കർണാടകയിലെ അഗുംബെ മലനിര. ഇത് രാജവെമ്പാലകളുടെ തലസ്ഥാനം - ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം എഴുതുന്നു
ഏറ്റവും കൂടുതൽ നീളമുള്ള വിഷപ്പാമ്പ് .
നമ്മൾ രാജവെമ്പാല എന്ന് വിളിക്കുന്ന King cobraയ്ക്ക് അങ്ങനെ ഒരു ബഹുമതിയുണ്ട്.
ലോകത്ത് തന്നെ ഏറ്റവുമധികം രാജവെമ്പാലകൾ ഉള്ള ഒരിടം നമ്മുടെ തൊട്ടയൽ സംസ്ഥാനമായ കർണാടകയിലാണ്. പശ്ചിമഘട്ട മലനിരയുടെ ഭാഗമായ അഗുംബെയിൽ.
രാജവെമ്പാലകൾ ധാരാളമായി കാണപ്പെടുന്നതിനാൽ ഈ സ്ഥലം അറിയപ്പെടുന്നത് Capital of King cobra എന്നാണ്
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് മേഘാലയയിലെ ചിറാപുഞ്ചി എന്നറിയാമല്ലൊ.
ആ ചിറാപുഞ്ചിയെ ഓർമിപ്പിക്കും വിധം നിരന്തരം മഴ ലഭിക്കുന്ന ഒരിടം കൂടിയാണ് ദക്ഷിണ കർണാടകയുടെ ഭാഗമായ അഗുംബെ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന അഞ്ച് സ്ഥലങ്ങളിൽ ഒന്ന്.
അതിനാൽ തെക്കെ ഇന്ത്യയുടെ ചിറാപുഞ്ചി എന്നാണ് അഗുംബെ അറിയപ്പെടുന്നത് തന്നെ.
ജൈവവൈവിധ്യത്തിന് പേരുകേട്ട ഇടമാണിത്
ട്രക്കിംഗ് ഇഷ്ടപ്പെടുന്ന സാഹസികസഞ്ചാരികളുടെ പ്രിയയിടമാണ് അഗുംബെ .
നഗരവത്കരണ കാലത്തും ഗ്രാമീണതയുടെ തനിമ കാത്തു സൂക്ഷിക്കുന്നുണ്ട് ഈ കന്നഡ ഗ്രാമം .
സവിശേഷമായ ഒരു ആവാസവ്യവസ്ഥയുടെ ഭാഗമാണ് ഈ പ്രദേശം.ഇവിടത്തെ സസ്യ ജീവജാലങ്ങളിൽ പലതും ഇപ്പോഴും ശാസ്ത്രത്തിന് അജ്ഞാതമായി തുടരുന്നു.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ
ഇനിയും പഠിക്കപ്പെടേണ്ടതായ നിരവധി പ്രാദേശിക സസ്യങ്ങൾ, ഉരഗങ്ങൾ, ഉഭയജീവികൾ എന്നിവയാൽ അവിശ്വസനീയമാംവിധം സമ്പന്നമാണ് ഈ പശ്ചിമഘട്ട മലനിര.
കടുവകളും പുള്ളിപ്പുലികളും ഉൾപ്പെടെ നിരവധി വന്യമൃഗങ്ങളുടെ ആവാസസ്ഥലം കൂടിയാണിവിടം
ധാരാളം മഴ ലഭിക്കുന്ന, മഴക്കാട് നിറഞ്ഞ ഈ പ്രദേശത്ത് നിരവധി വെള്ളച്ചാട്ടങ്ങളും ഉണ്ട് .
ഒനകെ അബി, ബകർണ, ജോഗി ഗുണ്ടി എന്നീ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ ഇവിടെയാണ് .
താഴ് വാരങ്ങളുടെ മനോഹരമായ കാഴ്ച നൽകുന്ന നിരവധി വ്യൂപോയിന്റുകളും അഗുംബെയിലുണ്ട്.
എന്നാൽ അതിനെക്കാളെല്ലാമധികം അഗുംബെയെ പ്രശസ്തമാക്കുന്നത് അവിടത്തെ രാജവെമ്പാലകളാണ്.
ലോകത്ത് ഇത്രയധികം രാജവെമ്പാലകൾ ഉള്ള മറ്റൊരിടമില്ല.അഗുംബെയിലെ മഴക്കാടുകള്‍ രാജവെമ്പാലകൾക്ക് ഏറ്റവും യോജിച്ച ആവാസകേന്ദ്രം കൂടിയാണ്. അത് കൊണ്ടാണ് രാജവെമ്പാലകളുടെ തലസ്ഥാനമായി അഗുംബെയെ വിശേഷിപ്പിക്കുന്നത് .
രാജവെമ്പാലകളുടെ തലസ്ഥാനം എന്ന വിളിപ്പേരുണ്ടെങ്കിലും മറ്റനേകം വിഷപ്പാമ്പുകളുടെയും ഈറ്റില്ലം കൂടിയാണ് ഇവിടം.
കൊടിയ വിഷമുള്ള പാമ്പാണെങ്കിലും ഉപദ്രവിക്കുന്ന തരം പ്രകോപനങ്ങൾ ഉണ്ടായില്ലെങ്കിൽ രാജവെമ്പാല മനുഷ്യരെ കടിക്കാറില്ല. മാത്രമല്ല മനുഷ്യരെക്കണ്ടാൽ ഒഴിഞ്ഞുമാറി പോകുകയും ചെയ്യും.
മനുഷ്യരുമായി എളുപ്പം ഇണങ്ങുന്ന പാമ്പ് കൂടിയാണിത്.
രാജവെമ്പാലകളുടെ ആ സവിശേഷതകൾ മനസ്സിലാക്കി അവയെ പറ്റി പ്രത്യേക പഠനങ്ങൾ നടത്തുന്ന കിംഗ് കോബ്ര റിസർച്ച് സ്റ്റേഷൻ അഗുംമ്പെയിലുണ്ട്.. ലോകത്ത് തന്നെ ഇത്തരം ഒരു കേന്ദ്രമേ ഉള്ളൂ.
സമുദ്രനിരപ്പില്‍നിന്ന് 2100 അടി ഉയരത്തിലാണ് അഗുംബെ റെയിന്‍ ഫോറസ്റ്റ് റിസേർച്ച് സ്റ്റേഷൻ (Agumbe Rainforest research station അഥവാ ARRSഎന്ന് കൂടി അറിയപ്പെടുന്ന ഈ ഗവേഷണ കേന്ദ്രം.
മഴക്കാടുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഇന്ത്യയിലെതന്നെ ഏക സ്ഥിരം സംവിധാനമാണ് റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ
പ്രശസ്ത പാമ്പുഗവേഷകനായ റോമുലസ് വിറ്റേക്കറാണ് ആഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷന്റെ സ്ഥാപനത്തിന് നേതൃത്വം നൽകിയത്. 2005 ല്‍ ആണു ഈ റിസേര്‍ച്ച് സ്റ്റേഷന്‍ സ്ഥാപിച്ചത്.
രാജവെമ്പാലകളെ സ്വാഭാവികരീതിയിലും കൃത്രിമസാഹചര്യങ്ങളിലും വളരാനനുവദിക്കുകയും അവയുടെ ജീവിതരീതി നിരന്തരമായി പഠിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഗവേഷണകേന്ദ്രമാണ് ഇത്.
ഇന്ത്യയിലെ ഉഭയജീവികളെയും ഉരഗങ്ങളെയും കുറിച്ച് പഠനങ്ങൾ നടത്തുന്ന റോമുലസ് വിറ്റേക്കർ രാജവെമ്പാലയെ കുറിച്ചുള്ള തന്റെ പഠനങ്ങൾ ഏറെയും നടത്തിയത് ഇവിടെ വച്ചാണ് . രാജവെമ്പാലയെ ക്കുറിച്ച് ലോകത്തേറ്റവുമധികം പഠനങ്ങൾ നടത്തിയത് അദ്ദേഹമാണ്. അതിന്റെ പേരിൽ പത്മശ്രീ ലഭിച്ച വ്യക്തി.
പാരിസ്ഥിതിക നാശം മൂലം വംശനാശത്തിലേക്കടുത്തു കൊണ്ടിരിക്കുന്ന ഇനമാണ് രാജവെമ്പാലകൾ .
രാജവെമ്പാലകളുടെ സംരക്ഷണം ഉറപ്പാക്കാൻ ഇവിടത്തെ ഇരുള ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് അദ്ദേഹം പ്രവർത്തിക്കുന്നു.
1971- ല്‍ ആണ് വിറ്റേക്കര്‍ ഇവിടെ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തിയതെന്നു പറയുന്നു
2004-ൽ, ഈ മേഖലയിലെ വലിയ മഴക്കാടുകളാൽ ചുറ്റപ്പെട്ട എട്ട് ഏക്കർ ഭൂമി റോമുലസ് വിറ്റേക്കർക്കർ ഏറ്റെടുത്തു.
വിറ്റ്‌ലി അവാർഡിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച്, റോമും സംഘവും അവിടെ മഴക്കാടുകളുടെ ഗവേഷണ-വിദ്യാഭ്യാസ കാര്യങ്ങൾക്കായി ഒരു കേന്ദ്രം സ്ഥാപിച്ചു.
ഈ സ്റ്റേഷൻ ദീർഘകാല പഠനങ്ങൾക്ക് യോജിച്ച വിധത്തിലാണ് അവർ വിഭാവനം ചെയ്തിട്ടുള്ളത്.
ലോകത്തിൽ രാജവെമ്പാലയെ കുറിച്ചുള്ള പഠനങ്ങളുടെ ന്യൂക്ലിയസ് ആക്കി അഗുബെയെ മാറ്റാനാണ് റോമും സംഘവും യത്നിക്കുന്നത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ
കോപ്പൻഹാംഗൻ ഉച്ചകോടിയിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ലോകം ചർച്ച ചെയ്യുമ്പോൾ ഇങ്ങ് ഇന്ത്യയിൽ, നമ്മുടെ മഴക്കാടുകളിൽ കാലാവസ്ഥാ വ്യതതിയാനത്തിന്റെ സ്വാധീനം എത്രത്തോളം എന്ന് പഠിക്കാനുള്ള നിശബ്ദശ്രമം കർണാടകയിലെ അഗുംബെയിൽ റോമും കൂട്ടരും ആരംഭിച്ചു.
ജനസംഖ്യാ വളർച്ച മൂലം വനം കൈയേറ്റം വ്യാപകമായതിനാൽ പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന മഴക്കാടുകൾ വൻതോതിൽ നശിപ്പിക്കപ്പെടുന്നുണ്ട് എന്നവർ കണ്ടെത്തി.
അതിനാൽ രാജവെമ്പാലയുടെ ആവാസവ്യവസ്ഥയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുന്ന സ്ഥിതിയുണ്ട്..
അവയുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള അടിയന്തിര പ്രവർത്തനങ്ങൾ ആണ് അവരവിടെ നടത്തുന്നത്.
മറ്റിടങ്ങളിൽ വംശനാശത്തിലേക്ക് നീളുന്ന കടുവകളെ സംരക്ഷിക്കാനായി wild life sanctuary സൃഷ്ടിച്ച് വനസംരക്ഷണത്തിനും ഗവേഷണത്തിനും അവസരങ്ങൾ ഒരുക്കുന്നതുപോലെ രാജവെമ്പാലയെ ഒരു മുൻനിര ഇനമായി ഉപയോഗിക്കുകയാണിവിടെ.
അത് , മഴക്കാടുകളെക്കുറിച്ചുള്ള പഠനങ്ങൾ, സംരക്ഷണ പ്രവർത്തനങ്ങൾ, പ്രാദേശിക പങ്കാളിത്തം, വിദ്യാഭ്യാസം എന്നിവയ്ക്ക് കൂടി അടിത്തറ നൽകും.
അതിനുള്ള ശ്രമമാണ് അഗുംബെയിൽ .
മഴക്കാടുകളുടെ പരിസ്ഥിതി, ജനസംഖ്യാ പരിസ്ഥിതി, ഫിനോളജി, ജിയോ ഇൻഫോർമാറ്റിക്‌സ്, സോഷ്യോ ഇക്കണോമിക്‌സ് തുടങ്ങി വൈവിധ്യമാർന്ന ഗവേഷണ പദ്ധതികൾ ARRS നടത്തന്നു.
ഗവേഷണത്തിനുപുറമെ, പ്രാദേശിക കമ്മ്യൂണിറ്റി, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിലും വ്യാപനത്തിലും ARRS ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
വോളണ്ടിയർ, റിസർച്ച് ഇന്റേൺ പ്രോഗ്രാം ഫീൽഡ് അധിഷ്ഠിത ഗവേഷണത്തിൽ താൽപ്പര്യമുള്ളവർക്ക് ഗവേഷണ സൗകര്യം ഒരുക്കുക, ബിരുദ, പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് പ്രോജക്റ്റുകൾ നടത്താനും ഗവേഷണങ്ങൾ ചെയ്യാനും സൗകര്യങ്ങൾ ചെയ്യുക എന്നിവയും ഇവിടെ നടക്കുന്നു.
7,000 മില്ലീമീറ്ററിലധികം വാർഷിക മഴ ലഭിക്കുന്ന ഇടമാണ് അഗുംബെ സംരക്ഷിത വനങ്ങൾ .
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 640 മീ (2,100 അടി) ഉയരത്തിലാണ് ഇത്
ഗോവയില്‍ നിന്നും 314 കിലോമീറ്റർ അകലെയാണ് അഗുംബെ സ്ഥിതി ചെയ്യുന്നത്.
ഷിമോഗയിൽ നിന്ന് 90 കിലോമീറ്റർ ആണ്
അഗുംബെയിലേക്ക് ദൂരം.
മംഗലാപുരമാണ് തൊട്ടടുത്ത വിമാനത്താവളം. 110 കിലോമീറ്റർ .
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ഉഡുപ്പിയാണ്.- 60 കി.മീ, ബാംഗ്ലൂർ - 380 കി മി
************************************
ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം
