മാറുന്ന മഴക്കാലം നമ്മോട് പറയുന്നത് - എസ്.പി.രവി എഴുതുന്നു

 ഇക്കൊല്ലത്തെ മഴക്കാലം തുടങ്ങുമ്പോൾ, കഴിഞ്ഞ മഴക്കാലങ്ങൾ പറഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഓർമയിലുണ്ടല്ലോ :                                         

പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൊക്കയാർ, കൂട്ടിക്കൽ...


കാലാവസ്ഥ പ്രതിസന്ധി ഉൾപ്പെടെ പാരിസ്ഥിതിക വെല്ലുവിളികൾ രൂക്ഷമാകുന്ന കാഴ്ചയാണ് ലോകമെങ്ങും. ഇത് ഇനിയും രൂക്ഷമാകുമെന്ന് ശാസ്ത്രജ്ഞർ ആവർത്തിച്ച് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയാണ്.

ശാസ്ത്രജ്ഞരെ പോലും അമ്പരപ്പിക്കുന്ന വേഗത്തിലാണ് സമീപകാലത്ത് ഭൂമിയുടെ ചൂട് വർദ്ധിക്കുന്നതതും കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നതും. കഴിഞ്ഞ ഒരു ദശകമായി വല്ലാതെ വർദ്ധിക്കുന്ന വരൾച്ചയും ഉഷ്ണതരംഗവും  ചുഴലികാറ്റുകളും  വെള്ളപ്പൊക്കങ്ങളും ഒക്കെയായാണ് കലാവസ്ഥ പ്രതിസന്ധി പ്രധാനമായും സ്വയം അടയാളപ്പെടുത്തുന്നത്. ഇന്ത്യയിൽ മാർച്ച് മാസത്തിൽ നൂറ്റി ഇരുപത് വർഷത്തിനിടയിലെ ഉയർന്ന ചൂടാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2016 മുതൽ ഉള്ള അസാധാരണ മഴക്കാലങ്ങൾ കേരളത്തിൽ തുടരുകയാണ്. കാലവർഷം തുടങ്ങുന്നതിനു മുൻപ് തന്നെ മഴക്കാല പ്രതീതിയായിരുന്നു കേരളത്തിൽ. ചുഴലിക്കാറ്റിന്റെയൊന്നും പിൻബലമില്ലാതെ തന്നെ വേനൽമഴയിൽ കേരളത്തിൽ പലയിടത്തും 15 മുതൽ 20 സെന്റീമീറ്റർ വരെ മഴ രേഖപ്പെടുത്തി എന്നത് അസാധാരണമാണ്.


അവഗണിക്കപ്പെടുന്ന മുന്നറിയിപ്പുകൾ

പരിസ്ഥിതിയും ആവാസവ്യവസ്ഥകളും സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യത സംബന്ധിച്ച് നിരവധി മുന്നറിയിപ്പുകളാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. നിർഭാഗ്യവശാൽ അവയോരോന്നും അവഗണിക്കപ്പെട്ട ചരിത്രമാണ് കാലത്തിന് പറയുവാനുള്ളത്. 60 വർഷം മുൻപ്  റെയ്ച്ചൽ കാഴ്സൺ  രചിച്ച "സൈലന്റ് സ്പ്രിങ്" ആധുനിക കാലത്തെ ആദ്യത്തെ പാരിസ്ഥിതിക മുന്നറിയിപ്പായി പലരും കണക്കാക്കുന്നു. അതിനും പത്തു വർഷങ്ങൾക്കു ശേഷം 1972-ലാണ് പരിസ്ഥിതി വിഷയങ്ങൾ ചർച്ച ചെയ്യാനായി ലോകരാഷ്ട്രങ്ങൾ ആദ്യമായി ഒത്തുചേർന്നത്. സ്വീഡനിലെ സ്റ്റോക്ക്ഹോമിലാണ് ജൂൺ 5 മുതൽ 16 വരെ അന്ന് ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായിരുന്ന 132 രാജ്യങ്ങളിൽ 113 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത United Nations Conference on Human Environment നടന്നത്.


മലിനീകരണം ഒഴികെയുള്ള പാരിസ്ഥിതിക വെല്ലുവിളികൾ അന്ന് പൊതുസമൂഹത്തിന് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്ന വിധത്തിൽ വളർന്നിരുന്നില്ല. എന്നിട്ടും ശ്രദ്ധേയമായ നിരവധി നിർദ്ദേശങ്ങളാണ് സ്റ്റോക്ഹോം ഡിക്ലറേഷനിൽ ഉൾപ്പെടുത്തിയത്. ജൈവ പ്രകൃതിയെയും വന്യജീവികളെയും ആവാസ വ്യവസ്ഥകളേയും എല്ലാം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ രേഖയിൽ ഊന്നിപ്പറയുന്നുണ്ട്.  പുനരുത്പാദിപ്പിക്കാൻ ആകാത്ത വിഭവങ്ങൾ തീർന്നു പോകാത്ത വിധത്തിൽ സൂക്ഷ്മമായി മാത്രം ഉപയോഗപ്പെടുത്തണമെന്നും അവയുടെ വിതരണം തുല്യനീതി ഉറപ്പാക്കിക്കൊണ്ട് വേണമെന്നും ഡിക്ലറേഷനിൽ പറയുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിനായി നിയമങ്ങൾ നിർമ്മിക്കുന്നതിന് സ്റ്റോക്ക് ഹോം    കോൺഫറൻസ് നിദാനമായി.


ഈ സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗമായ United Nation Environment Program (UNEP) രൂപീകരിക്കുന്നത്. 1974 മുതൽ ജൂൺ അഞ്ചിന് പരിസ്ഥിതി ദിനമായി ആചരിച്ചു തുടങ്ങിയതും ഈ കോൺഫറൻസിനെ തുടർന്നാണ്. പരിസ്ഥിതി സംരക്ഷണത്തിനായി അന്താരാഷ്ട്ര തലത്തിൽ പിന്നീട് കൈകൊണ്ട് നടപടികൾക്ക്

എല്ലാം നാന്ദിയായി ഈ സമ്മേളനം.

സ്റ്റോക്ക്ഹോം സമ്മേളനം കഴിഞ്ഞ ഇരുപത് വർഷത്തിനുശേഷം 1992ലാണ് ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഭൗമഉച്ചകോടി (UN Conference on Environment and Development) നടന്നത്. അതിനു മുൻപുതന്നെ, 1988ൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കാനുള്ള Intergovernmental Panel on Climate Change - IPCC രൂപീകരിച്ചിരുന്നു. ഏറെ ശ്രദ്ധേയമായ ഭൗമഉച്ചകോടിയും നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. Convention on Biological Diversity, UN Framework Convention on Climate Change എന്നിവ നിലവിൽ വന്നത് ഭൗമഉച്ചകോടിയെ തുടർന്നാണ്. പരിസ്ഥിതിയും വികസനവും തമ്മിലുള്ള റിയോ പ്രഖ്യാപനം, അജണ്ട 21, വന തത്വങ്ങൾ സംബന്ധിച്ച പ്രസ്താവന തുടങ്ങിയവയും ഭൗമ ഉച്ചകോടിയുടെ  ഫലം ആണ്. ഇതിനെത്തുടർന്ന് 1995 മുതൽ കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച വാർഷിക സമ്മേളനങ്ങൾ, Conference of Parties - COP തുടങ്ങി. COP 1 ബർലിനിൽ ആണ് നടന്നത്. ഹരിതഗൃഹ വാതക ഉദ്വമനം നിയന്ത്രിക്കാനായി 1997 ൽ ക്യോട്ടോ പ്രോട്ടോകോൾ ഒപ്പുവച്ചു. അന്ന് അമേരിക്ക ഒഴികെയുള്ള ചില വികസിത രാജ്യങ്ങൾ മാത്രമാണ് ഈ പ്രോട്ടോകോളിന്റെ ഭാഗമായത്. 2015 ൽ കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന പാരിസ് കരാർ 195 രാജ്യങ്ങൾ ചേർന്നാണ് തയ്യാറാക്കിയത്. SDG എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന The 2030 Agenda for Sustainable Development, ദുരന്ത സാധ്യത ലഘൂകരണത്തിനായുള്ള Sendai Framework on Disaster Risk Reduction എന്നിവയും 2015 തന്നെ തയ്യാറാക്കിയതാണ്.

വിവിധ പാരിസ്ഥിതിക വെല്ലുവിളികൾ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണസ്ഥാപനങ്ങൾ തയ്യാറാക്കിയ ആയിരക്കണക്കിന് പഠനങ്ങളും, നമ്മുടെ വഴികൾ തിരുത്തിയില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തങ്ങളായിരിക്കും എന്ന് മുന്നറിയിപ്പ് നൽകുന്നു. നഷ്ടമാകുന്ന ആവാസവ്യവസ്ഥകൾ, വംശനാശം സംഭവിക്കുന്ന ജീവി വർഗ്ഗങ്ങൾ, ചൂടുപിടിക്കുന്ന കരയും കടലും, ആവർത്തിക്കുന്ന കാലാവസ്ഥാ ദുരന്തങ്ങൾ തുടങ്ങിയവയെല്ലാം നമുക്കുള്ള മുന്നറിയിപ്പുകളാണ്.

സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ അമ്പതാം വാർഷികം Stockholm + 50 എന്ന പേരിൽ ജൂൺ രണ്ട് ,മൂന്ന് തീയതികളിൽ ആചരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണം കൊണ്ടുവരുന്നതിനും സമൂഹത്തിൽ പാരിസ്ഥിതിക അവബോധം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുള്ള നിയമനിർമ്മാണങ്ങൾ നടത്തുന്നതിനും എല്ലാം സ്റ്റോക്ക് ഹോം  സമ്മേളനവും തുടർന്നു വന്നിട്ടുള്ള സമ്മേളനങ്ങളും മറ്റു നടപടികളും സഹായിച്ചിട്ടുണ്ട്.

എന്നാൽ ഈ ശ്രമങ്ങളെയെല്ലാം തമസ്കരിക്കുന്ന വിധത്തിൽ മൂലധന ശക്തികൾ ഭരണകൂടങ്ങളുടെയും പുത്തൻ സാങ്കേതികവിദ്യകളുടെയും സഹായത്തോടെ  മുഴുവൻ ജീവജാലങ്ങൾക്കും അർഹതപ്പെട്ട പ്രകൃതി വിഭവങ്ങൾ വൻതോതിൽ കൊള്ളയടിക്കുകയും ലോലവും സവിശേഷവുമായ ആവാസവ്യവസ്ഥകളെ തകർക്കുകയും                                  ചെയ്യുന്നതിന്റെ ചരിത്രം കൂടിയാണ് ഈ 50 വർഷത്തിന് പറയാനുള്ളത്.


വീണ്ടും മഴക്കാലം വരുമ്പോൾ


തുടർച്ചയായ രണ്ടാം വർഷമാണ് കേരളത്തിൽ ഇരട്ടിയിലധികം വേനൽ മഴ ലഭിക്കുന്നത്. മെയ് 27 വരെ  315.4 mm മഴ ലഭിക്കേണ്ട സ്ഥാനത്ത് 640.8 mm മഴ ലഭിച്ചുകഴിഞ്ഞു. 993.7 mm മഴ ലഭിച്ച എറണാകുളം ജില്ലയാണ് മഴയിൽ മുന്നിൽ. കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഈ വേനലിൽ 900 mm ലധികം മഴ ലഭിച്ചു. ഇതിനിടയിൽ നേരത്തെ മഴക്കാലത്ത് പോലും അപൂർവ്വമായി മാത്രം ലഭിച്ചിരുന്ന 15 - 20 cm മഴ മെയ് മാസത്തിൽ തന്നെ ഒന്നിലധികം തവണ സംസ്ഥാനത്ത് പലഭാഗത്തും രേഖപ്പെടുത്തി.

കേരളത്തിലെ മഴമേഘങ്ങളുടെ ഘടനയിൽ മാറ്റങ്ങൾ വരുന്നു എന്നും 2019 മുതൽ അത് പ്രകടമാണ് എന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഡോക്ടർ എസ് അഭിലാഷ് ചൂണ്ടിക്കാണിക്കുന്നു. 2019 ജൂൺ ജൂലൈ മാസങ്ങളിൽ കേരളത്തിൽ 35% മഴക്കുറവാണ് രേഖപ്പെടുത്തിയത്. ആഗസ്റ്റ് 8 മുതൽ ഏതാനും ദിവസം പെയ്ത മഴ കൊണ്ടു തന്നെ ഈ കുറവ് പൂർണമായും നികത്തപ്പെടുകയായിരുന്നു. കേരളത്തിൽ നേരത്തെ താരതമ്യേന ആഴം കുറഞ്ഞ മേഘങ്ങളാണ് മഴക്കാലത്ത് കാണപ്പെട്ടിരുന്നത്. എന്നാൽ 2019 ഓഗസ്റ്റ് എട്ടിനും ഒൻപതിനും  വളരെ ആഴം കൂടിയ(12 മുതൽ 14 കിലോമീറ്റർ വരെ ആഴമുള്ള) കൂമ്പാര മേഘങ്ങളുടെ സാന്നിധ്യമാണ് അതി ശക്തമായ മഴയ്ക്ക് വഴിവെച്ചത്. 2020 ലും 21 ലും എല്ലാം പ്രാദേശികമായി പലയിടങ്ങളിലും ഇത്തരം കൂമ്പാര മേഘങ്ങൾ രൂപപ്പെട്ടിരുന്നു. പുത്തുമലയിലും കവളപ്പാറയിലും പെട്ടി മുടിയിലും കൊക്കയാറിലും കൂട്ടിക്കലിലും എല്ലാം ദുരന്തങ്ങൾക്ക് വഴിവെച്ചത് ഇത്തരം മേഘങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് പെയ്തൊഴിഞ്ഞുണ്ടായ അതിതീവ്രമായ മഴ മൂലം ആണ്. ഒരു മണിക്കൂറിൽ 10 സെന്റീമീറ്റർ ഓ അതിലധികമോ മഴ രേഖപ്പെടുത്തുന്നതിനെ മാത്രമേ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേഘവിസ്ഫോടനം ആയി കണക്കാക്കുന്നുള്ളു. രണ്ടു മണിക്കൂറിൽ 5 സെന്റീമീറ്റർ അധികം മഴ രേഖപ്പെടുത്തിയാൽ തന്നെ അത് ദുരന്തങ്ങൾക്ക് വഴിവയ്ക്കാം എന്നാണ് ഡോക്ടർ അഭിലാഷ് ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞൻ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ തന്നെ അവയെ ലഘു മേഘ വിസ്ഫോടനങ്ങൾ ആയി കണക്കാക്കണം. 2020 പെട്ടിമുടി ഉൾപ്പെടുന്ന പ്രദേശത്തും 2021 കൂട്ടിക്കൽ കൊക്കയാർ മേഖലകളിലും അതിശക്തമായ മഴയുടെ സാധ്യത ഡോക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള കുസാറ്റ് സംഘം ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒരു ജില്ലയ്ക്ക് ആകെയുള്ള മുന്നറിയിപ്പാണ് നൽകുന്നത് എന്നതിനാൽ തന്നെ പലപ്പോഴും പ്രാദേശികമായി ഉള്ള ഇത്തരം സാധ്യതകൾ അവരുടെ പ്രവചനങ്ങളിൽ കാണുന്നില്ല. ഉരുൾപൊട്ടലിനും മലയിടിച്ചിലും പുറമേ നമുക്ക് നേരത്തെ അത്ര പരിചിതമല്ലാതിരുന്ന മിന്നൽ പ്രളയങ്ങൾ ക്കും ഇത്തരം മേഘവിസ്ഫോടനം              സമാനമായ മഴകൾ വഴിവയ്ക്കും.

2018 ലെയും 2019 ലെ യും വലിയ വെള്ളപ്പൊക്കങ്ങൾക്ക് ശേഷം  നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്, വിശേഷിച്ചും പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും. എങ്കിലും മഴയുടെ തീവ്രതയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വേണ്ടത്ര ഉൾക്കൊള്ളാൻ ഇപ്പോഴും നമ്മുടെ സംവിധാനങ്ങൾക്ക് ആകുന്നില്ല. പ്രാദേശിക തലം മുതൽ മുകൾത്തട്ട് വരെ ജനങ്ങളും വിവിധ സർക്കാർ, സർക്കാർ ഇതര സംവിധാനങ്ങളും ഒരു മനസ്സോടെ കൈകോർത്താൽ മാത്രമേ വരാനിരിക്കുന്ന ദുരന്തങ്ങളെ ഒരുപരിധിവരെയെങ്കിലും പ്രതിരോധിക്കാൻ നമുക്ക് ആവുകയുള്ളൂ.


പ്രാദേശികമായി ഈ ദിശയിലുള്ള ചില നീക്കങ്ങൾ നടക്കുന്നത് ശുഭകരമാണ്.

മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ മുൻകൈയിൽ  വ്യാപകമായി മഴ മാപിനികൾ വച്ചും പുഴയിൽ ജലനിരപ്പ് സ്കെയിലുകൾ സ്ഥാപിച്ചും കഴിഞ്ഞ മൂന്നു വർഷമായി നടത്തുന്ന തൽസമയ നിരീക്ഷണം  ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്. അണക്കെട്ടുകളാൽ നിയന്ത്രിതമായ ചാലക്കുടിപ്പുഴയിൽ മഴ മുന്നറിയിപ്പുകളും അണക്കെട്ടുകളിലേക്കും അവയിൽനിന്നും പുറത്തേക്കുമുള്ള നീരൊഴുക്കും പ്രാദേശികമായി പെയ്യുന്ന മഴയും പുഴയിലെ ജലനിരപ്പ് എല്ലാം തല്സമയ നിരീക്ഷണത്തിന്റെ ഭാഗമായി വരുന്നു. പമ്പാ നദീ തടത്തിൽ ചിലയിടങ്ങളിലും  ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി കൂടി ബന്ധപ്പെട്ടാണ് ഇത്തരം  പ്രവർത്തനങ്ങൾ നടക്കുന്നത്.

പ്രളയ സാധ്യത മുൻകൂട്ടി അറിയാനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും ഇത് ഏറെ സഹായകരമാണ്. പ്രാദേശികതലത്തിൽ ഉപയോഗപ്പെടാവുന്ന സ്കെയിലിൽ പ്രളയ സാധ്യത പ്രദേശങ്ങളുടെ സോൺ തിരിച്ചുള്ള ഭൂപടങ്ങളും ഫ്ലഡ് മോഡലുകളും കൂടി ഔദ്യോഗിക ഏജൻസികൾക്ക് ചെയ്തുതരാൻ ആകുമെങ്കിൽ ഈ നിരീക്ഷണങ്ങൾ          കൂടുതൽ ഫലപ്രദമാകും.


കേന്ദ്ര ജല കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള 4 വലിയ അണക്കെട്ടുകളിൽ, ഇടുക്കി, ഇടമലയാർ, കക്കി, ബാണാസുരസാഗർ എന്നിവയിൽ റൂൾ കർവ് തയ്യാറാക്കുകയും പ്രളയ നിയന്ത്രണത്തിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്. എന്നാൽ മറ്റ് അണക്കെട്ടുകൾക്ക് ഇനിയും ഈ നിയന്ത്രണങ്ങൾ ബാധകമാക്കാൻ അധികാരികൾ തയ്യാറായിട്ടില്ല. ഒന്നിലധികം അണക്കെട്ടുകൾ ഉള്ള ഇടങ്ങളിൽ പ്രളയ നിയന്ത്രണത്തിന് ആവശ്യമായ  സംയോജിത പ്ലാനുകളും നിലവിലില്ല.

കേരളത്തിന്റെ പുഴകളിൽ തമിഴ്നാടിന്റെ കൈവശമിരിക്കുന്ന അണക്കെട്ടുകൾ നമുക്ക് നിരന്തരം പ്രളയഭീഷണി സൃഷ്ടിക്കുന്നുണ്ട്. മുല്ലപ്പെരിയാറിൽ നിന്നും കഴിഞ്ഞ വർഷം പലതവണ രാത്രി നേരങ്ങളിൽ വലിയ അളവിൽ വെള്ളം തുറന്നു വിടുകയും അത് താഴെ തട്ടിൽ വെള്ളപ്പൊക്കത്തിന് വഴിവെക്കുകയുംചെയ്തിരുന്നതാണല്ലോ ചാലക്കുടിപ്പുഴ തടത്തിൽ പറമ്പിക്കുളത്ത് നിന്നും ഇതുപോലെ മുന്നറിയിപ്പില്ലാതെ വലിയ അളവിൽ വെള്ളം തുറന്നുവിടുന്ന സാഹചര്യം പലപ്പോഴും ഉണ്ടായി. ആവശ്യത്തിനും അനാവശ്യത്തിനും ജനങ്ങൾക്കുമേൽ ദുരന്തനിവാരണ നിയമം അടിച്ചേൽപ്പിക്കുന്ന അധികൃതർ പക്ഷേ ഇവിടെ ആ നിയമത്തിന്റെ സാധ്യതകളോ ഡാം സേഫ്റ്റി അതോറിറ്റിയുടെ അധികാരങ്ങളോ ഉപയോഗിക്കാൻ ശ്രമിക്കാത്തത് ദുരൂഹമാണ്.


മഴക്കാല ദുരന്തങ്ങളായി മാത്രമല്ല കാലാവസ്ഥാ പ്രതിസന്ധി നമുക്ക് അനുഭവപ്പെടുന്നത്. കാർഷിക മേഖലയിൽ ഇത് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്. കഴിഞ്ഞ വർഷം ഡിസംബർ വരെ മഴ നീണ്ടപ്പോൾ നെൽകർഷകർക്ക് ഒന്നിലധികം തവണ നട്ട ഞാറ് ഉപേക്ഷിക്കേണ്ടിവന്നു. വൈകി തുടങ്ങിയ കൃഷിയിൽ നെല്ല് കൊയ്യാൻ ആകുമ്പോഴേക്കും എത്തിയ ശക്തമായ വേനൽ മഴയാണ് അടുത്ത വില്ലനായത്. മഴ നീണ്ടതും മഞ്ഞു കാര്യമായി ഇല്ലാതിരുന്നതും മൂലം ഇത്തവണ ചക്കയും മാങ്ങയും എല്ലാം വളരെ കുറഞ്ഞിരിക്കുന്നു. തീരെ കുറഞ്ഞ ഉത്പാദനത്തിന് ഒപ്പം കനത്ത വേനൽമഴ കൂടി ആയതോടെ മുതലമടയിലെ മാവ് കർഷകരുടെ നടുവൊടിഞ്ഞിരിക്കുകയാണ്. കാലാവസ്ഥ പ്രതിസന്ധിയിൽനിന്നും കൃഷിയെയും കർഷകരെയും എങ്ങനെ കരകയറ്റാൻ ആകും എന്നത് ഏറെ ആഴത്തിൽ ചിന്തിക്കേണ്ട വിഷയമാണ്. കടലിൽ പോകുന്നതിന് തുടർച്ചയായി വിലക്ക് നേരിടുന്ന മത്സ്യതൊഴിലാളികളുടെ ജീവിതവും ഇന്നേറെ ദുരിതത്തിലാണ്.

മാറുന്ന മഴ ഉയർത്തുന്ന വെല്ലുവിളികളിൽ ചിലത് മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. മറ്റു സമുദ്രങ്ങളെക്കാൾ വേഗത്തിൽ അറബിക്കടൽ ചൂടുപിടിക്കുന്നു എന്നത് നമ്മെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനിടയിലാണ് ശാസ്ത്രത്തിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ഉയരുന്ന മുന്നറിയിപ്പുകളെ പൂർണമായും അവഗണിച്ചുകൊണ്ട് "അതിവേഗ വികസന"ത്തിന്റെ അപകട പാതയിലൂടെ സഞ്ചരിക്കുവാൻ ഭരണകൂടം ശ്രമിക്കുന്നത്.

"വികസനം" എന്ന ഓമന പേരിട്ടു വിളിക്കുന്ന സിൽവർ ലൈനും തുരങ്കപാതയും മലയോര തീരദേശ ഹൈവേകളും, നിയന്ത്രണമില്ലാതെ തുടരുന്ന നിർമ്മാണങ്ങളും പശ്ചിമഘട്ടത്തെ ആകെ തുരക്കുന്ന കരിങ്കൽ ക്വാറികളും നമ്മെ അനിവാര്യമായ ദുരന്തങ്ങളിലേക്ക് ആണ് തള്ളിവിടുക എന്ന് കൂടിയാണ് കഴിഞ്ഞ കുറച്ച് മഴക്കാലങ്ങൾ നമ്മളോട് പറയാൻ ശ്രമിക്കുന്നത്. ഇത് ഭരണകൂടങ്ങളെ ബോധ്യപ്പെടുത്താൻ നമുക്ക് ഓരോരുത്തർക്കും ബാധ്യതയുണ്ട്. 

SP Ravi

Photo courtesy: Dhruvaraj S


Related

Climate change 8988038045188293659

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -