കാക്കയും ഹെൽമെറ്റും - മലയാളം കഥ
കാക്കയുടെ അതിസാമർത്ഥ്യവും കൗശലവും നമുക്കറിയാം. പക്ഷെ മനുഷ്യന്റെ കൗശലത്തെ മാത്രം വെല്ലുവിളിക്കാനുള്ള ബുദ്ധിശക്തി കാക്കയ്ക്കുണ്ടോ? എവിടുന്ന്.....
കാക്കയുടെ അതിസാമർത്ഥ്യവും കൗശലവും നമുക്കറിയാം. പക്ഷെ മനുഷ്യന്റെ കൗശലത്തെ മാത്രം വെല്ലുവിളിക്കാനുള്ള ബുദ്ധിശക്തി കാക്കയ്ക്കുണ്ടോ? എവിടുന്ന്...
ഈ അടുത്ത് നടന്ന ഒരു കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ഒരു ദിവസം തിരക്കിട്ട്, സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് നടക്കുകയായിരുന്നു. കുറച്ച് നടന്നപ്പോൾത്തന്നെ 'ഉയ്ഷ്....' എന്ന കനത്ത ശബ്ദംകേട്ട ഭാഗത്തേക്ക് തിരിയാനൊരുങ്ങുമ്പോൾ എന്തോ തലയിൽ കൊത്തി പറന്നുപോയി. അപ്രതീക്ഷിതമായി എന്നെ ആക്രമിച്ചത് ആരാണപ്പാ എന്നറിയാൻ മുകളിലേക്ക് നോക്കിയപ്പോൾ അതാ നമ്മുടെ 'കഥാനായകൻ' എന്നെ ഇടങ്കാണിട്ടുനോക്കി അടുത്തുള്ള ഒരു മരക്കൊമ്പിലിരിക്കുന്നു. തലയിലേറ്റ കൊത്തിന്റെ അസഹനീയമായ വേദനയോടെ ഞാൻ കുറെ നേരം അതിനെ നോക്കിനിന്നു. അത് തല ചെരിച്ചും മറിച്ചും അറിയാത്തപ്പോലെ എന്റെ നേരെ ദൃഷ്ട്ടി പായിച്ചു. ഒരു ഉപദ്രവും ചെയ്യാതെ എന്നെ നോവിച്ചതിൽ എനിക്ക് കടുത്ത അമർശമുണ്ടായിരുന്നു.
"ഒരു കല്ലെടുത്തെറിഞ്ഞാലോ?"
"വേണ്ട..ക്ഷമിച്ചേക്കാം..." എന്റെ ലഘു ഹൃദയം അതിന് സമ്മതിച്ചില്ല.
വീണ്ടും കൊത്തുമോ എന്ന ഭയത്താൽ കാക്കയെതന്നെ നോക്കി മുന്നോട്ട് നടന്നു. ഞാൻ നടന്ന് മറയുവോളം അതെന്നെ തന്നെ നോക്കി ആ മരക്കൊമ്പിലിരുന്നു. അതിന്റെ മുഖത്ത് ഒരു പ്രത്യേക ഭാവമുണ്ടായിരുന്നു. പുച്ഛമാണോ അത്...? ആവോ...!
കടയിൽ എത്തി സാധനങ്ങൾ വാങ്ങി തിരികെ നടക്കുമ്പോൾ കൊത്തിന്റെ വേദന ഞാൻ മറന്നിരുന്നു. മറ്റുപല ചിന്തകളുമായി നടക്കുന്നിതിനിടയിൽ കാക്കയെയും ഞാൻ മറന്നിരുന്നു. അത് അബദ്ധമായെന്ന് തൊട്ടടുത്ത നിമിഷത്തിൽ എനിക്ക് മനസ്സിലായി. ആദ്യം എത്തിയ അതെ സ്ഥലത്ത് എത്തിയപ്പോൾ ശരവേഗത്തിൽ പറന്നുവെന്ന് കാക്ക വീണ്ടും ആഞ്ഞുകൊത്തി. ഇത്തവണ വേദന കുറച്ചുകൂടി അസഹനീയമായിരുന്നു. പൊതുവെ ജീവജാലങ്ങളോട് കാരുണ്യം വെച്ചുപുലത്തുന്ന എനിക്ക് പക്ഷെ കലശമായ ദേഷ്യം തോന്നി. പക്ഷെ രണ്ടടി മുന്നോട്ട് നടന്നപ്പോഴാണ് അത് എന്നെ കൊത്താനുള്ള കാരണം മനസ്സിലായത്. വഴിയോട് ചേർന്നുള്ള വേലിയോർത്ത് ഒരു കാക്കകുഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. മുകളിലെ കൂട്ടിൽ നിന്ന് വീണതായിരിക്കണം. അത് കണ്ടപ്പോൾ എന്റെ ദേഷ്യം കെട്ടടങ്ങി. കുഞ്ഞിനെ രക്ഷിക്കാൻ പ്രകൃതിയിലെ ഏതൊരമ്മ ചെയ്യുന്ന കാര്യമേ കാക്കയും ചെയ്തിട്ടുള്ളു. പക്ഷെ, ആ കാക്കകുഞ്ഞ് അവിടെ കിടന്നാൽ ശരിയാവില്ല. വഴിയിലൂടെ കുട്ടികളും സ്ത്രീകളും എല്ലാം നടക്കുന്നതാണ് . കാക്ക അവരെ കൊത്തി ഒരു വിധമാക്കും. എന്താ ഇതിന് ഒരു പരിഹാരം..? ഞാൻ തലപുകഞ്ഞാലോചിച്ചു.
ആഹ്..ഒരു ഐഡിയ...
പെട്ടന്നുത്തന്നെ വീട്ടിൽചെന്ന് സാധനങ്ങളെല്ലാംവെച്ച് തലയിൽ ഹെൽമറ്റും ഇട്ട് കയ്യിൽ ഒരു മുറവുമായി ഞാൻ പുറത്തിറങ്ങി. പ്രതീക്ഷിച്ചപ്പോലെ വായുവിൽ ഒരു ശബ്ദവുമുണ്ടാക്കി കാക്ക പറന്നുവന്ന് തലയിൽ ഞാൻ ധരിച്ച ഹെൽമെറ്റിൽ ആഞ്ഞുകൊത്തി. എന്താണ് സംഭവിക്കുന്നതെന്നറിയാൻ ഞാൻ കാക്കയെ നോക്കി. അത് അടുത്തുള്ള ഒരു ലൈൻകമ്പിയിൽ ചെന്നിരുന്ന് കാലുകൾ കൊണ്ട് കൊക്ക് തടവുന്നു. എന്താ തന്റെ ആയുധത്തിന് പറ്റിയതെന്ന് മനസ്സിലാവാതെ നമ്മുടെ കഥാനായകൻ ഏറെ നേരം ആ ലൈൻ കമ്പിയിൽ കൊക്കുകൾ തടവിയിരുന്നു. ഞാൻ കാക്കക്കുഞ്ഞ് കിടക്കുന്ന ദിശയിലേക്ക് നടക്കാനൊരുങ്ങിയതും വീണ്ടും അതെന്നെ ഉന്നംവെച്ച് പറന്നുവന്ന് ഹെൽമെറ്റിൽ കൊത്തി. കാര്യങ്ങൾ എന്തോ പന്തിയല്ലെന്ന് മനസ്സിലായ കാക്ക ദൂരെ ഒരു മരക്കൊമ്പിലേക്ക് പറന്നുപോയിരുന്നു. ഞാൻ കയ്യിലെ മുറവും കൊണ്ട് വഴിയരികിൽ കിടന്ന കാക്കകുഞ്ഞിനെയും എടുത്ത് വഴിയിൽ നിന്ന് ഏറെ മാറി ഒരു മരത്തിനടിയിൽ വെച്ചു. ഈ സമയത്തെല്ലാം കാക്ക എന്റെ തലയ്ക്കുമുകളിൽ തലങ്ങും വിലങ്ങും പറക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ മാറ്റിവെച്ചതും ഞാൻ പെട്ടന്നുതന്നെ അവിടെനിന്ന് സ്ഥലംകാലിയാക്കി വീട്ടിലെത്തി.
അന്ന് വൈകുന്നേരം ഫുട്‌ബോൾ കളിയ്ക്കാൻ പറമ്പിലേക്ക് നടക്കുമ്പോൾ നേരത്തെ ഇരുന്ന അതെ മരക്കൊമ്പിൽ ആ കാക്കയെ ഞാൻ വീണ്ടും കണ്ടു. കാക്കയ്ക്ക് നല്ല ഓർമശക്തിയും പകയും ഉണ്ടെന്നാണ് കേട്ടുകേൾവി. തലയിൽ ഹെൽമെറ്റ് ഇല്ലാത്തതുകൊണ്ടുത്തന്നെ ചെറിയ ഭയത്തോടെ അൽപ്പം വേഗതയോടെ ഞാൻ നടന്നുനീങ്ങി. ഇത്തവണ അതെന്റെ നേരെ പാഞ്ഞടുക്കുകയോ കൊത്തുകയോ ചെയ്തില്ല. പിന്നീട് പലപ്രാവശ്യം ഞാൻ ആ വഴിയിലൂടെ നടന്നു. പലവട്ടം അതേകൊമ്പിൽ കാക്കയെയും കണ്ടു. പക്ഷെ ഇതുവരെ കൊത്തിയിട്ടില്ല..ഇനി പിന്നീട് എപ്പോഴെലും പണി തരുമോ..? ആർക്കറിയാം...
