കാണാക്കരട്

കാണാക്കരട് ''അവനങ്ങനെ പറഞ്ഞുവെന്നത് സത്യമാണെങ്കിൽ, അതെനിക്ക് അവാർഡു കിട്ടുന്നതിന് തുല്യമാണ്. ആരെയും തോൽപ്പിക്കാതെ ഞാൻ ജയിച്ചത...


കാണാക്കരട്

''അവനങ്ങനെ പറഞ്ഞുവെന്നത് സത്യമാണെങ്കിൽ, അതെനിക്ക് അവാർഡു കിട്ടുന്നതിന് തുല്യമാണ്. ആരെയും തോൽപ്പിക്കാതെ ഞാൻ ജയിച്ചതിനു തുല്യമാണ്. "




ഉയരത്തിൽ, ഇരു നിറത്തിൽ, ഒരു കണ്ണടയുംവച്ച് വിനയഭാവത്തോടെ എന്നാൽ ആരെയും കൂസാത്ത പ്രകൃതക്കാരൻ. അവനെ എനിക്കൊന്നു പരിചയപ്പെടണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് നാളൊരുപാടായി. കക്ഷി നല്ലൊരു ചിത്രകാരനാണ്. 'ഏ സോൺ' മത്സരത്തിൽ 'ചിത്രപ്രതിഭ'യായി തിരഞ്ഞെടുത്തത് അവനെയായിരുന്നു. ഷെഹ്സാദ് നല്ലൊരു ചിത്രകാരൻ മാത്രമല്ല, മ്യുസിഷ്യനും കൂടിയാണ്. ഇതിനൊക്കെ പുറമേ നന്നായി പഠിക്കുകയും ചെയ്യും. പെൺകുട്ടികളോടൊന്നും അധികം സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് അങ്ങോട്ട്ചെന്ന് പരിചയപ്പെടാൻ ഒരു മടി, ചെറിയൊരു ധൈര്യക്കുറവ്. ഇനി കാണുമ്പോഴാവാം എന്ന് ഒരോ തവണയും കരുതും. 

വൈകി എണീക്കുക, വൈകി പുറപ്പെടുക, വൈകി കോളേജിലെത്തുക.... എല്ലാറ്റിനും ഒരു വൈകൽ. അതെന്റെ ഒരു പ്രകൃതമാണ്. കോളേജിലെത്തുവാൻ ഒരു മണിക്കൂർ ബസ്സ് യാത്ര ചെയ്യണം. ബസ്സുയാത്രയെന്നത് എനിക്കാസ്വാദ്യകരമല്ല. ബസ്സിനുള്ളിലെ മണവും, പുകയും, പൊടിയും... ആകെക്കൂടി തലകറങ്ങും. അതും എന്റെ ഒരു പ്രകൃതമാണ്. അതിനുപുറമേ ബസ്സിനുള്ളിലെ ഉന്തലും തള്ളലും. സഡൺ ബ്രേക്കിടുമ്പോൾ കമ്പികൾക്കും ആളുകൾക്കും ഇടയിൽക്കിടന്ന് ഞെരുങ്ങുന്നതും കൂടിയായാൽ പൂർണ്ണമായി. അപ്പോൾ ശരീരത്തിനുണ്ടാവുന്ന വേദനകൾ ഒന്നും എനിയ്ക്ക് ഒരിക്കലും വേദനകളായി തോന്നിയിട്ടില്ല. ഒരു രസം. എല്ലാം ഒരു രസം. പക്ഷേ പ്രിയപ്പെട്ടവരുടെ ദേഷ്യത്തോടെയുള്ള ഒരു നോട്ടത്തിനു,പോലും മുറിവിൽ മുളകുപുരട്ടുന്ന വേദനയാണ്.

ബസ്സിറങ്ങിക്കഴിഞ്ഞ്, റോഡരികിലൂടെ കാറ്റും കൊണ്ട് നടന്ന്, കോളേജ് കവാടത്തിനു മുൻപിൽ പുഞ്ചിരിതൂകിക്കൊണ്ട് എല്ലാവരെയും സ്വീകരിക്കാനായി നിൽക്കുന്ന ആ അങ്കിളിനെയും കണ്ടാൽ അൽപ്പം ഉണർച്ചയുണ്ടാവും. കവാടം കഴിഞ്ഞാൽ പിന്നെ തൊട്ടടുത്ത കെട്ടിടത്തിൽ കുറച്ച് കുട്ടപ്പന്മാർ ഇരിക്കുന്നത് കാണാം. കണ്ടാൽ, കോളേജിൽ വരുന്നവരുടെയും പോകുന്നവരുടെയും എണ്ണം എടുക്കാനാണ് അവർ അവിടെ ഇരിക്കുന്നതെന്ന് തോന്നും. പിന്നെ പുറമേയ്ക്കു ചിരിച്ചമുഖവുമായി ഒരുപാട് പേർ. കലാകാരും പഠിപ്പിസ്റ്റുകളും രാഷ്ട്രീയ തൽപ്പരരും കൊച്ചു ശാസ്ത്രജ്ഞൻമാരും ഒക്കെയടങ്ങുന്ന ഒരു വലിയ ലോകം.

                                                              ..................................................

മത്സരങ്ങൾ എനിക്ക് ഇഷ്ടമല്ല. എന്താണെന്ന് വച്ചാൽ മത്സരിച്ച് തോൽക്കുന്നത് അസഹനീയമാണ്. ചെറുതായി വരയ്ക്കാനറിയുമായിരുന്നിട്ടും കോംപറ്റീഷനുകളിൽ പങ്കെടുക്കാത്തതും അതുകൊണ്ടുതന്നെയാണ്. കോംപറ്റീഷൻ ഒരു സ്പിരിറ്റായി എടുക്കാൻ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല. അതെന്റെ കുഴപ്പമാവാം. കൂട്ടുക്കാരോട് യുദ്ധം ചെയ്യുന്നത് പോലെയാണ് തോന്നാറ്. സ്കൂളിലായിരുന്നപ്പോൾ മത്സരിച്ചിട്ടുമുണ്ട്, ജയിച്ചിട്ടുമുണ്ട്. പക്ഷേ, അതിലൊന്നും സന്തോഷിച്ചിട്ടില്ല. കാരണം, ഒപ്പം മത്സരിച്ച കൂട്ടുക്കാർ വാടിയ മുഖവുമായി തൊട്ടടുത്ത് നിൽക്കുമ്പോൾ എങ്ങനെ സന്തോഷിക്കാനാണ്? മത്സരത്തിൽ ജയിച്ചാലും വേദന, തോറ്റാലും വേദന. അപ്പോൾ പിന്നെ മത്സരം വേണ്ടെന്നുവയ്ക്കുന്നതല്ലേ നല്ലത്. മത്സരക്കഥകൾ പറയാനാണെങ്കിൽ ഒരുപാടുണ്ട്. എല്ലാറ്റിനും ഒരു നേരിയ നീറ്റലിന്റെയും ചെറിയചിരികളുടെയും ഓർമ്മയാണ്. 

പക്ഷേ, വെല്ലുവിളികൾ എനിക്കിഷ്ട്ടമാണ്. അതുകൊണ്ടാണല്ലോ ആതിരയ്ക്ക് ഞാൻ അവളുടെ മുഖചിത്രം വരച്ചുകൊടുത്തത്. അവളുടെ ഫോണിൽ മറ്റാരോ വരച്ച കുറച്ച് ചിത്രങ്ങളുടെ ഫോട്ടോ ഉണ്ടായിരുന്നു. അതിലെ ചില തെറ്റുകൾ ഞാൻ പറഞ്ഞു. 'എങ്കിലിതിനേക്കാൾ നന്നായി നീ വരയ്ക്കെടീ' എന്നായി അവൾ. അതൊരു വെല്ലുവിളിയായെടുത്താണ് അവളുടെ ചിത്രം എന്നാലാവും വിധം ഭംഗിയിൽ വരച്ചു നൽകിയത്. അതുകണ്ടപ്പോൾ അവൾക്കുണ്ടായ സന്തോഷത്തിന്റെ ചെറിയ ചിരി. അതെന്നെ വീണ്ടും വരയ്ക്കാൻ പ്രേരിപ്പിച്ചു. ഇനിയും വരയ്ക്കണം എന്നൊരു തോന്നൽ.

ഏഴാം ക്ലാസിലായിരുന്നപ്പോൾ നാരായണൻമാസ്റ്ററുടെ കണക്കുപിരീഡ് ഉറക്കത്തിന്റെ പിരീഡ് ആയിരുന്നു. എല്ലാവരും ഉറങ്ങുമ്പോൾ ഞാൻ മാത്രം ഉണർന്നിരുന്നു. സാറുടെ മുഖത്തേക്കുതന്നെ നോക്കികൊണ്ടിരുന്നു. സാറ് എന്തോ കുത്തിക്കുറിച്ച് കൊണ്ടിരിക്കുകയാണ്. ഇടുങ്ങിയ ജനലിലൂടെ വരുന്ന നേർത്ത രശ്മികൾ സാറിന്റെ മേലെത്തട്ടി തകർന്നുകൊണ്ടിരുന്നു. വെളുത്ത പേജിലെ കറുത്ത മഷിപോലെ സാറിന്റെ രൂപം വ്യക്തമായിരുന്നു. ഒരു കൗതുകത്തിനായി ഞാനാ രൂപത്തെ കണക്കുപുസ്ത്തകത്തിന്റെ അവസാനപേജിൽ വരച്ചുവെച്ചു. അതിലേക്കും സാറിന്റെ മുഖത്തേക്കും മാറി മാറി നോക്കി. കൂട്ടിയും കുറച്ചും നോക്കി. ഹരിച്ചും ഗുണിച്ചും നോക്കി. തെറ്റില്ല. വിസ്മയത്തോടെ ആ ചിത്രത്തിലേക്കുതനെ കണ്ണും പതിച്ചിരുന്ന ഞാൻ മറ്റേതോ ലോകത്തിലെത്തിയിരുന്നു. പെട്ടന്ന് കൂട്ടുക്കാരി എന്റെ ബുക്ക് തട്ടിപറിച്ചെടുത്ത് സാറെ കാണിച്ചു. സാറ് ഒരു നിമിഷം സ്തബ്ദനായോ എന്നെനിക്കറിയില്ല. പക്ഷേ, ആ പേജ് കീറിയെടുത്ത് പോക്കറ്റിലിട്ടുവെന്നതും അതു തിരികെ കിട്ടാൻ ഞാൻ വാശിപിടിച്ചുവെന്നതും, കിട്ടാതെ വന്നപ്പോൾ അപ്പോൾതന്നെ വാശിയോടെ അതേപോലെ മറ്റൊന്ന് വരച്ച് തൃപ്തയായതും എല്ലാം സത്യമാണ്. അതിപ്പോഴും ഞാൻ സൂക്ഷിച്ചുവച്ചിട്ടുമുണ്ട്.

                                              ....................................................
    
ഷെഹ്സാദിനെ കാണാറുണ്ടെങ്കിലും പരിചയപ്പെടാൻ ഇതുവരെ അവസരം കിട്ടിയിട്ടില്ല. അവന്റെ ക്ലാസിലെ ചുവരിലെ പുഴയും പുഴക്കരയിലെ മരങ്ങളും കുന്നും എല്ലാം വീണ്ടും വീണ്ടും എന്നെ മാടിവിളിക്കുന്നതായി തോന്നി. അതെല്ലാം അവന്റെ സൃഷ്ടികളാണ്. ഇംഗ്ലീഷ് പഠിക്കാൻ അവന്റെ ക്ലാസിൽ ചെല്ലുമ്പോഴെല്ലാം അവൻ കൂട്ടുക്കാരുടെ ഇടയിലാവും. ശാന്തനായി, അധികം സംസാരിക്കാതെ, നിവർന്നുമാത്രം ഇരിക്കുന്ന അവനെ കാണുമ്പോൾ ''മിസ്റ്റർ പെർഫെക്ട്'' എന്നാണ് വിളിക്കാൻ തോന്നുന്നത്. അവനോടടുത്തിടപഴകുന്ന അവന്റെ കൂട്ടുക്കാരെ അൽപ്പം അസൂയയോടെ മാത്രമേ നോക്കാൻ കഴിയുമായിരുന്നുള്ളൂ. 

വരയ്ക്കാനുള്ള എന്റെ താൽപ്പര്യം വീണ്ടും വീണ്ടും വർദ്ധിക്കുകയാണ്. ഇനിയാരെ വരയ്ക്കും? അപ്പോഴാണ് എന്റെ കൂട്ടുക്കാരൻ ആതിഷിന്റെ മുഖം മനസ്സിൽ തെളിയുന്നത്. അതെ, അവനെയും വരച്ചു. അവനത് ഫേസ്ബുക്കിലിട്ടു. അവൻ മാത്രമല്ല, ആതിരയും അങ്ങിനെത്തന്നെ ചെയ്തു. അവരുടെ ചിത്രം വരച്ചകാര്യം കൂട്ടുക്കാരെല്ലാം അറിഞ്ഞു. നന്നായിട്ടുണ്ടെന്ന് ഒരോരുത്തരും പറയുമ്പോൾ ഒരോരോ സമ്മാനങ്ങൾ പോലെയാണ് അനുഭവപ്പെട്ടത്. എന്തോ ഒരു ആഹ്ലാദം. ആരോടും മത്സരിക്കാതെ, ആരെയും വേദനിപ്പിക്കാതെ എനിക്ക് കിട്ടിയ സമ്മാനങ്ങൾ. 

എങ്കിലും മനസ്സിലെവിടെയോ അതൃപ്ത്തിയുടെ ഒരു കാണാക്കരട് അലിയാതെ കിടന്നിരുന്നു. ഒരുപാട്  പേർ പറഞ്ഞിട്ടും എനിക്ക് പൂർണ്ണമായി അംഗീകരിക്കാൻ പറ്റാത്ത കാര്യമാണത്- ഞാൻ നന്നായി വരയ്ക്കുമെന്ന കാര്യം. എല്ലാവർക്കും കഴിയാവുന്നതല്ലേയുള്ളൂ ഈ ചിത്രംവരയൊക്കെ. അല്ല അങ്ങനെയല്ല! അങ്ങനെയാണെങ്കിൽ ഷെഷ്സാദ് എങ്ങനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത്തനാവുന്നത്. ആത്മവിശ്വാസമില്ലായ്മയാണോ എന്റെ പ്രശ്നം? ഞാൻ വരയ്ച്ച ചിത്രം കണ്ടാൽ അവൻ ചിരിക്കുമായിരിക്കും. ഫേസ്ബുക്കിലുണ്ടെങ്കിൽ എന്തായാലും കണ്ടിട്ടുണ്ടാവും. വേണ്ടായിരുന്നു. 'ഇവൾ നന്നായി വരയ്ക്കും' എന്നാരെങ്കിലും പറയുമ്പോൾ അർഹിക്കാത്തതെന്തോ സ്വീകരിക്കുന്നതുപോലെ തോന്നും. മനസ്സിനെ അസ്വാസ്ഥമാക്കികൊണ്ടിരിക്കും. ഭാരം കൂടും. 

ഇരുട്ടുനിറഞ്ഞ ക്ലാസ്സുമുറിയുടെ ജനാലയുടെ പാലപുത്ത മണവുമായി തണുത്ത കാറ്റുവന്ന് തഴുകിക്കൊണ്ടേയിരുന്നു. കണ്ണുകൾ ജനാലയിലൂടെ പുറത്തേക്ക് നീണ്ടു. പാലമരം കാറ്റിൽ ഉല്ലസിച്ചുകളിക്കുകയാണ്. പൂക്കൾ പൊഴിഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ ചുവട് പച്ചപ്പരവതാനിപോലെ പരന്നുകിടന്നിരുന്നു. മനസ്സ് എന്ന പിടിച്ചുവലിച്ച് അങ്ങോട്ടുകൊണ്ടുപോവുകയാണ്. ഞാനെതിർത്തില്ല. തലയിൽ പൊഴിഞ്ഞു വീഴുന്ന പൂക്കളും തഴുകിപ്പുണരുന്ന കാറ്റും മറ്റേതോ ലോകത്തിലേക്കാനയിച്ചു. ഷെഹ്സാദ് വരച്ച ചിത്രങ്ങൾ........... 
"ടീ....." ഏകാന്തതയെ തട്ടിത്തെറിപ്പിച്ച് അവൻ കടന്നു വന്നു - ആതിഷ്. 

" എന്തെടാ?"

"ഒരു കാര്യം പറയാനുണ്ട് "

" എന്തു കാര്യം?"

" നീ... നീ നന്നായി വരയ്ക്കും. ഷെഹ്സാദിനേക്കാൾ നന്നായിട്ട് ". മനസ്സിന്റെ ഭാരം അനാവശ്യമായി ഒരു പോയന്റ് കൂടി ഉയർന്നു. എങ്കിലും ചോദിച്ചു: 

"അങ്ങനെ തോന്നിയോ?"

" തോന്നിയതല്ല, ഒരാൾ പറഞ്ഞു". വീണ്ടും ഭാരം കൂടികൊണ്ടിരിക്കുകയാണ്. ആരു പറഞ്ഞെന്ന ചോദ്യം തൊണ്ടയിൽ കുടുങ്ങികിടന്നു. കണ്ണുകൾ അവയെ രക്ഷിച്ചെടുത്ത് അവന് എറിഞ്ഞുകൊടുത്തു. എന്നിട്ട് മറുപടിക്കായി ചുണ്ടുകളെ നോക്കി. പാലപ്പൂക്കൾ പൊഴിയുന്ന മനോഹാരിതയോടെ ആ പേര് എന്റെ കാതിൽ പതിഞ്ഞു. മനസ്സിന്റെ ഭാരം ഒരോ പോയിന്റായി കുറയുന്നുണ്ടായിരുന്നു. ആ കാണാക്കരടിനേയും ഇപ്പോൾ കാണാനില്ല. പകരം പൂത്തുലഞ്ഞു നിൽക്കുന്ന ആയിരം പാലകൾ പൊട്ടിമുളച്ചു.

Related

Literature 5885228323727604538

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -