ഹംപിയിലേക്ക് പോകുന്നവർ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ - Place to visit in Hampi

 ഹംപി മെയിൻ റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിന് ബാല കൃഷ്ണ ക്ഷേത്രം എന്നും പേരുണ്ട്. ഹംപിയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണിത്. ഹംപി ബസ്റ്റാൻഡിൽ നിന്നും 500 മീറ്റർ സഞ്ചരിക്കണം ക്ഷേത്രത്തിലേക്ക്.


ഹേമകുണ്ഡ ഹിൽസിന്‍റെ ചെരുവിലായാണ് കടലേകലു ഗണേശ ക്ഷേത്രമുള്ളത്.ഹംപിയിലെ ഗണേശന്‍റെ ഏറ്റവും വലിയ പ്രതിമയാണ് ഇവിടെയുള്ളത്. ഹംപി ബസ്റ്റാൻഡിൽ നിന്നും 600 മീറ്റർ അകലെയാണ് ഹേമകുണ്ഡ ഹിൽ ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നത്. നിർമ്മാണം പൂർത്തിയായതും അല്ലാത്തതുമായ ഒട്ടേറെ ക്ഷേത്രങ്ങൾ ഇവിടെ കാണാം. വിരൂപാക്ഷ ക്ഷേത്രത്തിനോട് ചേർന്നുള്ള ഇവിടെ സൂര്യോദയവും അസ്തമയവും കാണുവാനും യോജിച്ച ഇടമാണ്.




 ഹംപി ബസ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്ററും ഹംപി ബസാറിൽ നിന്നും അര കിലോമീറ്ററും അകലെയാണ് അച്ചുതരായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാതംഗ ഹിൽസിനും ഗന്ഝമദന ഹിൽസിനും ഇടയിലായാണ് ക്ഷേത്രമുള്ളത്. വിജയ നഗര സാമ്രാജ്യം ഇല്ലാതാകുന്നതിനു മുന്നേ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ നിർമ്മിതി കൂടിയാണിത്. വിജയ നഗര വാസ്തു വിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വിറ്റാല ക്ഷേത്രവും കിംഗ്സ് ബാലൻസും സന്ദർശിച്ച് ആദ്യ ദിവസത്തെ യാത്ര അവസാനിപ്പിക്കാം. ഹംപിയിലെ ഏറ്റവും വ്യത്യസ്തമായ കാഴ്ചകളിലൊന്നാണ് കിംഗ്സ് ബാലൻസ്. ഹംപി ബസ് സ്റ്റാൻഡിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. തുലാഭാരം എന്നും ഇതിനെ വിളിക്കുന്നു.



ഹംപിയിലെ ഏറ്റവും പ്രശസ്തവും പുരാതനവുമായ നിർമ്മിതികളിലൊന്നാണ് വിറ്റാല ക്ഷേത്രം. ഹംപി ബസ്റ്റാൻഡിൽ നിന്നും വണ്ടിക്ക് പോകുമ്പോൾ 9 കിലോമീറ്ററും നടന്നാണെങ്കിൽ 2.3 കിലോമീറ്ററുമാണ് ദൂരം. പ്രശസ്തമായ കൽരഥവും സംഗീത തൂണുകളും ഈ ക്ഷേത്രത്തിലാണുള്ളത്. രാത്രി സമയമുണ്ടെങ്കിൽ അവിടെ കറങ്ങി നടക്കാം. ഹംപിയുടെ വ്യത്യസ്തമായ വൈബ് അനുഭവിക്കുവാൻ പറ്റിയ സ്ഥലമാണിത്.



 അടുത്ത ദിവസത്തെ കാഴ്ചകളിൽ പട്ടാഭിരാമ ക്ഷേത്രത്തിലേക്ക് ആദ്യം പോകാം. ഹംപി ബസ് സ്റ്റാൻഡിൽ നിന്നും 5.00 കിലോമീറ്ററും കമലാപുര ബസ് സ്റ്റാൻഡിൽ നിന്നും 1.2 കിലോമീറ്ററുമാണ് ഇവിടേക്കുള്ളത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മ്യൂസിയത്തിന് സമീപത്തായാണ് ക്ഷേത്രമുള്ളത്.
ഇവിടെ നിന്നും നേരേ മ്യൂസിയത്തിലേക്ക് പോകാം. ബ്രിട്ടീഷ് ഓഫീസർമാരുടെ കാലത്ത് ഹംപിയിൽ നടത്തിയ ഖനനങ്ങളിൽ നിന്നും മറ്റും കണ്ടെടുത്ത കാര്യങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. അടുത്തതായി കാണുവാനുള്ളത് മല്യവന്ത രഘുനാഥ സ്വാമി ക്ഷേത്രമാണ്. രാമന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്.



 വിജയ നഗര സാമ്രാജ്യത്തിലെ റാണിമാർ കുളിക്കുവാനായി വന്നിരുന്ന ഇടമായിരുന്നു ഇത്. വിജയ നഗര സാമ്രാജ്യത്തിലെ അച്ചുത രായരാണ് തന്റെ റാണിക്കും അവിടുത്തെ മറ്റു സ്ത്രീ ജനങ്ങൾക്കും വേണ്ടി ക്വീൻസ് ബാത്ത് പണികഴിപ്പിച്ചത്. റാണിമാർക്ക് ഉല്ലസിക്കുവാനും കുളിക്കുവാനുമായാണ് ഇത് നിർമ്മിച്ചത്. റോയൽ എൻക്ലോഷറിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്വീൻസ് ബാത്ത് . ഇൻഡോ-ഇസ്ലാമിക് ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വലിയ ഒരു സമചതുരത്തിന്റെ രൂപത്തിലാണ് ഈ കുളിപ്പുരയുള്ളത്. ഇതിനു നടുവിലായാണ് ഇറങ്ങിക്കുളിക്കുവാൻ പാകത്തിൽ കുളം നിർമ്മിച്ചിരിക്കുന്നത്. ഇവിടേക്ക് ഇറങ്ങുവാൻ ഒരു വശത്തുകൂടി മാത്രമേ സാധിക്കുകയുള്ളൂ. അലങ്കരിച്ചിരിക്കുന്ന ബാൽക്കണികളും അതിലെ കൊത്തുപണികളും ഒക്കെ ഇപ്പോഴും ഇവിടെ കാണാം. ഓരോ ബാല്‍ക്കണിക്കും മൂന്നു ജനാലകൾ വീതമാണുള്ളത്. മാത്രമല്ല, ഇതിന് മേൽക്കൂരയില്ല എന്നും മുകളിലേക്ക് നോക്കിയാൽ ആകാശം മാത്രമാണ് കാണുന്നത് എന്നുമൊരു പ്രത്യേകതയുണ്ട്. ഇത് കഴിഞ്ഞ് നേരെ മഹാനവമി ഡിബ്ബയിലേക്ക് പോകാം. ദസറ ഡിബ്ബ എന്നുമിതിന് പേരുണ്ട്. വിശേഷ ദിവസങ്ങളിൽ രാജാവും അധികാരികളും സമ്മേളിക്കുന്നതും ആഘോഷങ്ങൾ നടത്തുന്നതുമായ ഇടമാണിത്. ഇതിനു തൊട്ടടുത്തായി ഒരു പടവ് കിണറും കാണാം.



 താമരയുടെ ഇതളുകളുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന അതിമനോഹരമായ ഒരു നിർമ്മിതിയാണ് ലോട്ടസ് മഹൽ. വിജയനഗര സാമ്രാജ്യത്തിലെ സ്ത്രീകൾക്കു വേണ്ടി മാത്രമുള്ള സെനാന എൻക്ലോഷറിനോട് ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. കമൽ മഹൽ എന്നും ചിത്രഗണി മഹൽ എന്നും ഇതിനു പേരുണ്ട്. തുറന്ന താമരയുടെ മൊട്ടു പോലെയാണ് ഇത് കാണപ്പെടുന്നത്. രണ്ടു നിലകളുള്ള ഒരു നിർമ്മിതിയാണിത്. വെല്ലം, ചുണ്ണാമ്പ്, കോഴിമുട്ട, മണ്ണ് എന്നിവയുടെ മിശ്രിതം കൊണ്ടാണ് ഇതിന്റെ ഭിത്തികൾ തേച്ചിരിക്കുന്നത്.



 സെനാന എൻക്ലോഷറിനു പുറത്തായാണ് മറ്റൊരു നിർമ്മിതിയായ ആനപ്പന്തി അഥവാ എലഫന്റ് സ്റ്റേബിൾ സ്ഥിതി ചെയ്യുന്നത്. ആനകൾക്കും അതിനെ നോക്കുന്നവർക്കും കൂടാത കുതിരകൾക്കുമുള്ള സ്ഥലം ഇവിടെയുണ്ട്. നീളത്തിൽ അറബിക് പേർഷ്യൻ ഇന്ത്യൻ എന്നീ സംസ്കാരങ്ങളുടെ മിശ്രണമായാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 



 ഹംപിയിലെ ഏക രാമ ക്ഷേത്രമാണ് ഹസാര രാമ ക്ഷേത്രം.രാമൻറെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കാര്യങ്ങൾ ഇവിടെ ക്ഷേത്രത്തിനുള്ളിൽ കല്ലുകളിൽ കൊത്തിവെച്ചിട്ടുണ്ട്. ഭാഗവത പുരാണവും ഇത്തരത്തിൽ കൊത്തിവെച്ചിട്ടുണ്ട്.
 ഹംപിയിലെ കാഴ്ചകൾ ഏകദേശം പൂർത്തിയായി.



 ഇനി സമയമുണ്ടെങ്കിൽ വിരൂപാക്ഷ ക്ഷേത്രത്തിൽ നിന്നും തുംഗഭദ്ര മുറിച്ചു കടന്ന് മങ്കി ഐലൻഡിലേക്ക് പോകാം. ഹംപിയുടെ മറ്റൊരു ആധുനിക രൂപമാണ് ഇവിടെ കാണുവാനുള്ളത്. വണ്ടി വാടകയ്ക്കെടുത്ത് കറങ്ങി നടക്കുവാനും ഇവിടെ സൗകര്യമുണ്ട്. അനേഗുണ്ടി, അജ്ഞനാദ്രി എന്നിവിടങ്ങളിലേക്കും പോകാം.


Related

Travelogue 5164330411326967708

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -