കോപി'ലെ ഇന്ത്യന്‍ നിലപാടുകള്‍ - കെ.സഹദേവൻ എഴുതുന്നു
UNFCCC ഇന്ത്യാ ഗവൺമെൻ്റിൻ്റേതായി പ്രസിദ്ധീകരിച്ച കാർബൺ സിങ്കും ഭൂവിനിയോഗവും സംബന്ധിച്ച ഡാറ്റ(2022) പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. പുതുക്കിയ NDC-യില്‍ ഇന്ത്യയുടെ മുൻകാല കാര്‍ബണ്‍-സിങ്ക് ലക്ഷ്യത്തിന് മാറ്റമൊന്നുമില്ല എന്ന കാര്യം. ഇന്ത്യയുടെ പരിസ്ഥിതി മന്ത്രാലയത്തിന്റെ തന്നെ അഭിപ്രായത്തില്‍, മാറ്റമില്ലാതെ തുടരുന്ന അഞ്ച് പ്രതിബദ്ധതകളില്‍ ഒന്നാണിത്.
ഈ വിഷയത്തെ സംബന്ധിച്ച് IndiaSpend റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന കാര്യം ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു:
''ഇന്ത്യ അതിന്റെ ആദ്യ എന്‍ഡിസി റിപ്പോർട്ട് സമര്‍പ്പിച്ച് നിരവധി വര്‍ഷങ്ങളായി, ലക്ഷ്യം എന്താണെന്നോ ഏത് അടിസ്ഥാന വര്‍ഷത്തിലാണ് ഇത് അളക്കേണ്ടതെന്നോ (ഇന്ത്യന്‍ ഫോറസ്റ്റ് അധികാരികള്‍ക്ക് പോലും) ഇപ്പോഴും വ്യക്തമല്ല. പരിഷ്‌കരിച്ച എന്‍ഡിസിയില്‍ ഇത് വ്യക്തമാക്കിയിട്ടില്ല.
2019-ല്‍, ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ (എഫ്എസ്‌ഐ) ഇന്ത്യയുടെ വന ലക്ഷ്യത്തില്‍ രണ്ടുതവണ പ്രത്യക്ഷപ്പെടുന്ന 'അഡീഷണല്‍' എന്ന പദത്തെയും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള വ്യക്തമായ അടിസ്ഥാന വര്‍ഷത്തിന്റെ അഭാവത്തെയും ചോദ്യം ചെയ്തുകൊണ്ട് ഒരു പ്രത്യേക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
രണ്ട് നിര്‍ണായക ചോദ്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം (MoEFCC) മന്ത്രാലയത്തോട് ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ (FSI) അഭ്യര്‍ത്ഥിച്ചു, ഇതില്ലാതെ NDC ലക്ഷ്യം കൈവരിക്കുന്നതിനുള്ള തന്ത്രം വികസിപ്പിക്കാനാവില്ല.
FSI റിപ്പോര്‍ട്ട് അനുസരിച്ച്, 2005 അടിസ്ഥാന വര്‍ഷമായിരിക്കുകയാണെങ്കില്‍, NDC ലക്ഷ്യത്തിൻ്റെ ഏറ്റവും അഭിലഷണീയമായ വ്യാഖ്യാനങ്ങളില്‍, രാജ്യത്തിന്റെ കാര്‍ബണ്‍ സിങ്ക് 2030 ആകുമ്പോഴേക്കും 30.62 മുതല്‍ 34.87 ബില്യണ്‍ ടണ്‍ CO2-e വരെ വ്യത്യാസപ്പെടേണ്ടതുണ്ട്.
വാര്‍ഷിക വനവിസ്തൃതി കണക്കാക്കുന്നതിനുള്ള എഫ്എസ്‌ഐയുടെ മാനദണ്ഡങ്ങൾ, സുതാര്യതയുടെ അഭാവം, വനം സംബന്ധിച്ച തെറ്റായ നിര്‍വചനങ്ങൾ എന്നിവ യുഎന്നിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ശാസ്ത്രജ്ഞർക്കിടയിലും ചർച്ച ചെയ്യപ്പെട്ടു.
പ്ലാൻ്റേഷനുകൾ, പൂന്തോട്ടങ്ങള്‍ എന്നിവയെ കൂടാതെ ഏതുതരം ഹരിതമേലാപ്പുകളെയും 'വനം' എന്ന രീതിയിൽ കണക്കാക്കുന്നതാണ് ഇന്ത്യയുടെ വനവിസ്തൃതി വർഷം തോറും വർദ്ധിക്കുന്നതിൻ്റെ പൊരുൾ!!
2020ലെ മാത്രം കണക്കനുസരിച്ച്, വനനശീകരണം ഉള്‍പ്പെട്ട 367 പദ്ധതികളില്‍ മൂന്നെണ്ണം മാത്രമാണ് MoEFCC യും കാലാവസ്ഥാ മന്ത്രാലയവും നിരസിച്ചത്. 9,434 ഹെക്ടര്‍ വനഭൂമി വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന കരാറുകളാണ് ഈ രീതിയിൽ ഒപ്പുവെക്കപ്പെട്ടത്.
ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ കണക്കു കൂടി ശ്രദ്ധിച്ചാൽ ഈയടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് നഷ്ടമായ 'ഹരിതകവച'ങ്ങളെ സംബന്ധിച്ച വ്യക്തമായ ധാരണ ലഭിക്കും.
2015-നും 2021-നും ഇടയില്‍ 1 ദശലക്ഷം ഹെക്ടര്‍ (Mha) മരങ്ങള്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതായി ഗ്ലോബൽ ഫോറസ്റ്റ് വാച്ച് ചൂണ്ടിക്കാട്ടുന്നു. ഇത് 508MtCO2e കാർബൺ സിങ്കിന് തുല്യമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
2005-നെ baseline ആയി കണക്കാക്കുമ്പോൾ ഇത്തരത്തിൽ
899MtCO2e-ന് തുല്യമായ കാർബൺ സിങ്കിനെ പ്രതിനിധീകരിക്കുന്ന 1.8 ദശലക്ഷം ഹെക്ടർ ഹരിതാവരണം ഇന്ത്യക്ക് നഷ്ടപ്പെട്ടതായി പറയുന്നു.
ഇന്ത്യയുടെ പരിസ്ഥിതി-വനനയങ്ങൾ സ്വാഭാവിക വനങ്ങളെക്കാള്‍ തോട്ടങ്ങൾക്ക് പ്രാധാന്യം നൽകുന്നതും ആദിവാസി സമൂഹങ്ങളുടെ വനാവകാശങ്ങള്‍ ഇല്ലാതാക്കുന്നതും ആണെന്നത് നിസ്തർക്കമായ കാര്യമാണ്. (ഇന്ത്യയുടെ ആദിവാസി കോറിഡോറിൽ എന്തു സംഭവിക്കുന്നു?/കെ.സഹദേവൻ എന്ന പുസ്തകം ഈ വിഷയം ആഴത്തിൽ പരിശോധിക്കുന്നു.)
• *Carbon Sink:* അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡിനെ ആഗിരണം ചെയ്യുകയും ശേഖരിക്കുകയും ചെയ്യുന്ന പ്രാകൃതികമോ അല്ലാത്തതോ ആയ സംവിധാനത്തെയാണ് കാർബൺ സിങ്ക് എന്ന് വിശേഷിപ്പിക്കുന്നത്. ഉദാ:- വനങ്ങൾ സ്വാഭാവിക കാർബൺ സിങ്കാണ്.
കെ.സഹദേവൻ
