നാണ് ഉണ്ടായതെങ്കിൽ നിങ്ങളെന്ത് ചെയ്യുമായിരുന്നു."
'പുലിയെ വെടിവെക്കുമായിരുന്നു.'
"പുലിയിൽ നിന്നു രക്ഷപെടാൻ ശ്രമിക്കെ അതിനെ വെടിവെക്കാൻ ഡി എഫ് ഒ നിങ്ങളോട് ആവശ്യപ്പെട്ടോ."
'ഉവ്വ്,ഞാൻ പറഞ്ഞു കളക്റ്ററുടെ ഉത്തരവില്ലാതെ പുലിയെ വെടിവെക്കാൻ നിയമം അനുശാസിക്കുന്നില്ല എന്ന്.'
കോടതി ഇടപെട്ടു.
"നോക്കൂ,നിങ്ങൾ നിയമം വാച്യർത്ഥത്തിൽ പാലിക്കാൻ ശ്രമിച്ചു എന്ന് കമ്മീഷൻ മനസിലാക്കുന്നു. നിങ്ങൾ ഡി എഫ് ഒ യുടെ ജീവനും പുലിയുടെ ജീവനും ഒരേ വിലയാണോ കൽപ്പിക്കുന്നത്.?"
'കാട്ടിൽ പുലിയുടെ ജീവനും,നാട്ടിൽ മനുഷ്യന്റെ ജീവനും കൂടുതൽ വിലയുണ്ട്.'
"ഡി എഫ് ഒ യും നിങ്ങളും കാട് ഭരിക്കുന്ന നാട്ടുകാരനാണെന്നോർക്കണം."
'സർ,അതിലും ശരി ഞങ്ങൾ നാട് ഭരിക്കുന്നവരുടെ കാട്ടിലെ പ്രതിനിധി എന്നു പറയുന്നതായിരിക്കും. മാത്രമല്ല കാട്ടിലെ മനുഷ്യരായ കാട്ടുജാതിക്കാർപോലും നാട്ടിലെ രാജാക്കൻമ്മാരുടെ ഭരണം അംഗീകരിക്കാത്ത സ്ഥിതിക്ക് പുലി അതനുസരിക്കണമെന്നും അത് അംഗീകരിച്ചു മരിക്കാൻ തയ്യാറായിക്കൊള്ളണമെന്നും പറയുന്നത് ശരിയല്ല. പുലി നാട്ടിൽ വന്നാൽ നമ്മുക്ക് നോക്കാമായിരുന്നു.ഡി എഫ് ഒ പുലിയെ ആക്രമിക്കുന്നത് കാട്ടിനുള്ളിൽ വച്ചാണ്.'
"നിങ്ങൾ പുലി നിരപരാധി ആണന്നാണോ പറഞ്ഞുവരുന്നത്.?"
'അതു മാത്രമല്ല സർ, ഡി എഫ് ഒ യെ രക്ഷിക്കാനായി പുലിയെ വെടിവെച്ചാൽ ഞാൻ മൃഗങ്ങളോട് ചെയ്യുന്ന ഒരനീതി ആയേനെ.ഒരു ജീവി എന്ന ധർമ്മം മറന്ന് മനുഷ്യൻ എന്ന വിഭാഗീയചിന്തകൾക്കു അടിപ്പെടുമായിരുന്നു. അത്തരം ചിന്തകൾ തുടർന്നാൽ ഞാൻ മറ്റു ജീവികൾക്കെതിരെ എന്റെ സഹജീവിയായ മനുഷ്യന് വേണ്ടി തോക്കെടുക്കും. മനുഷ്യരിൽ തന്നെ ഞാൻ ഇന്ത്യാക്കാരനായി മറ്റു രാജ്യങ്ങൾക്കെതിരെ അനീതി കാണിക്കും. ഇന്ത്യക്കാരനാണെന്നനിലക്ക് ഞാൻ കേരളീയനായി മറ്റു സംസ്ഥാനങ്ങളോടനീതി കാണിക്കും. കേരളത്തിൽത്തന്നെ തിരുവതാംകൂർ ആണെങ്കിൽ മലബാർകാരോടും,കൊച്ചിക്കാരോടും,തിരിച്ചും മറിച്ചും ഒക്കെ അനീതികാണിക്കും. മേൽ ജാതിക്കാരനാണെങ്കിൽ മറ്റുജാതിക്കാരോടും,അടുത്ത പടി.....ഗ്രാമം,കുടുംബം, സ്വന്തക്കാർ,സ്വയം എന്നിങ്ങനെ ഞാൻ ഓരോ നിലക്കും നീതി മറക്കും. അതുകൊണ്ട് മൃഗങ്ങളോട് നീതി കാണിച്ചാലേ മറ്റെല്ലാ വിഭാഗീയചിന്തകളും മനസ്സിൽ വരാതിരിക്കൂ. അതു പരീക്ഷിക്കാനൊരവസരം കൂടിയായിരുന്നു ഡി എഫ് ഒ യും പുലിയും തമ്മിലുള്ള ദ്വന്ദയുദ്ധം.'
"ഇതായിരുന്നു നിങ്ങളുടെ ചിന്തയെങ്കിൽ എന്തുകൊണ്ട് മുൻകൂട്ടി ഡി എഫ് ഒ യെ പിന്തിരിപ്പിച്ചില്ല.?"
'ഞാനതിന് ശ്രമിച്ചു സർ,പക്ഷെ അദ്ദേഹം വഴങ്ങിയില്ല.'
"എന്താണയാൾ പറഞ്ഞത്.?"
'പുലി മറ്റു മൃഗങ്ങളെ കൊന്നു തിന്നുന്ന ജീവിയാണെന്നും,പുലിയെ കൊല്ലുന്നത് മറ്റു ജീവികളുടെ സംരക്ഷണത്തിനാണെന്നും,മാത്രമല്ല കാട്ടിലെ രാജാവ് സിംഹം അല്ലെന്നും വനംവകുപ്പ് മന്ത്രിയാണെന്നും പറഞ്ഞു.'
"ഒരു കണക്കിനതും ശരിയല്ലേ.?"കമ്മീഷൻ തിരിച്ചടിച്ചു.
'അല്ല, കാട് മൃഗങ്ങളുടേത് ആണ്. കാട്ടിൽ ചെന്ന് മൃഗങ്ങളെ കൊല്ലുന്നവരെ കൊല്ലാൻ അവക്കവകാശം ഉണ്ട്. അതുപോലെ നാട്ടിൽ വന്ന് മനുഷ്യരെ കൊന്നാൽ മൃഗങ്ങളെ കൊല്ലാൻ മനുഷ്യർക്കും അവകാശം ഉണ്ട്.
ശരിക്കും ഒരുപമ പറഞ്ഞാൽ,വനംവകുപ്പ് മന്ത്രിയുടെ നില ഇഗ്ലണ്ടിലെ കൊളോണിയൽ സെക്രട്ടറിയുടേതാണ്. അദ്ദേഹത്തിന്റെ അധികാരം മനുഷ്യരിൽനിന്നു കിട്ടിയതാണ്.'
"മൃഗങ്ങൾക്ക് സ്വയംഭരണം വേണമെന്നാണോ നിങ്ങൾ പറയുന്നത്..?വനംവകുപ്പിന്റെ നിയമങ്ങൾ നിങ്ങളുടെ മനസാക്ഷിക്കു നിരക്കുന്നതല്ലെന്നു കമ്മീഷന് ഒരു നിഗമനത്തിലെത്താമോ.?"
'അതിൽ തെറ്റില്ല,എന്നാൽ അതെന്നെ പിരിച്ചുവിടാനുള്ള കാരണമാകുമോ.?'
"ആകാം,ആകാതിരിക്കാം.ഏതായാലും ഈ സിറ്റിംഗ് തീരുന്നതിന് മുൻപ് നിങ്ങൾക്ക് വേണ്ടി പറയാൻ സാക്ഷികൾ ആരെങ്കിലും ഉണ്ടോ.? അവരെ വിസ്തരിക്കേണ്ടതുണ്ടോ.?"
'ഒരു സാക്ഷിയുണ്ട്.'
"ഉടനെ വരുത്തിയാൽ ഇന്നുതന്നെ ഇതു പൂർത്തിയാക്കാം. ആൾ ഇവിടെ ഉണ്ടോ.?"
'വെളിയിൽ തണലത്ത് നിൽപ്പുണ്ട്. വിളിച്ചാൽ വരുന്നതേയുള്ളൂ.'
"ശരി.ആരാണ്.?'
'മേൽ വിവരിച്ച സംഭവത്തിലെ പ്രധാന കുറ്റവാളിയാണ് സർ. ഡി എഫ് ഒ ദാമോദരൻ നായരെ തിന്ന പുലി.__വിളിക്കട്ടെ.?
🙏

