ദയവീട്
ദയവീട് മേഴ്‌സി ഹോമിലേ ഓഫീസിനകത്ത് ഇടത...
https://nilgirifoundation.blogspot.com/2017/09/malayalam-short-story_17.html
ദയവീട്
മേഴ്‌സി ഹോമിലേ ഓഫീസിനകത്ത് ഇടതടവില്ലാതെ ശബ്‌ദിച്ചുകൊണ്ടിരിക്കുന്ന ഫോൺ, കുറേനേരം ഊമയായതിൽ ആകുലപെട്ടിരിക്കുകയാണ് അമ്മിണിയമ്മ. തലേന്ന് രാത്രി സുജിത്ത് വിളിച്ച നിമിഷം മുതൽ തുടങ്ങിയതാണ് ഉറക്കമൊഴിച്ചുള്ള ഈ കാത്തിരിപ്പ്. അവൻ ആ സന്തോഷവാർത്ത അറിയിച്ചുകൊണ്ട് വിളിച്ചപ്പോൾ അമ്മിണിയമ്മക്ക് ഇരട്ടിമധുരമാണ് അനുഭവപ്പെട്ടത്. ഒന്ന്, മകൻ കൂട്ടികൊണ്ടുപോവാൻ വരുന്നു. രണ്ട്, അതും തിരുവോണതിന്......
കഴിഞ്ഞ നാലുവർഷമായി അവർ തിരുവോണം ആഘോഷിക്കുന്നത് ഈ വൃദ്ധസദനത്തിൽ തന്നെയാണ്. ഓരോ തിരുവോണതിന്റെ തലേന്നും അവർ ഈ ആവശ്യമുന്നയിക്കുമ്പോൾ അവന്റെ മറുപടി ഇതായിരിക്കും.
"അമ്മയ്ക്ക് എന്താണവിടെ ഒരു കുറവ്?
പകൽ സംസാരിച്ചിരിക്കാൻ സമപ്രായക്കാർ. രാത്രി ധ്യാനിക്കാൻ പ്രാർത്ഥനാമുറി. സ്വന്തം അമ്മയെപോലെ സ്നേഹിക്കുന്ന സിസ്റ്റർമാർ. പിന്നെ വേറെ എന്താണ് വേണ്ടത്?"
അവസാനം ഫോൺ ശബ്ദിച്ചു. രണ്ട് കുഴികളിൽ താണുപോയ അവരുടെ കണ്ണുകൾ ചലിച്ചു. സ്വന്തം ഭാരം താങ്ങാൻ കെൽപ്പില്ലാത്ത കാലുകൾ ഉപയോഗിച്ച് അടിവെച്ചടിവെച്ച് അവർ ഫോണിനരികിൽ എത്തി.
"ഹലോ.......ഹലോ, അമ്മേ...എനിക്കിന്ന് അമ്മയെ കൂട്ടികൊണ്ടുപോകാൻ വരാൻ പറ്റില്ല. തിരുവോണമായതിനാൽ അരുണിന് വിനോദയാത്ര പോയെ ഒക്കുവെന്ന് ഒരേ വാശി"
വറ്റിവരണ്ട കണ്ണീർചാലിലൂടെ വീണ്ടും കണ്ണുനീർതുള്ളികൾ പ്രവഹിച്ചു. മഞ്ഞളിച്ച ഒട്ടിയ കവിളിലൂടെ അത് താഴേക്കിറങ്ങി. അൽപ്പനേരത്തെ നിശബ്ദതക്ക് ശേഷം തിരിച്ചുകിട്ടിയ ജീവനോടെ അവർ തേങ്ങലടക്കികൊണ്ട് പറഞ്ഞു.
"വേണ്ട, ഒഴിവുകഴിവൊന്നും പറയണ്ട. ഞാൻ കുറെ നേരമായി നിന്നെ കാത്തിരിക്കുന്നു."
അവരുടെ ഫോൺ സംഭാഷണത്തിനിടയിൽ ഒരു നീണ്ട നിശബ്ദത കനംവെച്ചുവന്നു. കുറച്ചുനേരം പിന്നിട്ടപ്പോൾ മകന്റെ മനോഹരമായ ശബ്‌ദം അവർ വീണ്ടും കേട്ടു.
"ശരിയമ്മേ, ഞാൻ അൽപ്പം സമയത്തിനുള്ളിൽ വരാം"
മകന്റെ വരവും കാത്ത്, ഉമ്മറത്തെ ഗ്രില്ലിലൂടെ മുറ്റത്തേക്ക് കണ്ണുംനട്ട് അമ്മിണിയമ്മ ഇരുന്നു. പുലർച്ചെ സിസ്റ്റർമാരിട്ട പൂക്കളത്തിലൂടെയും മാവിൽ തൂങ്ങികിടക്കുന്ന ഊഞ്ഞാലിലൂടെയും ആ മിഴികൾ പാഞ്ഞു. പതിനൊന്ന് മാസം മാത്രം പ്രായമുള്ളപ്പോൾ സുജിത്തിനെ മടിയിലിരുത്തി ബാലേട്ടൻ തന്നെ ഊഞ്ഞാലാട്ടിയ ഓർമ്മകൾ അവർ അയവിറക്കി.
കാർ ഹോണടിക്കുന്ന ശബ്ദം കേട്ടപ്പോൾ അമ്മിണിയമ്മയുടെ ഹൃദയമിടിപ്പിന്റെ താളംതെറ്റി. വസ്ത്രങ്ങളും സാധനങ്ങളും നിറച്ച പെട്ടിയുമായി സിസ്റ്റർ ലിയ പുറത്തേക്ക് വന്നു.
"അമ്മ നല്ല ദിവസമാ പോകുന്നേ...ഇന്നിവിടെ ആരൊക്കെയാ അമ്മയെ കാണാൻ വരുന്നതെന്ന് അറിയോ?"
മകനെ കണ്ട ആഹ്ലാദത്തിൽ സിസ്റ്ററിന്റെ വാക്കുകൾ ഒന്നും അവർ ശ്രദ്ധിച്ചില്ല."നമ്മുക്ക് പോകാം"
വന്നപാടെ അമ്മയെ നോക്കി അയാൾ പറഞ്ഞു. " എന്തിനാ ഈ പെട്ടിയൊക്കെ? ഇവിടേക്ക് തന്നെ മടങ്ങിവരേണ്ടതല്ലേ."
സുജിത്ത് സിസ്റ്ററിന്റെ കയ്യിൽ നിന്ന് പെട്ടിവാങ്ങി അകത്തുകൊണ്ടുവെച്ച് മടങ്ങിവന്നു. അയാൾ അമ്മയുടെ കയ്യ് പിടിച്ച് കാറിലേക്ക് കയറ്റി. കാർ മേഴ്‌സി ഹോമിൽ നിന്ന് പുറപ്പെട്ടു. വൃദ്ധസദനത്തിലേ അന്ധേവാസികളായ മറ്റുഅമ്മമാർ, പൂന്തോട്ടത്തിലേ പണി നിർത്തി അമ്മിണിയമ്മയെ നോക്കി. പൂന്തോട്ടത്തിന്റെയും പച്ചക്കറിതോട്ടത്തിന്റെയും പരിചരണം അമ്മമാർക്കാണ് മദർ നൽകിയിരിക്കുന്നത്. വാർദ്ധക്യസഹചമായ ഒറ്റപെടലിന്റെ വേലിയെറ്റം കുറക്കാൻ മദർ കണ്ടുപിടിച്ച ഉപായം. ചെടികൾക്ക് വെള്ളം നനക്കുക, കള പറിക്കുക, കീടങ്ങൾ വരാതെ നോക്കുക ഇതെല്ലാമാണ് അവരുടെ പണികൾ. അമ്മിണിയമ്മക്ക് പ്രായത്തിനപ്പുറത്തെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപെട്ടതിനാൽ ഈ പണികൾപോലും ചെയ്തിരുന്നില്ല.
പട്ടണത്തിന്റെ തിരക്കുകളും ഗ്രാമത്തിന്റെ ശാന്തതയും പിന്നിട്ടു വണ്ടി ഒരു കൊച്ചുബംഗ്ലാവിലേക്ക് പ്രവേശിച്ചു. വീടും പരിസരവും അമ്മിണിയമ്മ കൗതുകത്തോടെ നിരീക്ഷിച്ചു.
വീട്ടിൽ കയറിയതും സദ്യവട്ടങ്ങൾ ഒരുക്കിവെച്ച ഒരു മേശക്കരികിലേക്കാണ് അയാൾ അമ്മയെ ആനയിച്ചത്. മരുമകൾ വർഷയും പേരമകൻ അരുണും സദ്യയുടെ മുന്നിൽ അക്ഷമരായി ഇരിക്കുന്നത് അമ്മിണിയമ്മ കണ്ടു. മരുമകൾ ഇരിക്കുന്നതിന്റെ തൊട്ടടുത്ത കസേരയിൽ അയാൾ അമ്മയെ കൊണ്ടിരിത്തി.
"അമ്മേ കഴിക്കൂ"
വർഷ സദ്യ അമ്മയുടെ അടുത്തേക്ക് നീക്കിവെച്ചതിനു ശേഷം തുടർന്നു. "അരുണിന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോകണമെന്ന്. ഇന്ന് നല്ല ദിവസമല്ലെ അതുകൊണ്ട് പോകാമെന്ന് തീരുമാനിച്ചു."
പറഞ്ഞുനിർത്തിയതും അവർ ഭർത്താവിന്റെ മുഖത്തേക്ക് തുറിച്ചുനോക്കി. അയാൾക്ക് കാര്യം മനസ്സിലായി.
"സദ്യ ഉണ്ട് അമ്മയെ മടക്കികൊണ്ടാക്കിയിട്ട് വേണം ഞങ്ങൾക്ക് പോകാൻ"
സദ്യ ഉണ്ണുന്നതിനിടയിൽ ഒരു നീരസത്തോടെ ആ വൃദ്ധ മകനെ നോക്കി. അവരുടെ തൊണ്ടക്ക് താഴത്തെക്ക് കഴിക്കുന്നതൊന്നും ഇറങ്ങുന്നില്ല. ഒരു കനം തൊണ്ടയിലും നെഞ്ചിലും പടർന്നപോലെ.....
അവർ സദ്യ മതിയാക്കി എഴുനേറ്റു. മുഴുവൻ കഴിക്കാനുള്ള സുജിത്തിന്റെ നിർബന്ധത്തിനുവഴങ്ങാതെ വാഷ്ബേസിലേക്ക് നടന്നു. മരുമകൾ പിറുപിറുക്കുന്നത് അവർ കേൾക്കാത്തപോലെ നടിച്ചു. വൃദ്ധസദനത്തിൽ ഒരേകാകിയെപോലെ ആളുകൾക്കിടയിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ അതിനേക്കാൾ ബുദ്ധിമുട്ടാണ് പ്രിയപ്പെട്ടവരുടെ ഒറ്റപെടുത്തലിനിടയിൽ ജീവിക്കാൻ....
ഭക്ഷണം മതിയായിട്ടാണോ എന്നറിയില്ല, അയാളും സദ്യ മുഴുമിപ്പിക്കാതെ വന്ന് കൈകഴുകി.
"എന്നാൽ അമ്മേ നമ്മുക്ക് പോയാലോ?" നനഞ്ഞ കൈ വീശികൊണ്ട് അയാൾ ചോദിച്ചു.
രക്തബന്ധത്തിൽ ആത്മാർത്ഥയും മൂല്യവും കല്പ്പിക്കുന്ന മകനെ നോക്കി അവർ വിഷാദചായായിൽ ഒന്ന് പുഞ്ചിരിച്ചു. അത് തന്റെ ചോദ്യത്തിനുള്ള സമ്മതംമൂളലാണെന്ന് അയാൾ കരുതി. മരണവും വ്യർത്ഥതയും ചുമന്ന് ജീവിക്കുന്ന ഉപയോഗമില്ലാത്ത തള്ളയെ തന്റെ മകന് ഇനി ആവശ്യമില്ല എന്ന് മനസിലാക്കിയതുകൊണ്ടാവാം, മടക്കയാത്രയിൽ അമ്മിണിയമ്മ ഒരക്ഷരം മിണ്ടിയില്ല....
മേഴ്‌സി ഹോമിലേക്ക് മടങ്ങിയെത്തിയ അമ്മിണിയമ്മ കാലെടുത്തുവെച്ചത് കൗമാരക്കാരുടെ ശബ്ദകോലാഹലങ്ങളിലേക്കാണ്. പൂക്കളും നൃത്തവും സംഗീതമൊക്കെയായി അമ്മമാരൊടൊപ്പം ഓണം ആഘോഷിക്കാൻ വന്ന കോളേജ് വിദ്യാർത്ഥികളായിരുന്നു അവർ....
"നോക്കു...ഇവരൊക്കെ അമ്മയോടൊപ്പം ഓണം ആഘോഷിക്കാൻ വന്നതാണ്."
അകത്തേക്ക് കയറാൻ അമ്മിണിയമ്മയുടെ കൈപിടിച്ചു സഹായിക്കുന്നതിനിടയിൽ സുജിത്ത് പറഞ്ഞു. "അമ്മയ്ക്കറിയാലോ എനിക്കൽപ്പം ധൃതിയുണ്ട്. അമ്മ അവരോടൊപ്പം പോയി എൻജോയ് ചെയ്യു."
അയാൾ കാറിലേക്ക് പാഞ്ഞു. കഴിഞ്ഞതവണ ഇതുപോലെ കൊണ്ടുവന്നാക്കി യാത്രപോലും പറയാതെ മുങ്ങിയപ്പോൾ അമ്മിണിയമ്മ പൊട്ടികരഞ്ഞിരുന്നു. അന്ന് അവരുടെ കരച്ചിൽ കണ്ട് മദറും സിസ്റ്ററും ഓടിവന്നു സമാധാനിപ്പിക്കുകയാണ് ഉണ്ടായത്. എന്നാൽ ഇന്ന് കണ്ണീർ ഗ്രന്ഥയുടെ പ്രവർത്തനം തകരാറിലായിരിക്കുന്നു. ഒരു തുള്ളി കണ്ണുനീർപോലും ആ കണ്ണിൽ നിന്ന് ഉതിർന്നില്ല.
"വരൂ അമ്മേ..നമ്മുക്ക് പാട്ടുപാടി കളിക്കാം."
അമ്മിണിയമ്മയുടെ അടുത്തേക്ക് ഓടിവന്ന രണ്ട് കോളേജ് വിദ്യാർത്ഥികൾ അവരുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.
ജീവനില്ലാത്ത പുഞ്ചിരിതൂകി, ശരീരം എന്തിവലിച്ചവർ മുന്നോട്ട് നടന്നു. ഇടനാഴിയിലൂടെ നടന്ന് വലതുവശത്തുള്ള നാലാമത്തെ വാതായനത്തിനുമുന്നിൽ അവർ നിന്നു. അത് പ്രാർത്ഥനമുറിയായിരുന്നു. മുറിക്കുള്ളിലേ ക്രിസ്തുവിന്റെ തിരുരൂപത്തിലേക്ക് നോക്കി അൽപ്പനേരം നിന്നു.
വീണ്ടും ഇടനാഴിയിലൂടെ നടന്നു. പ്രാർത്ഥനമുറി കഴിഞ്ഞുള്ള തൊട്ടടുത്ത മുറിയായിരുന്നു അമ്മിണിയമ്മയുടേത്. അവർ മുറിയിൽകയറി വാതിലടച്ചു കുറ്റിയിട്ടു. മേശപുറത്ത് വെച്ചിരുന്ന മകനോടൊത്തുള്ള ഫോട്ടോ കൈയ്യിലെടുത്ത് കട്ടിലിൽ ചെന്നിരുന്നു. ജനലിലൂടെ അരിച്ചെത്തിയ അരവെളിച്ചത്തിന്റെ സഹായത്തിൽ, ചിരിക്കുന്ന മകന്റെ മുഖതേക്ക് നോക്കുമ്പോൾ ശരീരത്തിലാകേ അസാധാരണമായ വേദനയനുഭപെട്ടു.
അവർ മകനുവേണ്ടി അനുഭവിച്ച വേദനകൾക്ക് കണക്കില്ല. നട്ടെല്ലിലും അരക്കെട്ടിലും വയറ്റിലും പടർന്നുപിടിക്കുന്ന ആദ്യത്തെ വേദന. അന്നുമുതൽ തുടങ്ങിയതാണ് അവനുവേണ്ടിയനുഭവിക്കുന്ന വേദനകളും യാതനകളും.
കാലിനടിയിൽ നിന്നൊരു തണുപ്പ് അവരുടെ ശരീരത്തിലാകേ ഇരച്ചുകയറി. അവർ പതുക്കെ കിടക്കയിലേക്ക് മറിഞ്ഞു. ആ കണ്ണുകൾ നിദ്രയിലേക്ക് ഉതിർന്നു. അവസാനത്തെ ഉറക്കം.
